മലയാളികൾക്ക് എന്നും ഓർമിക്കാൻ മാധുര്യമുള്ള പാട്ടോര്‍മകൾ സമ്മാനിച്ച കവി. കാവ്യഭംഗി നിറഞ്ഞ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഉള്ളം നിറച്ച ബിച്ചു തിരുമല വിടപറഞ്ഞിട്ട് രണ്ട് വർഷമാകുന്നു. മലയാളത്തിലെ എവർഗ്രീൻ ഹിറ്റുകളെന്ന് എണ്ണപ്പെടുന്ന നൂറുകണക്കിന് ചലച്ചിത്രഗാനങ്ങൾക്കു വരികൾ എഴുതിയ ബിച്ചു തിരുമല 2021 നവംബർ 26നാണ് ഓർമയായത് (lyricist Bichu Thirumala death anniversary).
1970കളില്‍ തുടങ്ങി മൂന്ന് പതിറ്റാണ്ടോളം മലയാള സിനിമാ ഗാനലോകത്ത് നിറഞ്ഞു നിന്ന ബിച്ചു തിരുമല. പ്രണയവും വിരഹവും സന്തോഷവും സന്താപവും വാത്സല്യവും വരിഞ്ഞൊഴുകുന്ന ജീവൻ തുടിക്കുന്ന വരികൾ. മലയാളികളുടെ ഏത് 'മൂഡി'നും ഇണങ്ങും വിധമുള്ള അക്ഷരങ്ങളുടെ മനോഹരമായ സംയോജനം. താരാട്ടുപാട്ടുകളും റൊമാന്‍റിക് പാട്ടുകളും അങ്ങനെ എണ്ണം പറഞ്ഞ എത്രയോ ഗാനങ്ങളാൽ സമ്പന്നമാണ് ബിച്ചു തിരുമലയുടെ പ്ലേ ലിസ്റ്റ്.
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ... ബിച്ചുവിന്‍റെ എക്കാലത്തെയും സൂപ്പർഹിറ്റായ ഗാനങ്ങളിലൊന്ന്. 'ആരാരോ ആരിരാരോ അച്ഛന്‍റെ മോളാരാരോ...', 'ഉണ്ണിയാരാരിരോ തങ്കമാരാരിരോ....', 'എൻപൂവേ പൊൻപൂവേ ആരീരാരം പൂവേ...', 'രാവു പാതി പോയ് മകനേ ഉറങ്ങു നീ...', 'കണ്ണനാരാരോ ഉണ്ണി കൺമണിയാരാരോ...', 'കണ്ണോടു കണ്ണോരം നീ കണിമലരല്ലേ...' മാധുര്യമൂറുന്ന വാത്സല്യം തുളുമ്പുന്ന ഈ താരാട്ടുപാട്ടുകളുടെ വരികൾ ബിച്ചുവിന്‍റേതാണ്.
കുസൃതി ഒളിപ്പിച്ച 'പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി...', പിന്നെയും എത്രയോ കുട്ടിപ്പാട്ടുകൾ. 'ആളൊരുങ്ങി അരങ്ങൊരുങ്ങീ...', 'ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടീ...', 'തത്തപ്പെണ്ണേ തഞ്ചത്തിൽ വാ...', 'കട്ടുറുമ്പേ വായാടി നെയ്യുറുമ്പേ...', 'എട്ടപ്പം ചുടണം ചുട്ടപ്പം വരണം...', 'ചെപ്പടിക്കാരനല്ലാ അല്ലല്ലാ...', 'കാക്കാ പൂച്ച കൊക്കരക്കോഴി വാ ഒട്ടകം ആന മൈനേ...' അവയിൽ ചിലതുമാത്രം.
