കാലങ്ങൾക്കനുസരിച്ച് മലയാള സിനിമയിലും മാറ്റങ്ങളുണ്ട്, ഭാഷ കൊണ്ടും ശൈലി കൊണ്ടും കഥാതന്തു കൊണ്ടും ഉണ്ടായ നിരവധി മാറ്റങ്ങൾ. മുന്നോട്ട് കുതിക്കുമ്പോഴും പഴയ കാലത്തേക്ക് ഒരു എത്തിനോട്ടവും മലയാള സിനിമ നടത്താറുണ്ട്. പാട്ടിന്‍റെ രൂപത്തിലാണ് അവ കൂടുതലും.
ഒരുകാലത്ത് മലയാള സിനിമയിലെ മാപ്പിളപ്പാട്ടിന്‍റെ സാന്നിധ്യം വളരെ സജീവമായിരുന്നു. തുടർച്ചയായി സിനിമയിൽ കേട്ടുകൊണ്ടിരുന്ന മാപ്പിളപ്പാട്ടുകൾ പിന്നീടെപ്പൊഴോ ഒറ്റപ്പെട്ടുപോയി. എന്നാൽ ഈ അടുത്തിറങ്ങിയ കുറച്ച് സിനിമകൾ എടുത്താലറിയാം മികച്ച ഒരു തിരിച്ചുവരവിന്‍റെ പാതയിലാണ് മാപ്പിളപ്പാട്ടുകൾ. സിനിമ കണ്ട് തിയേറ്ററിൽ നിന്നിറങ്ങുന്നവരുടെ ചുണ്ടിൽ അവർ കേട്ട മാപ്പിളപ്പാട്ടും ഉണ്ടാകും.
1954ൽ ഇറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലെ 'കായലരികത്ത് വലയെറിഞ്ഞപ്പോൾ വളകിലുക്കിയ സുന്ദരി' എന്ന ഗാനമാണ് മലയാള സിനിമയിലേക്ക് ആദ്യം എത്തിയ മാപ്പിളപ്പാട്ട്. 'പെണ്ണുകെട്ടിന് കുറിയെടുക്കുമ്പോൾ ഒരു നറുക്കിന് ചേർക്കണേ..' എന്ന വരികളിലൂടെ പാട്ടിൽ ഒളിഞ്ഞിരിക്കുന്ന പ്രണയം മലയാള സിനിമ ആദ്യമായി കേട്ടറിഞ്ഞു. പി ഭാസ്‌കരന്‍റെ എഴുത്തഴകില്‍ രാഘവൻ മാഷിന്‍റെ ആലാപനവും കൂടി ചേര്‍ന്നപ്പോള്‍ മലയാളി പ്രേക്ഷകർക്ക് അത് പുത്തൻ അനുഭവമായിരുന്നു.
പിന്നീടങ്ങോട്ട് ഭാസ്‌കരൻ മാഷിന്‍റെ തൂലികയിൽ നിന്ന് ഒരുപിടി ക്ലാസിക് മാപ്പിളപ്പാട്ടുകൾ പിറന്നു. 'ആറ്റുവഞ്ചി കടവിൽ വച്ച്..', 'ഒരു കൊട്ട പൊന്നുണ്ടല്ലോ..', 'പടച്ചവൻ പടച്ചപ്പോൾ..' എന്നിങ്ങനെ മലയാളക്കര ഏറ്റെടുത്ത നിരവധി പാട്ടുകൾ. 1961ൽ റിലീസായ കുട്ടിക്കുപ്പായം എന്ന ചിത്രത്തിലെ 'ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ..' എന്ന ഗാനത്തിന് ഇപ്പോഴും തിളക്കം എറെയാണ്. 1979ൽ റിലീസായ തേൻതുള്ളി എന്ന ചിത്രത്തിൽ പി ടി അബ്‌ദുറഹിമാൻ രചിച്ച് രാഘവൻ മാസ്റ്റർ ഈണമിട്ട 'ഓത്തുപള്ളീലന്നു നമ്മൾ..' എന്ന പാട്ട് വിരഹത്തിന്‍റെ കയ്‌പുകാലം വിവരിക്കുമ്പോള്‍ മലയാളി മനസിലേക്ക് ഇന്നും ഓടിയെത്താറുണ്ട്.
രാഘവൻ മാസ്റ്റര്‍ക്കും ഭാസ്‌കരൻ മാഷിനും പിന്നാലെ ഇതേ പാത പിന്തുടർന്ന് വയലാറും പൂവച്ചൽ ഖാദറും യൂസഫലി കേച്ചേരിയുമൊക്കെ എത്തി. 'റസൂലേ നിൻ വരവാലേ..', 'മിഴിയിണ ഞാൻ അടക്കുമ്പോൾ കനവുകളിൽ നീ മാത്രം..', 'പാവാട വേണം മേലാട വേണം..', 'പതിനാലാം രാവുദിച്ചത്..' തുടങ്ങി ആദ്യ കേൾവിയിൽ തന്നെ മലയാളക്കര നെഞ്ചേറ്റിയ മൈലാഞ്ചി മൊഞ്ചുള്ള ഗാനങ്ങൾ നിരവധിയുണ്ട്.
