മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതകഥ ആസ്‌പദമാക്കി ഒരുക്കിയ എറ്റവും പുതിയ ചിത്രമാണ് മേജര്‍. ജൂണ്‍ മൂന്നിന് റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരനാണ് മേജര്‍ സിനിമയുടെ മലയാളം ട്രെയിലര്‍ പുറത്തുവിട്ടത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്‍റെ ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഹിന്ദി, തെലുങ്ക്, മലയാളം ഭാഷകളിലായാണ് സിനിമ പുറത്തിറങ്ങുന്നത്. യുവതാരം അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനായി വെളളിത്തിരയില്‍ എത്തുന്നത്. ശശി കിരണ്‍ ടാക്കയുടെ സംവിധാനത്തിലാണ് സിനിമ ഒരുങ്ങിയത്. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്‍റെ ഉടമസ്ഥതയിലുളള ജി മഹേഷ് ബാബു എന്‍റര്‍ടെയ്ന്‍മെന്‍റ്സും, സോണി പിക്ചേഴ്‌സ് ഇന്‍റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.
അഭിനേതാവ് എന്നതിലുപരി സംവിധായകനും തിരക്കഥാകൃത്തുമാണ് മേജറില്‍ ടെെറ്റില്‍ റോളിലെത്തുന്ന അദിവി സേഷ്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണനായി അദിവി സേഷിന്‍റെത് പെര്‍ഫക്‌ട് കാസ്റ്റിംഗ് ആണെന്നാണ് ട്രെയിലര്‍ കണ്ട പ്രേക്ഷകര്‍ പറയുന്നത്. ഗൂഢാചാരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് നടന്‍.
പ്രകാശ് രാജ്, രേവതി, ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് മേജറില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അദിവി സേഷ് തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. അഭിനയത്തിന് പുറമെ മേജര്‍ സിനിമയുടെ നിര്‍മാണ പങ്കാളികളില്‍ ഒരാള്‍ കൂടിയാണ് നടന്‍. പൃഥ്വിരാജ് സുകുമാരന്‍, മഹേഷ് ബാബു, സല്‍മാന്‍ ഖാന്‍ എന്നീ സൂപ്പര്‍താരങ്ങള്‍ ചേര്‍ന്നാണ് മേജര്‍ സിനിമയുടെ മൂന്ന് ഭാഷകളിലുളള ട്രെയിലര്‍ സമര്‍പ്പിച്ചത്.
എന്‍എസ്‌ജി കമാന്‍ഡോ ആയിരുന്ന മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ 2008 നവംബര്‍ ആറിന് മുംബൈ താജ് ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്ന ഭീകരാക്രമണത്തിലാണ് കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്‍റെ സൈനിക സേവനങ്ങള്‍ക്കുളള ബഹുമതിയായി മരണാനന്തരം ഭാരത സര്‍ക്കാര്‍ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര സമ്മാനിച്ചു.