കേരള സംസ്ഥാന പുരസ്‌കാരമുൾപ്പടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം 'പല്ലൊട്ടി 90'സ് കിഡ്‌സ്' തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. നവാഗതനായ ജിതിൻ രാജ് ഒരുക്കിയ 'പല്ലൊട്ടി' 2024 ജനുവരി 5ന് തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിലെത്തും. ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് അനൗൺസ്‌മെന്‍റ് ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് 'പല്ലൊട്ടി'. കണ്ണൻ, ഉണ്ണി എന്നീ രണ്ട് കുട്ടികളുടെ നിഷ്ക്കളങ്കമായ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും കഥയാണ് ചിത്രം പറയുന്നത്. ഒപ്പം മനോഹരമായ കുട്ടിക്കാലത്തിന്‍റെ കാഴ്‌ചകളും 'പല്ലൊട്ടി 90's കിഡ്‌സ്' തിരശീലയിൽ വരച്ചുവയ്‌ക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
തൊണ്ണൂറുകളെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന, മധുരം നിറച്ചെത്തുന്ന ഈ നൊസ്റ്റാൾജിക് ചിത്രത്തിന്‍റെ കഥയും സംവിധായകൻ ജിതിൻ രാജിന്‍റേതാണ്. സിനിമാപ്രാന്തൻ ഫിലിം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയയും നിതിൻ രാധാകൃഷ്‌ണനും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമപ്രാന്തൻ ഫിലിം പ്രൊഡക്ഷൻസിന്‍റെ ആദ്യ ചിത്രം കൂടിയാണ് 'പല്ലൊട്ടി 90's കിഡ്‌സ്'.
ഇത്തവണത്തെ കേരള സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ തിളക്കമാർന്ന നേട്ടമാണ് 'പല്ലൊട്ടി 90's കിഡ്‌സ്' സ്വന്തമാക്കിയത്. മികച്ച ബാലതാരം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച പിന്നണി ഗായകൻ ഉൾപ്പെടെ മൂന്ന് അവാർഡുകൾ ഈ ചിത്രം സ്വന്തമാക്കി. കൂടാതെ ബെംഗളൂരു ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ശ്രദ്ധ നേടിയ ചിത്രം 14മത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്‌കാരവും സ്വന്തം പേരിലാക്കി.
മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. പല്ലൊട്ടിയിലെ പ്രകടനത്തിന് മികച്ച ബാല താരത്തിനുള്ള സംസ്ഥാന പുരസ്‌കാരം മാസ്റ്റർ ഡാവിഞ്ചിയെ തേടിയെത്തി. തുടക്കക്കാരായ ഒരുപറ്റം ചെറുപ്പക്കാരുടെ കൂട്ടായ്‌മ കൂടിയായിരുന്നു 'പല്ലൊട്ടി'.
സംവിധായകന് പുറമെ തിരക്കഥാകൃത്തും ക്യാമറാമാനും എഡിറ്ററും എല്ലാം നവാഗതരാണ്. ക്യാമറയ്‌ക്ക് മുന്നിലും പുതുമുഖങ്ങൾ അണിനിരന്നു. ഇവർക്കൊപ്പം അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, സുധി കോപ്പ, ദിനേശ് പ്രഭാകർ, നിരഞ്ജന അനൂപ് തുടങ്ങിയവരും പല്ലൊട്ടിയിൽ സുപ്രധാന വേഷങ്ങളിലുണ്ട്.
'മഹാറാണി' റിലീസ് തീയതി പുറത്ത്: ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'മഹാറാണി'യുടെ സെന്‍സറിങ് പൂര്‍ത്തിയായി (Maharani censorship). യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം നിർവഹിച്ച ചിത്രം നവംബര്‍ 24ന് തിയേറ്ററുകളില്‍ എത്തും.
റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരെ കൂടാതെ ബാലു വർഗീസും (Balu Varghese in Maharani) ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജോണി ആന്‍റണി, നിഷ സാരംഗ്, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, കൈലാഷ്, രഘുനാഥ് പലേരി, അശ്വത് ലാല്‍, ഗോകുലന്‍, പ്രമോദ് വെളിയനാട്, ആദില്‍ ഇബ്രാഹിം, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ശ്രുതി ജയന്‍, സ്‌മിനു സിജോ, സന്ധ്യ മനോജ്, പ്രിയ കോട്ടയം, ഗൗരി ഗോപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
READ MORE: 'മഹാറാണി' റിലീസ് തീയതി പുറത്ത്; ചിരിപ്പൂരം തീര്‍ക്കാന്‍ റോഷനൊപ്പം ഷൈന്‍ ടോം ചാക്കോയും