ബോബൻ കുഞ്ചാക്കോ സംവിധാനം ചെയ്‌ത സഞ്ചാരി എന്ന ചിത്രത്തിനുവേണ്ടി യൂസഫലി കേച്ചേരി രചിച്ച 'റസൂലേ നിൻ കനിവാലെ റസൂലേ നിൻ വരവാലേ..' എന്ന ഗാനം മലയാളികളുടെ മനസ് കീഴടക്കിയതാണ്. 'സുറുമ എഴുതിയ മിഴികളെ..', 'പതിനാലാം രാവുദിച്ചത്..', 'നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിന്..' എന്നിങ്ങനെ യൂസഫലിയുടെ തൂലികയിൽ വിരിഞ്ഞ അത്തറിൻ മണമുള്ള ഗാനങ്ങൾ.
'പാവാട വേണം മേലാട വേണം പഞ്ചാര പനങ്കിളിക്ക്..
ഇക്കാന്‍റെ കരളേ ഉമ്മാന്‍റെ പൊരുളേ മുത്താണ് നീ ഞമ്മക്ക്..'
അങ്ങാടി എന്ന ചിത്രത്തിലെ ബിച്ചു തിരുമല-ശ്യാം കൂട്ടുകെട്ടില്‍ പിറന്ന ഈ പാട്ട് പാടിയത് കെ ജെ യേശുദാസ് ആയിരുന്നു. അന്ന് ഏറെ ജനപ്രീതി നേടിയ ഗാനം ഇന്നും മലയാളിക്ക് പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണ്. ഇത്തരത്തിൽ അറുപതുകളും എഴുപതുകളും എൺപതുകളും മാപ്പിളപ്പാട്ടുകൾ അടക്കിവാണു. പിന്നീട് ആ തുടർച്ചകൾക്ക് എന്താണ് സംഭവിച്ചത്?
മലയാള സിനിമയിലേക്ക് എത്തിയ മാപ്പിളപ്പാട്ടുകളുടെ എണ്ണം വല്ലാതെ കുറഞ്ഞു. നാരായം, പരദേശി, ദൈവനാമത്തിൽ എന്നീ സിനിമകളിൽ മാപ്പിളപ്പാട്ടുകൾ എത്തിയെങ്കിലും അതിന് ഒരു തുടർച്ച ഉണ്ടായില്ല. ഇടയ്‌ക്ക് സാന്നിധ്യം അറിയിക്കാനായി മാത്രം എത്തിയ വിരലിലെണ്ണാവുന്ന ഒന്നോ രണ്ടോ ഗാനങ്ങൾ. അതിലൊന്നായിരുന്നു 1988ൽ പുറത്തിറങ്ങിയ ഐവി ശശി ചിത്രം 1921ലെ 'മുത്തുനവ രത്ന മുഖം' എന്ന ഗാനം. മോയിൻകുട്ടി വൈദ്യർ എഴുതിയ ഈ ഗാനം ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.
രണ്ടായിരത്തിന് ശേഷം ആൽബം മാപ്പിളപ്പാട്ടുകളുടെ വരവായിരുന്നു. മാപ്പിള ആൽബം പാട്ടുകൾക്ക് വലിയ ആരാധക വൃന്ദം ഉണ്ടായരുന്നെങ്കിലും അത് സിനിമകളിൽ ഇടം പിടിച്ചിരുന്നില്ല. എങ്കിലും ഈ ഗാനങ്ങൾക്ക് മലയാളികളുടെ മനസിൽ ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. കൊല്ലം ഷാഫിയും താജുദ്ധീനും സലീം കോടത്തൂരുമൊക്കെ പ്രണയത്തെയും വിരഹത്തെയും കുറിച്ച് പാടിയപ്പോൾ മലയാളികളും അതേറ്റുപാടി.
എങ്കിലും പഴയ മാപ്പിളപ്പാട്ടുകളുടെ തട്ട് താണ് തന്നെ ഇരുന്നു. എന്നാൽ, വലിയൊരു ഇടവേളക്ക് ശേഷം വീണ്ടും മാപ്പിളപ്പാട്ടുകൾ മലയാള സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. എരഞ്ഞോളി മൂസയുടെ ശബ്‌ദത്തിൽ നമ്മൾ കേട്ട 'മാണിക്യ മലരായ പൂവി..' എന്ന ഗാനം 2019ൽ ഒരു ഒരു അഡാർ ലവ് എന്ന സിനിമയ്ക്ക് വേണ്ടി വിനീത് ശ്രീനിവാസൻ ആലപിച്ചപ്പോൾ മലയാളികൾ അത് ഇരുകൈയും നീട്ടി സ്വീകരിച്ചു.
