മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ പിറന്നാൾ ആയിരുന്നു സെപ്റ്റംബര്‍ ഏഴിന്. സിനിമാലോകവും ആരാധക വൃന്ദവും താരത്തെ ആശംസകൾകൊണ്ട് മൂടിയപ്പോൾ വരാനിരിക്കുന്ന പുത്തൻ സിനിമകളുടെ അപ്‌ഡേഷനുകളാണ് മെഗാസ്റ്റാർ അവർക്കായി തിരികെ നൽകിയത്. അക്കൂട്ടത്തില്‍ ഏവരുടെയും കണ്ണിലുടക്കിയ ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉണ്ടായിരുന്നു.
ആദ്യ കാഴ്‌ചയിൽ തന്നെ കാണികളിൽ അത്ഭുതവും ആകാംക്ഷയും ഒരുപോലെ ഉണർത്തിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്‍റെ പോസ്റ്ററായിരുന്നു അത് (Bramayugam First Look Poster). കറ പിടിച്ച പല്ലുകളും നര കയറിയ താടിയും മുടിയുമൊക്കെയായി ഇതുവരെ കാണാത്ത ഗെറ്റപ്പിലായിരുന്നു പോസ്റ്ററിൽ മമ്മൂട്ടി. ഇപ്പോഴിതാ 'ഭ്രമയുഗ'ത്തിന്‍റെ മമ്മൂട്ടിയുടെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായതായി അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ ( Mammootty's Bramayugam Movie Packup).
ഓഗസ്റ്റ് 17ന് ആരംഭിച്ച ഷൂട്ടിങ് 31 ദിവസം കൊണ്ടാണ് പൂര്‍ത്തിയായിരിക്കുന്നത് (Bramayugam Shooting Over). മമ്മൂട്ടിയെ വേറിട്ട രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുന്ന ചിത്രം രാഹുല്‍ സദാശിവനാണ് സംവിധാനം ചെയ്യുന്നത്. ഹൊറര്‍ ത്രില്ലര്‍ ജോണറിലാണ് ഈ ചിത്രം ഒരുക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസ്, നൈറ്റ് ഷിഫ്‌റ്റ് സ്‌റ്റുഡിയോസും വൈ നോട്ട് സ്‌റ്റുഡിയോസും ചേര്‍ന്നാണ് ഭ്രമയുഗം നിർമിക്കുന്നത്. നൈറ്റ് ഷിഫ്‌റ്റ് സ്‌റ്റുഡിയോസും വൈ നോട്ട് സ്‌റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്.
സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്‌ടിച്ച് കൊണ്ടായിരുന്നു 'ഭ്രമയുഗം' ഫസ്റ്റ് ലുക്ക് പോസ്റ്ററിന്‍റെ വരവ്. സമീപകാലത്ത് വ്യത്യസ്‌തങ്ങളായ സ്‌ക്രിപ്‌റ്റുകളുടെ തിരഞ്ഞെടുപ്പുകളിലൂടെയും പ്രകടനത്തിലൂടെയും കാണികളെ ആവേശം കൊള്ളിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രവും മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
ഷെയ്‌ൻ നിഗം, രേവതി എന്നിവർ വേഷമിട്ട 'ഭൂതകാലം' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍. പ്രശസ്‌ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്‌ണനാണ് സംഭാഷണം ഒരുക്കുന്നത് എന്നതും ഭ്രമയുഗത്തിന്‍റെ പ്രത്യേകതയാണ്. ഒരു ദുര്‍മന്ത്രവാദിയായാകും മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോർട്ടുകൾ.
മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും ഒരേസമയം ഭ്രമയുഗം റിലീസ് ചെയ്യും. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. കൊച്ചി, ഒറ്റപ്പാലം എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.
ഷെഹനാദ് ജലാലാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഷഫീക്ക് മുഹമ്മദ് അലി എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്‌റ്റോ സേവ്യര്‍ ആണ്. സിനിമയുടെ റിലീസ് സംബന്ധിച്ച വിവരങ്ങൾ അണിയറ പ്രവർത്തകർ ഇതുവരെ പങ്കുവച്ചിട്ടില്ല.