മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ 62ാം പിറന്നാള്‍ ദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. വര്‍ഷങ്ങളായി പ്രേക്ഷകരെ വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുന്ന നടന പ്രതിഭ ഇന്നും തന്‍റെ അഭിനയസപര്യ തുടരുന്നു. മോഹന്‍ലാല്‍ സിനിമകള്‍ കാണാനുളള ആവേശവും ആകാംക്ഷയും ഇന്നും മലയാളികള്‍ക്കിടയില്‍ തുടരുന്നു. നടനായും താരമായും അദ്ദേഹം മോളിവുഡിന്‍റെ അഭിമാനമായി നിലനില്‍ക്കുകയാണ്.
മഹാനടനെ ആരാധിക്കുന്നവരില്‍ മുതിര്‍ന്നവര്‍ മുതല്‍ ചെറിയ കുട്ടികള്‍ വരെയുണ്ട്. ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനായി മികച്ച തുടക്കമാണ് നടൻ മലയാളത്തില്‍ ലഭിച്ചത്. അരങ്ങേറ്റ ചിത്രത്തിന് ശേഷം മോളിവുഡിലെ മുന്‍നിര സംവിധായകരെല്ലാം നടനെ തങ്ങളുടെ സിനിമകളില്‍ കാസ്റ്റ് ചെയ്‌തു. വില്ലനായും സഹനടനായും തുടക്കകാലത്ത് തിളങ്ങിയ താരം പിന്നീട് നായകവേഷങ്ങളിലും സജീവമായി.
പടയോട്ടം എന്ന ചിത്രത്തിലാണ് ആദ്യമായി പോസിറ്റീവായിട്ടുളള ഒരു കഥാപാത്രം മോഹന്‍ലാലിനെ ലഭിക്കുന്നത്. 1983ല്‍ ഇറങ്ങിയ ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ നടന്‍ നായകനിരയിലേക്ക് ഉയര്‍ന്നു. തിയേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ആട്ടക്കലാശത്തിന് ശേഷം മോഹന്‍ലാലിന് നായകവേഷങ്ങളില്‍ തിരക്കേറുകയായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത പൂച്ചക്കൊരു മൂക്കുത്തി പോലുളള ചിത്രങ്ങളിലൂടെ കോമഡി റോളുകളും തനിക്ക് വഴങ്ങുമെന്ന് നടന്‍ കാണിച്ചുതന്നു.
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലുളള സിനിമകള്‍ നടന്‍റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിട്ടുണ്ട്. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പിറന്നു. കൂടാതെ സിബി മലയില്‍, സത്യന്‍ അന്തിക്കാട്. തമ്പി കണ്ണന്താനം, ഐവി ശശി ഉള്‍പ്പെടെയുളള സംവിധായകരുടെ സിനിമകളിലും സൂപ്പര്‍താരത്തിന് ശ്രദ്ധേയ കഥാപാത്രങ്ങള്‍ ലഭിച്ചു.
80കളില്‍ നായകവേഷങ്ങളില്‍ തിരക്കേറിയെങ്കിലും ഇരുപതാം നൂറ്റാണ്ട്, രാജാവിന്‍റെ മകന്‍ എന്നീ രണ്ട് സിനിമകളാണ് നടനെ സൂപ്പര്‍താരമാക്കി മാറ്റിയത്. ഈ സിനിമകളെല്ലാം തിയേറ്ററുകളില്‍ വന്‍വിജയം നേടി. സൂപ്പര്‍താരപദവി ലഭിച്ച ശേഷം മലയാളത്തിലെ മിക്ക സംവിധായകരും മോഹന്‍ലാലിന്‍റെ ഡേറ്റിന് വേണ്ടി മല്‍സരിച്ചു.