സുരേഷ് ഗോപി നായകനായി 2022 സെപ്റ്റംബറിൽ ഇറങ്ങിയ മേം ഹൂ മൂസ എന്ന ചിത്രത്തിലെ 'ആരംമ്പ തേനിമ്പ തൂമിന്നൽ തുള്ളുന്നേ..' എന്ന ഗാനവും മാപ്പിളപ്പാട്ടിന്‍റെ ശൈലി നിലനിർത്തി. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീനാഥ് ശിവശങ്കർ സംഗീതം പകർന്നപ്പോൾ മധു ബാലകൃഷ്‌ണൻ ശബ്‌ദം നൽകി.
'ആരാരും മനസിൽ നിന്നൊരിക്കലും..' എന്ന ഹിറ്റ് മാപ്പിളപ്പാട്ടും മലബാറിന്‍റെ മൊഞ്ച് വിളിച്ചോതുന്ന ചിത്രമായ സുലൈഖ മൻസിലിൽ ഇടം പിടിച്ചു. ടികെ കുട്ടിയാലി രചിച്ച് ടികെ രാമമൂർത്തി സംഗീത സംവിധാനം നിർവഹിച്ച് എംപി ഫൗസിയ ആലപിച്ച ഈ പഴയ ഗാനം മലയാളക്കര പാടി നടന്ന ലക്ഷണമൊത്ത മാപ്പിളപ്പാട്ടുകളിൽ ഒന്നായിരുന്നു. മലബാറിലെ കല്യാണ വീടുകളിൽ ഒരുകാലത്ത് തരംഗമായ ഈ പാട്ട് ഓരോ മലയാളിയും 2023ൽ വീണ്ടും ഏറ്റുപാടി.
ചിത്രത്തിലും കല്യാണ വീട്ടിലെ പാട്ടായാണ് അവതരിപ്പിച്ചിരിക്കുന്നത്. മുഹ്സിൻ പരാരി ഗാനത്തിലെ അധിക വരികൾ എഴുതി ചേർത്തപ്പോൾ വിഷ്‌ണു വിജയ് സംഗീതം നൽകി. വിഷ്‌ണു വിജയ്, വർഷ രഞ്ജിത്ത്, മീര പ്രകാശ് എന്നിവരാണ് ഗാനം ആലപിച്ചത്.
തരംഗമായി മാപ്പിള ആൽബം ഗാനങ്ങൾ : തല്ലുമാല എന്ന ചിത്രത്തിൽ വിവാഹത്തലേന്നത്തെ രാത്രി രസകരമാക്കാന്‍ കൂട്ടുകാരും കുടുംബക്കാരും വട്ടത്തിലിരുന്ന് കൈകൊട്ടിപ്പാടിയ 'ചക്കരച്ചുണ്ടിൽ തേച്ചുവച്ചൊരു പുഞ്ചിരി.. എൻ മിഴിക്കോണിൽ നോക്കി നിന്നൊരു സുന്ദരി..' എന്ന ഗാനം പുതുതലമുറ ഇരുകൈയും നീട്ടി സ്വീകരിച്ചു. പത്ത് വർഷം മുൻപ് ഹിറ്റായ കൊല്ലം ഷാഫിയുടെ ഈ ഗാനത്തിന് തല്ലുമാല നൽകിയ തിരിച്ചുവരവ് ചെറുതൊന്നുമായിരുന്നില്ല.
ഒരുകാലത്ത് കല്യാണവീടുകളിൽ തകർത്താടിയ മറ്റൊരു പാട്ടായിരുന്നു സലീം കോടത്തൂർ എഴുതി ആലപിച്ച 'എത്രനാള് കാത്തിരുന്നു ഒന്നു കാണുവാൻ..' എന്ന ആൽബം മാപ്പിളപ്പാട്ട്. ഇതിന്‍റെ പുനരാവിഷ്‌കരിച്ച പാട്ടും സുലൈഖ മൻസിൽ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. വിഷ്‌ണു വിജയ് ആണ് സംഗീത സംവിധാനം നിർവഹിച്ച്, ഗാനം ആലപിച്ചത്. വിവാഹ വീട്ടിലെ നിറങ്ങളും ലുക്‌മാന്‍റെ ചുവടുകളും ഗാനത്തിന് ദൃശ്യഭംഗി കൂട്ടി. നാടന്‍പാട്ടുകള്‍ പോലെ തന്നെ സംഗീതാസ്വാദകര്‍ നെഞ്ചേറ്റിയ പാട്ട് വിഭാഗമാണ് മാപ്പിളപ്പാട്ടുകള്‍. മണ്‍മറഞ്ഞ മാപ്പിളപ്പാട്ടുകള്‍ മലയാള സിനിമയിലേക്ക് പത്തരമാറ്റ് തിളക്കത്തോടെ തിരിച്ചെത്തുമ്പോള്‍ മലയാളിയുടെ പാട്ടിഷ്‌ടങ്ങളിലേക്ക് ചേക്കേറുകയാണ് ഇവ.