സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്ന് നിർമ്മിച്ച സസ്‌പെന്‍സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'നല്ല നിലാവുള്ള രാത്രി' Nalla Nilavulla Rathri. ജൂണ്‍ 30നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. നവാഗതനായ മർഫി ദേവസ്സിയാണ് Murphy Devasy സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ബിനു പപ്പു, ജിനു ജോസഫ്, ഗണപതി, റോണി ഡേവിഡ് രാജ്, സജിൻ ചെറുകയിൽ, നിതിൻ ജോർജ് എന്നിവരാണ് ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം കൂടിയാണ് 'നല്ല നിലാവുള്ള രാത്രി'. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ഛായാഗ്രഹണം. ശ്യാം ശശിധരൻ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. കൈലാസ് മേനോൻ സംഗീതവും ഒരുക്കും.
ആക്ഷന്‍ കൊറിയോഗ്രഫി - രാജശേഖരൻ, കലാ സംവിധാനം - ത്യാഗു തവനൂർ, വസ്‌ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - അമൽ, പ്രൊഡക്ഷൻ കൺട്രോളർ - ഡേവിഡ്സൺ സി ജെ, ക്രിയേറ്റീവ് ഹെഡ് - ഗോപിക റാണി, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - ദിനിൽ ബാബു, സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ്, മാർക്കറ്റിങ് പ്ലാനിങ് - ഒബ്സ്ക്യൂറ എന്‍റർടെയിന്‍മെന്‍റ്, ഡിസൈൻ - യെല്ലോടൂത്ത്, പിആർഒ - പപ്പറ്റ് മീഡിയ.
ആറ് സഹപാഠികളുടെ സംഭവബഹുലമായ പുനഃസമാഗമത്തിന്‍റെ കഥയാണ് നല്ല നിലാവുള്ള രാത്രി പറയുന്നത്. ആറ് സുഹൃത്തുക്കള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഷിമോഗയില്‍ ഒത്തുകൂടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രപശ്ചാത്തലം. ഈ കഥ എഴുതുമ്പോള്‍ തന്നെ ഒരു യഥാര്‍ഥ സംഭവം സ്വാധീനിച്ചു എന്നാണ് സംവിധായകന്‍ പറയുന്നത്. മനസ്സുകളിലെ നിഗൂഢതകളിലൂടെ പറയുന്ന കഥയാണിതെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
'നല്ല നിലാവുള്ള രാത്രിയിൽ കുറച്ചുകാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. അങ്ങനെയാണ് ഈ പേരിലേക്ക് വന്നത്. ഒരേ കോളജില്‍ സഹപാഠികളായിരുന്ന സീനിയേഴ്‌സും ജൂനിയേഴ്‌സുമായ സുഹൃത്തുക്കളുടെ പുനഃസമാഗമവും പാര്‍ട്ടിയും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് പ്രമേയം. അത്യാഗ്രഹം, ചതി, വഞ്ചന, ഈഗോ എന്നിവയൊക്കെയാണ് സിനിമ പറയുന്നത്. ഇവിടെ ബിസിനസ് ചെയ്യുന്ന സുഹൃത്തുക്കളുടെ ഇടയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് പറയുന്നത്' -സംവിധായകന്‍ മർഫി ദേവസ്സി പറഞ്ഞു.
'ഭൂരിഭാഗവും രാത്രി സീനുകളാണ് ചിത്രത്തിലുള്ളത്. സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന സീനുകളാണ് അതില്‍ കൂടുതലും. ഫൈറ്റ് സീക്വന്‍സുകള്‍ ഏറെയുണ്ട്. ചില ഷോട്ടുകളിൽ എട്ടുപേരും ഉണ്ടാവും. ഒരു ഫ്രെയിമിൽ എല്ലാവർക്കും ഒരു പോലെ പെർഫോമൻസും ഉണ്ടാവും. അതുപോലെ റൗണ്ട് ടേബിൾ സീക്വൻസുകൾ....ഇതെല്ലാം ചലഞ്ചിംഗ് ആയിരുന്നു' - ഇപ്രകാരമാണ് സിനിമയുടെ മേക്കിംഗിലെ വെല്ലുവിളിയെ കുറിച്ച് മർഫി ദേവസ്സി പറയുന്നത്.
Also Read: കെട്ടുകഥകളില്‍ കുരങ്ങുന്ന കുഞ്ഞു ജീവിതങ്ങള്‍; ആദിയും അമ്മുവും നാളെ മുതല്‍ തിയേറ്ററുകളില്‍
പതിവ് ത്രില്ലറുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതാണ് നല്ല നിലാവുള്ള രാത്രി എന്നാണ് സംവിധായകന്‍ പറയുന്നത്. 'ചിത്രം സീറ്റ് എഡ്‌ജ് ത്രില്ലറാണ്. ത്രില്ലിംഗ് ചേരുവകളും ത്രില്ലിംഗ് സീനുകളും കുറച്ച് ഫൈറ്റ്‌സും മാത്രമല്ല ഈ ചിത്രം. കരുത്തുള്ള കൃത്യമായ കഥ ഉണ്ട്. എട്ടുപേരുടെയും കഥാപാത്രങ്ങള്‍ സമൂഹത്തില്‍ നമുക്ക് റിലേറ്റ് ചെയ്യാനാകും. ഇതില്‍ ആരെങ്കിലും ഒരാള്‍ നമ്മള്‍ ആവാം. ഇത് പൂർണമായും തിയേറ്റർ എക്‌സ്‌പീരിയൻസ് ചെയ്യേണ്ട സിനിമയാണ്. വിഷ്വലിനും ശബ്‌ദത്തിനും അത്രയും പ്രാധാന്യമുണ്ട്' - മർഫി ദേവസ്സി പറഞ്ഞു.