ന്യൂഡല്‍ഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം (National film award) പ്രഖ്യാപിച്ചപ്പോൾ മലയാളത്തിനും അഭിമാനിക്കാൻ ഒരുപിടി നേട്ടങ്ങൾ. ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിൽ മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങളും ആർട്ടിസ്റ്റുകളും നേട്ടം കൊയ്‌തു. മലയാളികളുടെ പ്രിയ താരം ഇന്ദ്രന്‍സിന് (Indrans) പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. 'ഹോം' (Home) എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. 'ഹോം' ആണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.
റോജിൻ തോമസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് 'ഹോം'. ഒടിടി റിലാസായി എത്തിയ ഈ കുടുംബ ചിത്രത്തില്‍ ഇന്ദ്രൻസിനൊപ്പം ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്‌ലൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരന്നത്. വിജയ് ബാബു ആണ് ചിത്രത്തിന്‍റെ നിർമാണം.
ഉണ്ണി മുകുന്ദൻ ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങിയ 'മേപ്പടിയാന്‍' (Meppadiyan) എന്ന ചിത്രത്തിലൂടെ വിഷ്‌ണു മോഹനെ (Vishnu Mohan) മികച്ച പുതുമുഖ സംവിധായകനായി തെരഞ്ഞെടുത്തു. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം മലയാളത്തില്‍ നിന്നുള്ള 'ആവാസവ്യൂഹം' (Aavasavyuham) നേടി. കൃഷാന്ത് ആര്‍കെ സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ രാഹുല്‍ രാജഗോപാലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
സഹനടന്മാര്‍ക്കുള്ള മത്സരത്തില്‍ ഇന്ദ്രന്‍സും ജോജുവും അവസാനം വരെ ഉണ്ടായിരുന്നു. മിന്നല്‍ മുരളി, ചവിട്ട്, നായാട്ട്, അവാസവ്യൂഹം എന്നിങ്ങനെ മികച്ച സിനിമകളാണ് മലയാളത്തില്‍ നിന്നും മാറ്റുരയ്ക്കാൻ എത്തിയത്. ഇവയെല്ലാം വിവിധ വിഭാഗങ്ങളിലായി മികച്ച പ്രതികരണവും നേടിയിരുന്നു.
‘നായാട്ട്’ (Nayattu) സിനിമയിലൂടെ മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരം ഷാഹി കബീർ നേടി. മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാരം ‘ചവിട്ട്’ എന്ന മലയാള ചിത്രവും സ്വന്തമാക്കി. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രമായി മലയാളത്തില്‍ നിന്നുള്ള ‘കണ്ടിട്ടുണ്ട്’ സ്വന്തമാക്കി. മലയാളിയായ അതിഥി കൃഷ്‌ണ ദാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്‌തത്.
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായി 2021ൽ സെൻസർ ചെയ്‌ത സിനിമകളാണ് പരിഗണിച്ചത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് മത്സരിച്ചത്.
ഐഎസ്‌ആര്‍ഒ മുന്‍ ശാസ്‌ത്രജ്ഞനായ നമ്പി നാരായണന്‍റെ (Nambi narayan) ജീവിതകഥ പറയുന്ന 'റോക്കട്രി: ദി നമ്പി ഇഫക്‌ടാ'ണ് (Rocketry: The Nambi Effect) മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ആര്‍ മാധവന്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ‘സർദാര്‍ ഉദ്ദം’ ആണ് മികച്ച ഹിന്ദി ചിത്രം.
തെലുഗു താരം അല്ലു അർജുൻ (Allu Arjun) ആണ് മികച്ച നടൻ. 'പുഷ്‌പ' എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുൻ രാജ്യത്തെ മികച്ച നടനായി മാറിയത്. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സഞ്ജയ് ലീല ബൻസാലി (Sanjay Leela Bhansali) സംവിധാനം ചെയ്‌ത 'ഗംഗുഭായ് കത്യവാടി' (Gangubai Kathiawadi) എന്ന ചിത്രത്തിലൂടെ ആലിയ ഭട്ടും (Alia Bhatt) 'മിമി' (Mimi) എന്ന ചിത്രത്തിലൂടെ കൃതി സനോണും പങ്കിട്ടു.