മാസ് ആക്ഷന്‍ ചിത്രങ്ങള്‍ക്കൊപ്പം തന്നെ അഭിനയ പ്രാധാന്യമുളള മറ്റ് സിനിമകളും നടന്‍ ചെയ്‌തു. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് പോലുളള സിനിമകള്‍ നടന്‍റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളാണ്. ഈ സിനിമകളില്‍ എല്ലാം സാധാരണക്കാരനായുളള റോളുകളില്‍ അഭിനയിച്ച് ജീവിച്ച് നടന്‍ പ്രേക്ഷകരെ വിസ്‌മയിപ്പിച്ചു.
ജനപ്രിയ കൂട്ടുകെട്ടുകളും നടന്‍റെ കരിയറില്‍ പല തവണ ഉണ്ടായിട്ടുണ്ട്. ചില നടന്മാരുമായും മുന്‍നിര സംവിധായകരുമായുളള മോഹന്‍ലാലിന്‍റെ സിനിമകള്‍ തിയേറ്ററുകളില്‍ വന്‍വിജയം നേടി. ഇതില്‍ മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ട് മലയാളികള്‍ ഇന്നും ഏറെ ഇഷ്ടപ്പെടുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത ടിപി ബാലഗോപാലന്‍ എംഎ എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലാലേട്ടന്‍ ആദ്യമായി നേടിയത്.
26ാം വയസിലായിരുന്നു നടന്‍റെ ഈ അപൂര്‍വ നേട്ടം. കൂടാതെ 1986ല്‍ 34 സിനിമകള്‍ തുടര്‍ച്ചയായി ചെയ്‌ത് റെക്കോഡിട്ടിരുന്നു താരം. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രം എന്ന സിനിമ 58 ആഴ്‌ചകളാണ് തുടര്‍ച്ചയായി കേരളത്തിലെ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. മലയാള സിനിമയില്‍ ഇതുവരെയും തകര്‍ക്കപ്പെടാത്ത റെക്കോഡ് ആണിത്.
കിരീടത്തിലെ സേതുമാധവന്‍ എന്ന കഥാപാത്രത്തിന് 37ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ സ്പെഷ്യല്‍ ജൂറി മെന്‍ഷന്‍ പുരസ്‌കാരവും നടന് ലഭിച്ചു. 1990കളിലാണ് പ്രണവം ആര്‍ട്‌സ് എന്ന പേരില്‍ മോഹന്‍ലാല്‍ നിര്‍മാണ കമ്പനി തുടങ്ങിയത്. സിബി മലയില്‍ സംവിധാനം ചെയ്‌ത ഹിസ് ഹൈനസ് അബ്‌ദുളള ആണ് നടന്‍റെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം.
രണ്ടാമതായി നിര്‍മിച്ച ഭരതം എന്ന ചിത്രത്തിലൂടെ മികച്ച നടനുളള ദേശീയ പുരസ്‌കാരം മോഹന്‍ലാലിനെ ആദ്യമായി തേടിയെത്തി. കൂടാതെ ഫോര്‍ബ്‌സ് മാസികയുടെ 25 ഗ്രേറ്റസ്‌റ്റ് ആക്‌ടിങ് പെര്‍ഫോമന്‍സുകളില്‍ നടന്‍റെ ഈ കഥാപാത്രം ഇടംപിടിച്ചു. 1997ല്‍ ആദ്യമായി ഓസ്‌കര്‍ നോമിനേഷന്‍ നേടിയ മലയാള ചിത്രമായ ഗുരുവിലും മോഹന്‍ലാല്‍ തന്നെയാണ് നായകന്‍.
രാജീവ് അഞ്ചല്‍ സംവിധാനം ചെയ്‌ത സിനിമ നടന്‍റെ കരിയറിലെ പ്രധാനപ്പെട്ടൊരു ചിത്രമാണ്. കൂടാതെ മണിരത്നം സംവിധാനം ചെയ്‌ത ഇരുവര്‍, ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്‌ത വാനപ്രസ്‌ഥം പോലുളള സിനിമകള്‍ മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയുടെ കഴിവ് അടയാളപ്പെടുത്തിയ ചിത്രങ്ങളായിരുന്നു. 2000ത്തില്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം നരസിംഹം നടന്‍റെ കരിയറില്‍ വലിയ വിജയമായി മാറിയ ചിത്രമാണ്.
