മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്‌ക്ക് പിന്നാലെ 'പഠാനെ' വിമര്‍ശിച്ച് മധ്യപ്രദേശ് നിയമസഭ സ്‌പീക്കര്‍ ഗിരീഷ് ഗൗതം. ഷാരൂഖ് ഖാന്‍ സ്വന്തം മകള്‍ക്കൊപ്പമിരുന്ന് 'പഠാന്‍' കാണണമെന്നാണ് സ്‌പീക്കര്‍ പറയുന്നത്. നിയമസഭയുടെ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ശീതകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് 'പഠാനെ' വിമര്‍ശിച്ച് ഗിരീഷ് ഗൗതം രംഗത്തെത്തിയത്.
'ഷാരൂഖ് ഖാന്‍ ഈ ചിത്രം അദ്ദേഹത്തിന്‍റെ മകള്‍ക്കൊപ്പം കാണണം. എന്നിട്ട് ഇരുവരും സിനിമ കാണുന്ന ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌ത് ഇക്കാര്യം ലോകത്തെ അറിയിക്കണം. പ്രവാചകനെ കുറിച്ച് ഇത്തരത്തില്‍ ഒരു സിനിമ എടുത്ത് അത് പ്രദര്‍ശിപ്പിക്കാനും ഞാന്‍ വെല്ലുവിളിക്കുന്നു'- ഗിരീഷ് ഗൗതം പറഞ്ഞു.
തിയേറ്ററുകളില്‍ 'പഠാന്‍' ബഹിഷ്‌കരിക്കണമെന്നും ഗിരീഷ് ഗൗതം ആഹ്വാനം ചെയ്‌തു. നിയമസഭയില്‍ ബിജെപി ഇത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. മധ്യപ്രദേശില്‍ ബിജെപി നേതാക്കളില്‍ നിന്ന് മാത്രമല്ല 'പഠാനെ'തിരെ പ്രതിഷേധം ഉയര്‍ന്നത്.
കോണ്‍ഗ്രസ് നേതാക്കളും 'പഠാന്‍' വിരുദ്ധ പ്രസ്‌താവനകളുമായി രംഗത്തെത്തിയിരുന്നു. നമ്മുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് 'പഠാന്‍' എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഡോ.ഗോവിന്ദ സിംഗ്, മുന്‍ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടത്.
'പഠാനി'ലെ 'ബേഷരം രംഗ്' ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. 'പഠാന്‍' ഗാനത്തില്‍ ദീപിക പദുക്കോണിന്‍റെ വസ്‌ത്രധാരണത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 'പഠാനി'ലെ ചില രംഗങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നാണ് നരോത്തം മിശ്ര പ്രതികരിച്ചത്.
ഇതിന് പിന്നാലെ 'പഠാന്‍' ബഹിഷ്‌കരിക്കണമെന്ന ഹാഷ്‌ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡാകാന്‍ തുടങ്ങി. 2023 ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍ എന്നിവരെ കൂടാതെ ജോണ്‍ എബ്രഹാമും 'പഠാനി'ലുണ്ട്.
Also Read: 'വിവാഹമാണ്.. പഠാന്‍ റിലീസ് മാറ്റാമോ?'; ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ഷാരൂഖ് ഖാന്‍