കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി പരിണീതി ചോപ്രയും ആം ആദ്‌മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഏറെ നാളായി ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നിലനില്‍ക്കുന്നതിനിടെ ആയിരുന്നു വിവാഹ നിശ്ചയം. ഡൽഹിയിലെ കപൂർത്തല ഹൗസിൽ ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന എൻഗേജ്‌മെൻ്റ് ചടങ്ങിൻ്റെ ഫോട്ടോകൾ നേരത്തെ തന്നെ ഇരുവരും പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ വിവാഹ നിശ്ചയ ദിവസം പകർത്തിയ കൂടുതൽ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പരിണീതി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച, എൻഗേജ്‌മെൻ്റ് ചടങ്ങിൻ്റെ ഇതുവരെ കാണാത്ത ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. മകളുടെ പിന്നിൽ ഈറനണിഞ്ഞ കണ്ണുമായി ഇരിക്കുന്ന പരിണീതിയുടെ അച്ഛന്‍ പവന്‍ ചോപ്രയുടേതുൾപ്പടെയുള്ള ചിത്രങ്ങൾ ആരാധകരുടെ ഹൃദയം കവര്‍ന്നു.
- " class="align-text-top noRightClick twitterSection" data="
">
ബോളിവുഡിലെ പ്രശസ്‌ത ഡിസൈനർ മനീഷ് മൽഹോത്ര ഒരുക്കിയ പേസ്റ്റൽ നിറത്തിലുള്ള വസ്‌ത്രം ധരിച്ചാണ് പരിണീതി വിവാഹ നിശ്ചയ ദിനത്തിൽ തിളങ്ങിയത്. എംബ്രോയ്‌ഡറി വർക്കുകൾക്ക് അപ്പുറം മറ്റ് ആഡംബരങ്ങൾ ഏതുമില്ലാത്ത വസ്‌ത്രത്തിൽ താരം കൂടുതൽ സുന്ദരിയായി കാണപ്പെട്ടു. വസ്‌ത്രത്തോടൊപ്പം മിതമായ ആഭരണങ്ങൾ മാത്രമാണ് താരം പെയർ ചെയ്‌തത്. പേസ്റ്റൽ നിറത്തിൽ തന്നെയുള്ള വസ്‌ത്രത്തിലാണ് രാഘവ് ഛദ്ദയും എത്തിയത്. ഇരുവരുടെയും സിംപിൾ ലുക്ക് തന്നെയായിരുന്നു ചടങ്ങിൻ്റെ ഹൈലൈറ്റ്.
ALSO READ: പഞ്ചാബി പാട്ടിനൊപ്പം ചുവടുവച്ച് പരിണീതിയും രാഘവും, എന്‍ഗേജ്‌മെന്‍റ് വീഡിയോ വൈറല്‍
സിഖ് ആചാര പ്രകാരമാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. അകാൽ തഖ്‌ത് സാഹിബിന്‍റെ ജതേദാർ, സിങ് സാഹിബ് ഗ്യാനി ഹർപ്രീത് സിങ് തങ്ങളെ അനുഗ്രഹിച്ചത് ഭാഗ്യമായി കരുതുന്നതായി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് പരിണീതി കുറിച്ചു. വിവാഹ നിശ്ചയത്തിലെ അദ്ദേഹത്തിന്‍റെ സാന്നിധ്യം മഹത്തരമായി കാണുന്നതായും താരം പറയുന്നു.
കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും മറ്റ് സന്ദർശകരുടെയും മുന്നിൽ ഇരുന്ന് സശ്രദ്ധം ചടങ്ങുകൾ പൂർത്തീകരിക്കുന്ന രാഘവിനെയും പരിണീതിയെയും ഫോട്ടോകളിൽ കാണാം. ആചാര പ്രകാരമുള്ള വേഷവിധാനത്തിലാണ് ഓരോ ഫോട്ടോകളിലും ഇരുവരും പ്രത്യക്ഷപ്പെടുന്നത്.
നേരത്തെ ബോളിവുഡ് ഗായകന്‍ മീക്ക സിങ്ങിൻ്റെ ആലാപനത്തിനൊപ്പം ചുവടുവയ്‌ക്കുന്ന രഘ്‌നീതി (രാഘവ്-പരിണീതി) ജോഡിയുടെ വീഡിയോ വൈറലായിരുന്നു. പഞ്ചാബി പാട്ടുകളുമായി വേദി കീഴടക്കിയ മീക്ക സിങ്ങിനൊപ്പം പരിണീതിയും രാഘവും ചേരുകയായിരുന്നു. എന്‍ഗേജ്‌മെന്‍റ് ചടങ്ങിനിടെയുളള ഇരുവരുടെയും റൊമാന്‍റിക് നിമിഷങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിച്ചു.
പരിണീതിയുടെ ബന്ധുവും നടിയുമായ പ്രിയങ്ക ചോപ്ര, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. കൂടാതെ സിനിമ-രാഷ്‌ട്രീയ മേഖലയിലെ നിരവധി പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.
ലൈം ഗ്രീൻ റഫിൽഡ് സാരിയിലും സ്ട്രാപ്‍ലസ് ബ്ലൗസിലുമാണ് പ്രിയങ്ക തിളങ്ങിയത്. ഫാഷൻ സ്റ്റോർ മിഷ്റുവിൽ നിന്നുള്ളതായിരുന്നു താരത്തിൻ്റെ സാരി. നിക്ക് ജൊനാസും പ്രിയങ്കയ്‌ക്കൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു.
ALSO READ: ആൻ ഹാത്‌വേയ്‌ക്കും സെൻഡയയ്‌ക്കുമൊപ്പം പ്രിയങ്ക; വൈറലായി ചിത്രങ്ങൾ