ദൂരദർശനിൽ സംപ്രേക്ഷണം ചെയ്‌ത ആദ്യകാല കാർട്ടൂൺ പരമ്പരകളിൽ ഒന്നായ 'ജംഗിൾബുക്കി'ലെ 'ചെപ്പടിക്കുന്നിൽ ചിന്നിച്ചിണുങ്ങും ചക്കരപൂവേ...' എന്ന അവതരണ ഗാനത്തിന്‍റെയും വരികൾക്ക് പിന്നിൽ ബിച്ചു തിരുമലയാണ്. നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകളാണ് അദ്ദേഹത്തിന്‍റെ തൂലികയിൽ നിന്നും വിരിഞ്ഞത്.
ഇളയരാജ, എടി ഉമ്മര്‍, ജെറി അമല്‍ദേവ്, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, രവീന്ദ്രന്‍, ഔസേപ്പച്ചന്‍ തുടങ്ങിയ ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട് ബിച്ചു തിരുമല. എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീതം നല്‍കിയ ഏക സിനിമയായ 'യോദ്ധ'യിലെ പാട്ടുകൾക്കും ബിച്ചുവാണ് വരികളെഴുതിയത്.
മലയാളികൾ എങ്ങനെ മൂളാതിരിക്കും ബിച്ചു തിരുമലയുടെ ഈ ഗാനങ്ങൾ:
പാവാട വേണം മേലാട വേണം...
സ്വർണ മീനിന്റെ ചേലൊത്ത...
പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ...
ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാൻ...
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ...
തേനും വയമ്പും...
വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ...
ആയിരം കണ്ണുമായ്...
പൂങ്കാറ്റിനോടും കിളികളോടും...
ആലാപനം തേടും തായ്മനം...
ആളൊരുങ്ങി അരങ്ങൊരുങ്ങി...
ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം...
നക്ഷത്രദീപങ്ങൾ തിളങ്ങി...
ഒരു മധുരക്കിനാവിൻ ലഹരിയിലേതോ ...
ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ...
ഓർമയിലൊരു ശിശിരം...
കണ്ണാംതുമ്പീ പോരാമോ...
കണ്ണീർക്കായലിലേതോ കടലാസിന്‍റെ തോണി...
കണ്ണും കണ്ണും കഥകൾ കൈമാറും...
കിലുകിൽ പമ്പരം...
കൊഞ്ചി കരയല്ലേ മിഴികൾ നനയല്ലേ...
നീർപളുങ്കുകൾ ചിതറി വീഴുമീ...
ആലിപ്പഴം പെറുക്കാം പീലിക്കുട നിവർത്തീ...
പാതിരാവായി നേരം...
വെള്ളിച്ചില്ലും വിതറി...
പെണ്ണിന്‍റെ ചെഞ്ചുണ്ടിൽ പുഞ്ചിരി...
മകളേ പാതി മലരേ...
പ്രായം നമ്മിൽ മോഹം നൽകി...
മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണി...
മഞ്ഞിൻ ചിറകുള്ള വെളളരി പ്രാവേ...
മിഴിയോരം നനഞ്ഞൊഴുകും...
മൈനാകം കടലിൽ നിന്നുയരുന്നുവോ...
രാകേന്ദു കിരണങ്ങൾ...
വൈക്കം കായലിൽ ഓളം തല്ലുമ്പോൾ...
പാൽനിലാവിനും ഒരു നൊമ്പരം...
മലയാളി മനസില്‍ സ്ഥിരപ്രതിഷ്‌ഠ നേടിയ കവിയുടെ വരികൾക്ക് ഗാനാസ്വാദകരെ പിടിച്ചിരിത്താനുള്ള മാജിക്കുണ്ടെന്ന് പറയാതെ വയ്യ. മലയാളികളുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്ന ഈ ഗാനങ്ങൾക്ക് മരണമില്ല, ബിച്ചു തിരുമലയുടെ ഓർമകളും അവയ്‌ക്കൊപ്പം നാം പുതുക്കികൊണ്ടേയിരിക്കുന്നു.