63-ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്‍റെ മഹാനടന്‍ മോഹൻലാലിന് ആശംസ പ്രവാഹമാണ് സൈബറിടമാകെ. ചിലർ താരവുമൊത്തുള്ള അപൂർവ നിമിഷങ്ങളുടെ ഓർമകൾ അയവിറക്കുന്നുമുണ്ട്. അത്തരത്തിൽ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.
മോഹൻലാലിൻ്റെ കരിയർ ബെസ്‌റ്റ് ചിത്രങ്ങളിൽ മുൻപന്തിയിലുള്ള 'തൂവാനത്തുമ്പികളു'ടെ സെറ്റിലെ വിശേഷങ്ങളാണ് കുറിപ്പിലുള്ളത്. 'തൂവാനത്തുമ്പികളു'ടെ സ്രഷ്‌ടാവ്, പ്രണയത്തെ അതിൻ്റെ മനോഹാരിത ഒട്ടും ചോരാതെ അഭ്രപാളിയിൽ പകർത്തിയ കലാകാരൻ പത്മരാജൻ്റെ മകൻ അനന്ത പദ്‌മനാഭനാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എഴുത്തുകാരൻ കൂടിയാണ് ഇദ്ദേഹം. ഷൂട്ടിംഗ് ഇടവേളക്കിടെ പകർത്തിയ ചിത്രങ്ങളുമുണ്ട് പോസ്‌റ്റിൽ.
'അമ്മ മകന്റെ അഭിനയം കാണാൻ സെറ്റിൽ വന്ന അപൂർവ്വ നിമിഷം എന്നെഴുതിയാണ് അനന്ത പദ്‌മനാഭൻ ഫേസ്‌ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. മോഹൻലാലിൻ്റെ അഭിനയം കാണാൻ അമ്മ ശാന്തകുമാരി തൃശൂരിലെ തൂവാനത്തുമ്പികൾ സിനിമാസെറ്റിൽ വന്നതാണ് കുറിപ്പിന് ആധാരം. തൻ്റെ ജഗതിയിലുള്ള ബന്ധുവീട്ടിൽ വെച്ചാണ് താൻ ആദ്യമായി ലാലേട്ടൻ്റെ അച്ഛൻ വിശ്വനാഥൻ നായരെയും അമ്മ ശാന്ത ആന്റിയെയും കാണുന്നതെന്ന് അനന്ത പദ്‌മനാഭൻ പറയുന്നു.
പിന്നീടങ്ങോട്ട് തൻ്റെ അമ്മയും ശാന്ത ആന്റിയും നല്ല കൂട്ടുകാരികളായി മാറിയെന്നും തൃശ്ശൂർ സെറ്റിൽ അവർ കഥ പറഞ്ഞിരുന്നെന്നും കുറിപ്പിലുണ്ട്. "തൂവാനത്തുമ്പികളിലെ "മൂലക്കുരുവിന്റെ അസ്‌ക്യത" എന്ന സീനിൽ മോഹൻലാലിൻ്റെ പ്രകടനത്തിലുള്ള പ്രസന്നത അമ്മ വന്നതിന്റെതാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട് എന്നും അനന്ത പദ്‌മനാഭൻ കുറിക്കുന്നു.
'ലാലുവിന്റെ കല്യാണ ആലോചനകളും വിവാഹവു'മെല്ലാം പോസ്‌റ്റിൽ വന്നുപോകുന്നു. പ്രായം തൊടാത്ത ഉന്മേഷത്തിന്, ഊർജ്ജം ചോരാത്ത മനസ്സിന്, ദീർഘായുസ്സ്', എന്ന് കുറിച്ചുകൊണ്ടാണ് അനന്ത പദ്‌മനാഭൻ പോസ്‌റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്‌ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം: 'അമ്മ മകന്റെ അഭിനയം കാണാൻ സെറ്റിൽ വന്ന അപൂർവ്വ നിമിഷം.
1977 ലാണ് വിശ്വനാഥൻ നായർ അങ്കിളിനെയും, ശാന്ത ആന്റിയെയും അച്ഛനും അമ്മയും പരിചയപ്പെടുന്നത്. ഞങ്ങളുടെ ബന്ധു, എം. ശേഖർ എന്ന ഉണ്ണി വല്യച്ഛന്റെ ജഗതിയിലുളള വീട്ടിൽ വെച്ച്. അദ്ദേഹം സെക്രട്ടേറിയറ്റ് ലോ സെക്രട്ടറി ആയിരുന്നു. വിശ്വനാഥൻ നായർ അങ്കിളിന്റെ സഹപ്രവർത്തകൻ. അന്ന് ലാലേട്ടൻ തുടങ്ങിയിട്ടില്ല. പിന്നെയുളള വർഷങ്ങളിൽ അമ്മയും ശാന്ത ആന്റിയും നല്ല പരിചയക്കാരായി , നല്ല കൂട്ടുകാരികളും.
