മോഹന്‍ലാല്‍ ലിജോ ജോസഫ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍'. പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ചിത്രീകരണം രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ പുരോഗമിക്കുകയാണിപ്പോള്‍. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
ജനുവരി 18നാണ് ചിത്രീകരണം ആരംഭിച്ചത്. 100 ദിവസമാണ് ചിത്രത്തിന്‍റെ ആകെ ഷെഡ്യൂള്‍. ഇതില്‍ 80 ദിവസവും മോഹന്‍ലാലിന്‍റെ ചിത്രീകരണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 10 മുതല്‍ 15 കോടി രൂപ വരെയാണ് ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പ്രതിഫലം.
അഞ്ച് കോടി രൂപയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതിഫലം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാകും 'മലൈക്കോട്ടെ വാലിബന്‍'. 2022 ഒക്‌ടോബറിലായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം.
ചിത്രത്തില്‍ ഒരു ഗുസ്‌തിക്കാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമ ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍' എന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറ് കോടി ബജറ്റിലാണ് 'മലൈക്കോട്ടൈ വാലിബന്‍' ഒരുങ്ങുന്നത്. യുകെയില്‍ വച്ചാകും സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ നടക്കുക.
മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തില്‍ ഹരീഷ് പേരടിയും മണികണ്‌ഠന്‍ ആചാരിയും സുപ്രധാന വേഷങ്ങളിലെത്തും. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ഉത്തരേന്ത്യന്‍ താരങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ നാനാഭാഗത്ത് നിന്നുള്ള പ്രശസ്‌ത താരങ്ങളെയാണ് സിനിമയിലേക്ക് ലിജോ ജോസ് തിരഞ്ഞെടുത്തിരിക്കുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, കന്നഡ നടനും കൊമേഡിയനുമായ ഡാനിഷ് സെയ്‌ത് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകും.
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളുടെ ഏതാനും അണിയറപ്രവര്‍ത്തകര്‍ ഈ ചിത്രത്തിന് വേണ്ടിയും ഒന്നിക്കുന്നുണ്ട്. ലിജോ ജോസിന്‍റെ 'ആമേന്' വേണ്ടി തിരക്കഥ ഒരുക്കിയ പി.എസ് റഫീക്കാണ് 'മലൈക്കോട്ടൈ വാലിബന്' വേണ്ടിയും തിരക്കഥ എഴുതിയത്. 'ചുരുളി'യുടെ ഛായാഗ്രാഹകന്‍ മധു നീലകണ്‌ഠന്‍ ആണ് ഈ സിനിമയ്‌ക്ക് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്.
ദീപു ജോസഫ് ആണ് എഡിറ്റിംഗ്. പ്രശാന്ത് പിള്ള സംഗീതവും നിര്‍വഹിക്കും. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് 'മലൈക്കോട്ടൈ വാലിബന്‍റെ' നിര്‍മാണം.
Also Read: മലൈക്കോട്ടൈ വാലിബൻ; മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തുവിട്ടു