മുംബൈ: മുൻ ഭാര്യ ആലിയ എന്ന സൈനബ് സിദ്ദിഖിക്കും ഭാര്യ സഹോദരൻ ഷമാസുദ്ദീൻ സിദ്ദിഖിക്കും എതിരെ മാനനഷ്‌ട കേസ് ഫയൽ ചെയ്‌ത് നവാസുദ്ദീൻ സിദ്ദിഖി. തനിക്കെതിരെ അപകീർത്തികരവും തെറ്റായതുമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ചാണ് ബോംബെ ഹൈക്കോടതിയിൽ ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്‌തത്. ജസ്റ്റിസ് റിയാസ് ചഗ്ലയുടെ സിംഗിൾ ബെഞ്ച് മാർച്ച് 30 ന് കേസ് പരിഗണിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
രേഖാമൂലമുള്ള ക്ഷമാപണം വേണം: മുൻ ഭാര്യ ആലിയയുമായുള്ള നവാസുദ്ദീൻ്റെ വിവാഹ തർക്കങ്ങൾ സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും വൈറലായിരുന്നു. നടൻ്റെ മുൻ ഭാര്യ ആലിയ തന്നെയാണ് വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. തുടർന്ന് കോടതിയെ സമീപിച്ച നടൻ തന്നെ അപകീർത്തിപ്പെടുത്തുന്ന എന്തെങ്കിലും പ്രസ്താവനകളോ പരാമർശങ്ങളോ നടത്തുന്നതിൽ നിന്ന് ആലിയയെയും, സഹോദരനെയും ശാശ്വതമായി തടയണമെന്നും ഹൈക്കോടതിയോട് അഭ്യർത്ഥിച്ചു. ഇതു കൂടാതെ തൻ്റെ മുൻ ഭാര്യയിൽ നിന്നും സഹോദരനിൽ നിന്നും രേഖാമൂലമുള്ള ക്ഷമാപണവും അദ്ദേഹം കോടതി മുഖാന്തരം ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് പ്രകാരം, നവാസുദ്ദീൻ 2008-ൽ ഷമാസുദ്ദീനെ തൻ്റെ മാനേജരായി നിയമിക്കുകയും അന്ധമായി എല്ലാ സാമ്പത്തിക ജോലികളും അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്‌തു. തുടർന്ന് ഷമാസുദ്ദീൻ നവാസുദ്ദീൻ സിദ്ദിഖിയെ വഞ്ചിക്കുകയും നടൻ്റെ പണം ഉപയോഗിച്ച് വസ്തുവകകൾ വാങ്ങുകയും ചെയ്തു എന്നതാണ് കേസ്. തട്ടിപ്പിനെക്കുറിച്ച് തിരിച്ചറിയുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തപ്പോൾ, നവാസുദ്ദീനെതിരെ കള്ളക്കേസ് ഫയൽ ചെയ്യാൻ ഷമാസുദ്ദീൻ ആലിയയെ പ്രേരിപ്പിച്ചുവെന്നും പരാതിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ആലിയയും ഷംസുദ്ദീനും തൻ്റെ സമ്പാദ്യത്തിൽ നിന്നും 21 കോടി രൂപ ദുരുപയോഗം ചെയ്തതായും നടൻ അവകാശപ്പെടുന്നു.
ആലിയയുടെ ആവശ്യം പണം മാത്രം: സ്വത്തുക്കൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഷമാസുദ്ദീനും ആലിയയും ചേർന്ന് സമൂഹമാധ്യമങ്ങളിൽ തരം താഴ്ന്ന രീതിയിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോകളും കമൻ്റുകളും അപ്പ്ലോഡ് ചെയ്‌ത് ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നാണ് നവാസുദ്ദീൻ സിദ്ദിഖിയുടെ ആരോപണം.
കുട്ടികളെ കസ്റ്റഡിയിൽ എടുക്കാൻ നവാസുദ്ദീൻ ശ്രമിച്ചെന്നും തന്നെ ബലാത്സംഗം ചെയ്തെന്നും നടൻ്റെ മുൻ ഭാര്യ ആലിയ നേരത്തെ ആരോപിച്ചിരുന്നു. അർധ രാത്രിയില്‍ തന്നെയും തൻ്റെ കുട്ടികളെയും വീട്ടിൽ കയറാൻ അനുവദിക്കാതെ നവാസുദ്ദീൻ തടഞ്ഞെന്ന് ആരോപിച്ച് മുൻപ് ആലിയ തൻ്റെ ഔദോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു.
തുടർന്ന് ഈ വീഡിയോക്ക് പ്രതികരണവുമായി നവാസുദ്ദീൻ തന്നെ രംഗത്തെത്തിയിരുന്നു. പ്രവേശനം നിഷേധിച്ചത് ആലിയക്ക് മാത്രമാണെന്നും സംഭവം നടക്കുന്ന സമയത്ത് താൻ വീട്ടിൽ ഉണ്ടായില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ് നവാസുദ്ദീൻ വിവരിച്ചത്. ആലിയയുടെ ആവശ്യം പണം മാത്രമാണെന്നും അത് കിട്ടി കഴിഞ്ഞാൽ എല്ലാ ആരോപണങ്ങളും കേസുകളും അവർ പിൻവലിക്കുമെന്നും നവാസുദ്ദീൻ തൻ്റെ കുറിപ്പിൽ പറഞ്ഞിരുന്നു.
also read: 'ടോളിവുഡിൻ്റെ രാജകുമാരന് പിറന്നാൾ ആശംസകൾ'; രാം ചരൺ ഇന്ന് ജന്മദിനം ആഘോഷിക്കുന്നു