തുടര്‍ന്ന് മാസ് ചിത്രങ്ങള്‍ കൂടുതലായി നടന്‍റെ കരിയറില്‍ പുറത്തിറങ്ങിയെങ്കിലും അതില്‍ കുറച്ച് മാത്രമാണ് ബോക്സോഫീസ് വിജയം നേടിയത്. കിലുക്കത്തിലെ ജോജി, ഹേയ് ഓട്ടോയിലെ സുധി, തൂവാനത്തുമ്പികളിലെ ജയകൃഷ്‌ണന്‍, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടന്‍, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്‌ഠന്‍, തന്മാത്രയിലെ രമേശന്‍ നായര്‍, ദൃശ്യത്തിലെ ജോര്‍ജുകുട്ടി, ലൂസിഫറിലെ സ്‌റ്റീഫന്‍ നെടുമ്പളി എന്നിവയെല്ലാം ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ചില മോഹന്‍ലാല്‍ കഥാപാത്രങ്ങളാണ്.
നാല് പതിറ്റാണ്ട് പിന്നിട്ട കരിയറില്‍ മോഹന്‍ലാല്‍ ചെയ്യാത്ത കഥാപാത്രങ്ങള്‍ തന്നെ കുറവാണ്. കോമഡി ആയാലും സീരിയസ് റോളുകളായാലും എല്ലാം ഇവിടെ ഒകെയാണ്. ലാലേട്ടന്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഇഷ്‌ടപ്പെടുന്നവര്‍ ഇവിടെ ഏറെയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നടന്‍ തന്‍റെ സാന്നിദ്ധ്യം അറിയിച്ചു. അന്യഭാഷാ ചിത്രങ്ങളിലൂടെ അവിടെയുളള പ്രേക്ഷകരെയും താരം വിസ്‌മയിപ്പിച്ചിട്ടുണ്ട്.
ഇന്ന് നടന്‍ എന്നതിലുപരി താരം അഥവ ബ്രാന്‍ഡ് ആയിട്ടാണ് മോഹന്‍ലാല്‍ മാറിയിരിക്കുന്നത്. ഒരു ചിത്രത്തിന് നടന്‍ സമ്മതം മൂളുമ്പോള്‍ തന്നെ കോടിക്കണക്കിന് രൂപയുടെ ബിസിനസാണ് നടക്കുന്നത്. മലയാള സിനിമ ആദ്യത്തെ അമ്പത്, നൂറ് എന്നീ ക്ലബുകളിലെല്ലാം മോഹന്‍ലാല്‍ സിനിമകളിലൂടെയാണ് എത്തിയത്. ഇന്ന് തിയേറ്ററുകള്‍ക്ക് പുറമെ ഒടിടിയിലും നടന്‍റെ സിനിമകള്‍ റിലീസ് ചെയ്യുന്നു.
തുടര്‍ച്ചയായി പരാജയങ്ങള്‍ വന്നപ്പോഴെല്ലാം അതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവരവ് നടത്തിയിട്ടുണ്ട് മോഹന്‍ലാല്‍. ആരാധകര്‍ക്കൊപ്പം തന്നെ വിമര്‍ശകരും ഏറെയുണ്ട് താരത്തിന്. പാന്‍ ഇന്ത്യന്‍ ലെവലിലുളള സ്റ്റാര്‍ഡമാണ് ഇന്ന് മോഹന്‍ലാലിന് ഉളളത്. ഒരു ഇന്‍ഡസ്ട്രിയുടെ നെടുംതൂണായി സൂപ്പര്‍താരം തന്‍റെ ജൈത്രയാത്ര തുടരുന്നു. മലയാളത്തിന്‍റെ മഹാനടന് 62ാം പിറന്നാള്‍ ആശംസകള്‍.....