അന്ന് തൃശ്ശൂർ സെറ്റിൽ അമ്മയും വന്നത് കൊണ്ട് അവർക്ക് കഥ പറഞ്ഞിരിക്കാനായി. പൂജപ്പുര കഥകൾ. ഷോട്ടിനിടക്ക് ലാലേട്ടൻ വന്നു കുസൃതി പറഞ്ഞ് പോവും. ഒപ്പം അദ്ദേഹത്തിന്റെ അമ്മാവൻ രാധാകൃഷ്‌ണനും ഉണ്ട്. "തൂവാനത്തുമ്പി" കളിലെ "മൂലക്കുരുവിന്റെ അസ്ക്യത " എടുക്കുന്ന സമയം. അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും ആ പ്രകടനത്തിൽ തോന്നിയിട്ടുണ്ട്.
ശാന്ത ആന്റിയും അമ്മയുമൊന്നും ഷോട്ട് കാണാനൊന്നും നിന്നില്ല. കോളേജിന്റെ ഇടനാഴിയിൽ ഇരുന്ന് കഥ പറച്ചിൽ. "ലാലുവിന്റെ കല്യാണ ആലോചനകൾ" തന്നെ വിഷയം. ഓർമ്മ ശരിയെങ്കിൽ ഏതോ ആലോചന സംബന്ധമായി വടക്കോട്ട് പോകുന്ന വഴി മദ്ധ്യേയാണ് അമ്മയും അമ്മാവനും ഇറങ്ങിയത്. "തൂവാനത്തുമ്പികൾ " കഴിഞ്ഞ് അധികം താമസ്സിയാതെ വിവാഹവുമുറപ്പിച്ചു.
ചിത്രത്തിൽ ലാലേട്ടനും, ശാന്ത ആന്റിക്കും. രാധാകൃഷ്‌ണൻ സാറിനും ഒപ്പം അമ്മയും മാതുവും. പ്രായം തൊടാത്ത ഉന്മേഷത്തിന്, ഊർജ്ജം ചോരാത്ത മനസ്സിന്, ദീർഘായുസ്സ്', അനന്ത പദ്‌മനാഭൻ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
പത്മരാജന്റെ തന്നെ 'ഉദകപ്പോള' എന്ന നോവലിനെ ആധാരമാക്കിയായിരുന്നു 'തൂവാനത്തുമ്പികള്‍' ഒരുക്കിയത്. മോഹന്‍ലാലിന്‍റെ ഇതുവരെയുള്ള വേഷങ്ങളിൽ ഏറ്റവും മികച്ച പകർന്നാട്ടങ്ങളിൽ ഒന്നായിരുന്നു മണ്ണാറത്തൊടി ജയകൃഷ്‌ണന്‍. തൂവാനത്തുമ്പികളിലെ ഓരോ ഡയലോഗുകൾ പോലും മലയാളികൾക്ക് മനഃപാഠമാണ്. കാഴ്‌ചക്കാരുടെ ഹൃദയത്തിലേക്ക് അത്രമാത്രം ആഴ്‌ന്നിറങ്ങാൻ ഈ പത്മരാജൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ക്ലാരയേയും ജയകൃഷ്‌ണനെയും രാധയേയുമെല്ലാം കൺകോണിൽ നാം ഒളിപ്പിച്ചുനിർത്തുന്നു. മലയാളികളെ പ്രണയിക്കാന്‍ പഠിപ്പിച്ചത് പത്മരാജൻ ആണെന്നുപോലും ഒരുവേള തോന്നിപ്പോയേക്കാം. 'തൂവാനത്തുമ്പികള്‍' സിനിമയിലേക്കും പത്മരാജനെന്ന അനശ്വര കലാകാരൻ്റെ ഓർമകളിലേക്ക് കൂടിയാണ് അനന്ത പദ്‌മനാഭൻ്റെ കുറിപ്പ് വായനക്കാരെ കൊണ്ടുപോകുന്നത്.