മണി രത്നത്തിന്‍റെ സ്വപ്‌ന പദ്ധതിയായ പീരിയഡ് ആക്ഷൻ ചിത്രം 'പൊന്നിയിൻ സെൽവൻ: ഭാഗം 2'ലെ ആദ്യ ഗാനം പുറത്ത്. ചിത്രത്തിലെ 'റുവാ റുവാ' എന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗായിക ശിൽപ റാവുവും പ്രൊഡക്ഷൻ ഹൗസ് ടിപ്‌സും ചേര്‍ന്നാണ് ഇക്കാര്യം ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
''റുവാ റുവാ' മുഴുവന്‍ വീഡിയോ ഗാനം പുറത്തിറങ്ങി. എആര്‍ റഹ്മാന്‍ സര്‍, ഗുല്‍സാര്‍ സാഹിബ്, മണിരത്നം സര്‍ എന്നിവരോട് വലിയ ബഹുമാനവും നന്ദിയും. ഇതൊരു പ്രണയ ഗാനമാണ്. സ്നേഹിക്കൂ. അതിനാല്‍ എല്ലാവരും ഇതിനെ സ്‌നേഹിക്കു സുഹൃത്തുക്കളെ..' -ഇപ്രകാരം കുറിച്ച് കൊണ്ടാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ഗുൽസാറിന്‍റെ വരികള്‍ക്ക് എ ആർ റഹ്മാന്‍റെ സംഗീതത്തിന് ശിൽപ റാവു ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം പുറത്തു വിട്ടതിന് പിന്നാലെ ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയർ ഇമോജികളും കൊണ്ട് ആരാധകര്‍ കമന്‍റ് ബോക്‌സ് നിറച്ചു.
'മാം, ഈ ഗാനം ശരിക്കും നിങ്ങളുടെ ശബ്‌ദത്തിൽ വളരെ സാന്ത്വനവും ഉജ്ജ്വലവുമാണ്,' -ഒരു ആരാധകന്‍ കുറിച്ചു. 'വൗ മനോഹരമായ ശബ്‌ദം.' -മറ്റൊരാള്‍ കുറിച്ചു. 'നിങ്ങൾ തികച്ചും അത്‌ഭുതമാണ് ശില്‍പ റാവു'- ഇപ്രകാരമായിരുന്നു മറ്റൊരു ആരാധകന്‍റെ കമന്‍റ്.
സംവിധായകൻ മണി രത്‌നത്തിനൊപ്പമുള്ള ശിൽപ റാവുവിന്‍റെ ആദ്യ ഗാനമാണിത്. 'പൊന്നിയിന്‍ സെല്‍വന്‍ 2' ലെ 'റുവാ റുവാ' ഗാനത്തെ കുറിച്ച് ഗായികയ്‌ക്കും ചിലത് പറയാനുണ്ട്. മണി രത്നത്തിന്‍റെ സിനിമകൾ കണ്ട് വളർന്ന തനിക്ക് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാന്‍ കഴിഞ്ഞത് തികഞ്ഞ ബഹുമതിയാണെന്നാണ് ശില്‍പ റാവു പറയുന്നത്.
'എആർ റഹ്മാൻ സാറിനും മണിരത്‌നം സാറിനും വേണ്ടി പാടുക എന്നത് ഒരു ബഹുമതിയാണ്. മണി സാറിന്‍റെ സിനിമകൾ കണ്ട് വളർന്നവരിൽ ഒരാളാണ് ഞാന്‍. ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാന്‍ കഴിഞ്ഞത് തികഞ്ഞ ബഹുമതിയാണ്. സിനിമയിലെ താരനിര തന്നെ അതിശയിപ്പിക്കുന്നതാണ്. വളരെ മനോഹരമായ ക്രമീകരണത്തിലാണ് ഈ പ്രണയഗാനം ഒരുക്കിയിരിക്കുന്നത്.
ഇതുപോലൊന്ന് ഞാൻ ഇതുവരെ പാടിയിട്ടില്ല, എനിക്ക് ഇത് വളരെ പുതുമയുള്ളതായി തോന്നുന്നു. റഹ്മാൻ സാർ ശരിക്കും വളരെ മനോഹരമായി തന്നെ ഈ ഗാനം ഒരുക്കി. മനോഹര താളമുള്ള സംഗീതം പാടാൻ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ എന്നത്തെയും പോലെ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. ഗുൽസാർ സാഹബ് ആണ് ഗാന രചന. ഇത്തരം ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു. ഈ ഗാനത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു തികഞ്ഞ ബഹുമതിയായി ഞാൻ കരുതുന്നു.' -ശില്‍പ റാവു കുറിച്ചു.
കിംഗ് ഖാന്‍റെ 'പഠാനി'ലെ വിവാദമായ 'ബേഷരം രംഗ്' ആലപിച്ചതും ശില്‍പ റാവു ആയിരുന്നു. ഒരു പുതിയ ഗാനം പരീക്ഷിക്കുന്നതിനെ കുറിച്ചും ശിൽപ പറഞ്ഞു. 'എന്‍റെ കരിയറിലെ 16 വർഷത്തിനിടയിൽ ഇത്തരമൊരു ഗാനം ഞാൻ പാടിയിട്ടില്ല. ഓരോ തവണയും നിങ്ങൾ ഒരു പുതിയ ഗാനം പാടുമ്പോള്‍ നിങ്ങളെ കുറിച്ച് പുതിയ എന്തെങ്കിലും കണ്ടെത്തുന്നത് പോലെയാണ് എനിക്ക് ഇതിനെക്കുറിച്ച് തോന്നിയത്. എന്‍റെ 5000% ഞാൻ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ അത് വളരെ നന്ദായി. എന്നെപ്പോലെ എല്ലാവരും ഈ ഗാനം ഇഷ്‌ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' -ശില്‍പ റാവു പറഞ്ഞു.
കൽക്കി കൃഷ്‌ണമൂർത്തിയുടെ തമിഴ് ചരിത്ര നോവലായ പൊന്നിയിന്‍ സെല്‍വനെ ആധാരമാക്കി മണിരത്നം അതേ പേരില്‍ സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. എആര്‍ റഹ്മാന്‍ ആണ് പൊന്നിയിന്‍ സെല്‍വന്‍ 2ന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
വിക്രം, തൃഷ കൃഷ്‌ണൻ, കാർത്തിക് ശിവകുമാർ, ജയം രവി, ഐശ്വര്യ റായ് ബച്ചൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രമും ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായിയും ഇതാദ്യമായല്ല ഒന്നിച്ചെത്തുന്നത്. 2010ൽ പുറത്തിറങ്ങിയ 'രാവൺ' എന്ന ചിത്രത്തിന് ശേഷം വിക്രമും ഐശ്വര്യയും ഒന്നിച്ചെത്തുന്ന മൂന്നാമത്തെ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'.
സിനിമയില്‍ ഇരട്ട വേഷത്തിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെടുന്നത്. മന്ദാകിനി ദേവി, പ്രതികാരം ചെയ്യാനുള്ള ദൗത്യമായി നീങ്ങുന്ന പഴുവൂരിലെ രാജകുമാരി നന്ദിനി രാജ്ഞി എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുക.
2023 ഏപ്രിൽ 28നാണ് ചിത്രം റിലീസ് ചെയ്യുക. മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായാണ് ഈ ബിഗ് ബജറ്റ് ചിത്രം റിലീസിനെത്തുന്നത്.
Also Read: പൊന്നിയിന്‍ സെല്‍വന്‍ 2 ടീസര്‍ പുറത്ത്; ടീസറില്‍ ഒളിപ്പിച്ച് റിലീസ്