കഴിഞ്ഞ വർഷത്തെ മികച്ച സിനിമകളിൽ ഒന്നായിരുന്നു 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്'. വിനീത് ശ്രീനിവാസൻ പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്‌തത് അഭിനവ് സുന്ദർ നായക് ആണ്. ഇപ്പോഴിതാ തന്‍റെ പുതിയ സിനിമയുടെ വരവറിയിച്ചിരിക്കുകയാണ് അഭിനവ് സുന്ദർ.
'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' സിനിമ പുറത്തിറങ്ങി ഒരു വർഷം പിന്നിട്ട വേളയിലാണ് സംവിധായകൻ അഭിനവ് സുന്ദർ തന്‍റെ പുതിയ സംവിധാന സംരംഭത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് ഈ ചിത്രം നിർമിക്കുന്നത്. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട മറ്റ് കൂടുതൽ വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
അൽത്താഫ് സലിം ഒരുക്കുന്ന, ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തുന്ന 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിന് ശേഷം അടുത്ത വർഷം പകുതിയോടെയാകും അഭിനവ് സുന്ദർ നായക് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുക. ബിജു മേനോൻ നായകനായ 'തുണ്ട്', നവാഗതനായ 'നഹാസ്' ഒരുക്കുന്ന ആസിഫ് അലി - സൗബിൻ ഷാഹിർ ചിത്രം തുടങ്ങിയവ ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെതായി അണിയറയിലുണ്ട്.
വേറിട്ട പ്രമേയവുമായി എത്തി മലയാളി സിനിമാസ്വാദകർക്ക് പുത്തൻ സിനിമാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്'. പ്രമേയത്തിലെ വ്യത്യസ്‌തത പോലെ തന്നെ ചിത്രത്തിലെ വിനീത് ശ്രീനിവാസന്‍റെ പ്രകടനവും കയ്യടി നേടിയിരുന്നു. സുരാജ് വെഞ്ഞാറമ്മൂട്, ആർഷ ചാന്ദിനി ബൈജു, സുധി കോപ്പ, തൻവി റാം, ജോർജ്ജ് കോര, മണികണ്‌ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാ സെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന അഭിനേതാക്കളായി എത്തിയത്.
വിമൽ ഗോപാലകൃഷ്‍ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ എഴുതിയത്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്‌തത് നിധിൻരാജ് ആരോളാണ്. സിബിമാത്യു അലക്‌സ് ആയിരുന്നു സംഗീത സംവിധാനം.
കൗതുകം ഉണര്‍ത്തി 'നൊണ' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ: ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'നൊണ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. വളരെ കൗതുകം ഉണര്‍ത്തുന്ന പോസ്‌റ്ററിൽ ഇന്ദ്രന്‍സിനൊപ്പം നിരവധി താരങ്ങളെയും കാണാം. ഇന്ദ്രന്‍സ് തന്നെയാണ് ഫേസ്‌ബുക്ക് പേജിലൂടെ നൊണയുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് (Indrans shared Nona First Look Poster).
ഗോഡ്‌വിൻ, സതീഷ് കെ കുന്നത്ത്, ബിജു ജയാനന്ദൻ, ശ്രീജിത്ത് രവി, പ്രമോദ് വെളിയനാട്, ജയൻ തിരുമന, ശിശിര സെബാസ്റ്റ്യൻ, പ്രേമ വണ്ടൂർ, സുധ ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന സിനിമയുടെ രചന ഹേമന്ത് കുമാർ ആണ്. മിസ്‌റ്റിക്കൽ റോസ് പ്രോഡക്ഷൻസിന്‍റെ ബാനറിൽ ജേക്കബ് ഉതുപ്പ് ആണ് ഈ ചിത്രം നിര്‍മിക്കുന്നത്.