മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അടുത്തിടെ പുറത്തുവന്ന 'റോഷാക്ക്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ തരംഗമായിരുന്നു. 'കെട്ട്യോളാണ് എന്‍റെ മാലാഖ' സിനിമയുടെ വിജയത്തിന് ശേഷം സംവിധായകന്‍ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോഷാക്ക്'. നിഗൂഢതകള്‍ നിറഞ്ഞ സിനിമയുടെ ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി. സൈക്കോ ത്രില്ലര്‍ സ്വഭാവമെന്ന് തോന്നിക്കുന്ന ഫസ്‌റ്റ് ലുക്കായിരുന്നു റോഷാക്ക് സിനിമയുടെതായി വന്നത്.
- " class="align-text-top noRightClick twitterSection" data="
">
എന്നാല്‍ ചിത്രത്തിലെ തന്‍റെ റോള്‍ സൈക്കോ കഥാപാത്രമല്ലെന്ന് അടുത്തിടെ ഒരഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നു. 'സൈക്കോ ട്രീറ്റ്‌മെന്‍റാണ് ചിത്രത്തിലുളളത്. അത്രയേയുളളൂ. സിനിമയിലെ കഥ വേറെയാണ്. ഇതുമായിട്ട് കണക്‌ട് ചെയ്‌ത് നോക്കേണ്ടതുണ്ട്. സിനിമയുടെ ഉളളടക്കത്തെ കുറിച്ച് ഈ ഘട്ടത്തില്‍ കൂടുതല്‍ പറയാനാകില്ലെന്നുമാണ്' മമ്മൂട്ടി പറഞ്ഞത്.
'റോഷാക്ക്' ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി നടത്തിയ ഫോട്ടോഷൂട്ടിന്‍റെ മേക്കിങ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി തന്നെയാണ് ഇതിന്‍റെ വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചത്. വീഡിയോയില്‍ മമ്മൂട്ടിക്കൊപ്പം ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരെയും കാണാം.
ഫസ്‌റ്റ് ലുക്ക് പുറത്തുവന്നതിന് പിന്നാലെ റോഷാക്ക് എന്ന വാക്കിനെ കുറിച്ച് പലരും ഇന്‍റര്‍നെറ്റില്‍ തിരക്കിയിരുന്നു. ആളുകളെ മനശാസ്‌ത്രപരമായി വിശകലനം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു ടെസ്റ്റാണ് റോഷാക്ക്. സ്വിസ് സൈക്കോളജിസ്റ്റ് ഹെര്‍മന്‍ റോഷാക്കിന്‍റെ പേരിലാണ് ഈ ടെസ്റ്റ് അറിയപ്പെടുന്നത്. 1960കളില്‍ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന പ്രോജക്‌ടീവ് ടെസ്റ്റാണ് റോഷാക്ക്.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയില്‍ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്‍റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് സമീര്‍ അബ്‌ദുളളയാണ് റോഷാക്കിനും തിരക്കഥ എഴുതിയത്.
കുറുപ്പ് ഛായാഗ്രാഹകന്‍ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന സിനിമയ്‌ക്ക് കിരണ്‍ ദാസ് എഡിറ്റിങും മിഥുന്‍ മുകുന്ദന്‍ സംഗീതവും നിര്‍വഹിക്കുന്നു. ഭീഷ്‌മപര്‍വം, പുഴു എന്നീ ശ്രദ്ധേയ സിനിമകള്‍ക്ക് ശേഷമുളള മമ്മൂട്ടി ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.