തിരുവനന്തപുരം: മലയാളികളുടെ ഹാസ്യ നടന്‍ കൊച്ചു പ്രേമന്‍റെ സംസ്‌കാരം ഇന്ന്. ഇന്ന് രാവിലെ 11 മണി മുതൽ 12 വരെ ഭാരത് ഭവനിലാണ് പൊതുദർശനത്തിന് വയ്ക്കുക. ശേഷം ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കരിക്കും.
സിനിമ, സീരിയൽ രംഗത്തുള്ളവർ വീട്ടിലെത്തി നടന് ആദരാഞ്ജലി അർപ്പിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് ശനിയാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അന്ത്യം. തിരുമല വലിയവിളയിലെ 'ചിത്തിര'യിൽ ഉച്ച കഴിഞ്ഞ് ഭക്ഷണം കഴിക്കുമ്പോൾ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടൻ തന്നെ മകൻ ഹരികൃഷ്‌ണനും മരുമകൾ റഷ്‌ലിയും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അദ്ദേഹത്തിന് മരണം സംഭവിച്ചു.
കെ.എസ് പ്രേം കുമാര്‍ എന്നാണ് അദ്ദേഹത്തിന്‍റെ യഥാര്‍ഥ നാമം. 1979ലാണ് കൊച്ചു പ്രേമന്‍ സിനിമയിലെത്തുന്നത്. 43 വര്‍ഷമാണ് അദ്ദേഹം മലയാള സിനിമയ്‌ക്കായി സംഭാവന നല്‍കിയത്. 43 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കുമായി അദ്ദേഹം സമ്മാനിച്ചത് നൂറോളം സിനിമകള്‍. ഇക്കാലയളവില്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ പതിഞ്ഞ നിരവധി കഥാപാത്രങ്ങള്‍.
ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനി സ്‌ക്രീനിലും നിറസാന്നിധ്യമായിരുന്നു കൊച്ചു പ്രേമന്‍. കൊച്ചുപ്രേമന്‍ എന്നാണ് സിനിമയിലെ പേര്. നടന്‍ തന്നെയാണ് കെ.എസ് പ്രേംകുമാര്‍ എന്ന പേര് കൊച്ചുപ്രേമന്‍ ആക്കി മാറ്റിയത്. തന്‍റെ ഉയരക്കുറവിന് ഈ പേര് അനുയോജ്യമാകുമെന്നായിരുന്നു നടന്‍റെ വിശ്വാസം. സീരിയല്‍ നടി ഗിരിജ പ്രേമന്‍ ആണ് ഭാര്യ. 1984ലായിരുന്നു വിവാഹം. പി.ജി ഹരികൃഷ്‌ണന്‍ ഏക മകനാണ്.