ഹൈദരാബാദ്: ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ പുറത്തിറങ്ങിയ 'പൊന്നിയിൻ സെൽവൻ 2' മികച്ച പ്രതികരണങ്ങളോടെ തിയറ്റർ കീഴടക്കുന്നു. രണ്ട് ദിവസത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ് സിനിമ. ഏറെ ആകാംക്ഷയ്ക്കും കാത്തിരിപ്പിനുമൊടുവിലാണ് ചിത്രം റിലീസ് ആയത്.
'പൊന്നിയിൻ സെൽവൻ 1' 500 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. ചോള രാജവംശത്തിന്‍റെ ചരിത്രം പ്രമേയമാക്കുന്ന മണിരത്‌നം ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, തൃഷ കൃഷ്‌ണൻ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‌മി, പ്രകാശ് രാജ്, വിക്രം പ്രഭു എന്നീ നീണ്ട താരനിരയാണുള്ളത്. 3200 ലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്‌ത സിനിമ, ലോകമെമ്പാടുമുള്ള ടിക്കറ്റ് റിസർവേഷനിലൂടെ പ്രീ-സെയിൽസ് ഇനത്തിൽ മാത്രം 11 കോടിയോളം രൂപ നേടിയതായി റിപ്പോർട്ടുണ്ട്.
ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം രണ്ടാം ദിനം ഇന്ത്യയിൽ മൊത്തം 24 കോടി രൂപയാണ് ചിത്രം നേടിയത്. 2023 ഏപ്രിൽ 28നാണ് ചിത്രം റിലീസ് ആയത്. 'പൊന്നിയിൻ സെൽവൻ 1' ഇന്ത്യയിൽ മാത്രം 327 കോടി നേടിയിരുന്നു. തമിഴ്, മലയാളം, തെലുഗു, ഹിന്ദി ഭാഷയിലാണ് സിനിമ പുറത്തിറങ്ങിയത്. കൽക്കി കൃഷ്‌ണമൂർത്തി എഴുതിയ 'പൊന്നിയിൻ സെൽവൻ' എന്ന ചോള രാജകുമാരൻ അരുൾമൊഴി വർമ്മന്‍റെ കഥ പറയുന്ന ഇതിഹാസ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.