നിവിൻ പോളി നായകനാകുന്ന പൊളിറ്റിക്കൽ ത്രില്ലർ 'പടവെട്ട്' ഓണം റിലീസായി തിയേറ്ററുകളിലേക്ക്. സെപ്‌റ്റംബർ 2ന് ചിത്രം പ്രദര്‍ശനശാലകളിലെത്തും. മ്യൂസിക് ലേബൽ സരേഗമയുടെ സിനിമാറ്റിക് വിഭാഗമായ യോഡ്‌ലീ ഫിലിംസും സണ്ണി വെയ്‌നും ചേർന്ന് നിർമിക്കുന്ന ചിത്രം ലിജു കൃഷ്‌ണയാണ് സംവിധാനം ചെയ്യുന്നത്.
ഷൈൻ ടോം ചാക്കോ, അദിതി ബാലൻ, ഷമ്മി തിലകൻ, മനോജ് ഉമ്മൻ, രമ്യ സുരേഷ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ഒന്നുമില്ലായ്‌മയിൽ നിന്ന് ഹീറോ ആകുന്ന നായകന്‍റെ അവിശ്വസനീയ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ നിവിൻ പോളി അസാധാരണ പ്രകടനമാണ് കാഴ്‌ചവച്ചിരിക്കുന്നതെന്ന് സരേഗമ ഇന്ത്യയിലെ ഫിലിംസ് ആൻഡ് ഇവന്‍റ്സ് വൈസ് പ്രസിഡന്‍റ് സിദ്ധാർഥ് ആനന്ദ് കുമാർ പറഞ്ഞു.
പ്രതീക്ഷയുടേയും ഉയിർത്തെഴുന്നേൽപ്പിന്‍റെയും ധൈര്യത്തിന്‍റെയും കഥ പറയുന്നതാണ് ചിത്രമെന്ന് നിവിൻ പോളി പറഞ്ഞു. വടക്കൻ കേരളത്തിന്‍റെ കഥയാണ് ചിത്രം പറയുന്നതെങ്കിലും പ്രമേയത്തിന് സാർവത്രിക സ്വഭാവമുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.