ഉലകനായകന്‍ കമല്‍ഹാസന്‍റെ 'വിക്രം' സിനിമയ്‌ക്കായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത മള്‍ട്ടിസ്റ്റാര്‍ ചിത്രം ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. 'വിക്രം' സിനിമയിലൂടെ കമല്‍ഹാസന്‍റെ ശക്തമായ തിരിച്ചുവരവായിരിക്കും എന്നാണ് ആരാധക പ്രതീക്ഷകള്‍.
- " class="align-text-top noRightClick twitterSection" data="
">
കമല്‍ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി, നരേന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ് ഉള്‍പ്പെടെയുളള താരങ്ങളും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തരംഗമായിരുന്നു. കമല്‍ഹാസന്‍റെ നിര്‍മാണത്തില്‍ ഒരുങ്ങിയ 'വിക്രം' പാന്‍ ഇന്ത്യന്‍ റിലീസായിട്ടാണ് എത്തുന്നത്.
നിലവില്‍ ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടികളുമായി തിരക്കിലാണ് താരങ്ങള്‍. വിക്രം സിനിമയുടെ പ്രചാരണത്തിനായി കമല്‍ഹാസന്‍ കൊച്ചിയില്‍ എത്തിയിരുന്നു. ചിത്രത്തിന്‍റെ പ്രീ ലോഞ്ച് ഇവന്‍റിന് ഉലകനായകനൊപ്പം നടന്‍ നരേനും ഒപ്പമെത്തി.
കമല്‍ഹാസനൊപ്പമുളള ഒരു ചിത്രം നരേന്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുകയാണ്. ഉലകനായകനൊപ്പം വിമാനത്തില്‍ യാത്ര ചെയ്യുന്ന സമയത്ത് എടുത്ത ഒരു ചിത്രമാണ് നടന്‍ പോസ്റ്റ് ചെയ്‌തത്. 'ഞാന്‍ എന്നെന്നും മനസ്സില്‍ ചേര്‍ത്ത് വെക്കുന്ന യാത്ര' എന്ന അടിക്കുറിപ്പോടെയാണ് നരേന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.
വലിയ വരവേല്‍പ്പാണ് കൊച്ചിയിലെത്തിയ കമല്‍ഹാസനും നരേനും ലഭിച്ചത്. 'വിക്രം' സിനിമയില്‍ നടിപ്പിന്‍ നായകന്‍ സൂര്യ അതിഥി വേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്ത ആരാധകരെ സന്തോഷത്തിലാഴ്‌ത്തിയിരുന്നു. ഒരു അവാര്‍ഡ് ഷോക്കിടെ സംവിധായകന്‍ ലോകഷ് കനകരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പിന്നാലെ കമല്‍ഹാസനും അഭിമുഖങ്ങളില്‍ സൂര്യ അതിഥി വേഷത്തില്‍ അഭിനയിച്ച കാര്യം തുറന്നുപറഞ്ഞു. കൈദി, മാസ്റ്റര്‍ എന്നീ സിനിമകളുടെ വന്‍വിജയത്തിന് പിന്നാലെയാണ് ലോകഷ് കനകരാജ് കമല്‍ഹാസന്‍ ചിത്രവുമായി എത്തുന്നത്. നൂറ് ശതമാനവും ഇത് സംവിധായകന്‍റെ സിനിമയാണെന്ന് ലോകേഷ് കനകരാജ് അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞു.
ഒരു ഫാന്‍ ബോയ് സിനിമയാണ് വിക്രം എന്നാണ് സിനിമയുടെ ടീം പറഞ്ഞത്. ലോകേഷ് കനകരാജ് തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന് മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ക്യാമറ ചലിപ്പിച്ചത്. ഫിലോമിന്‍ രാജ് എഡിറ്റിങ് ചെയ്‌തിരിക്കുന്നു. അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍, ഗായത്രി ശങ്കര്‍, രമേഷ് തിലക് തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നു.
വിക്രം സിനിമയില്‍ കമല്‍ഹാസനും അനിരുദ്ധും ചേര്‍ന്ന് പാടിയ 'പത്തലെ പത്തലെ' എന്ന പാട്ട് വിവാദത്തില്‍പ്പെട്ടിരുന്നു. ഗാനത്തിനായി കമല്‍ഹാസന്‍ എഴുതിയ വരികളില്‍ ചിലത് കേന്ദ്രസര്‍ക്കാരിനെ ലക്ഷ്യം വയ്‌ക്കുന്നതാണെന്നാണ് വിവാദത്തിന് അടിസ്ഥാനം. ഉലകനായകന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്‍റെ രാഷ്ട്രീയമാണ് പാട്ടിലുളളതെന്നാണ് ഉയര്‍ന്നിരുന്ന ആക്ഷേപം.