മലയാള സിനിമയിലെ യൂത്ത് ഐക്കണുകളില്‍ പ്രധാനിയായ ദുൽഖർ സൽമാന്‍റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. ദുൽഖറിന് പിറന്നാൾ സമ്മാനമായി ജൂലൈ 28ന് ചിത്രത്തിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. 'കലാപകാരാ' എന്ന ഗാനമാണ് അണിയറക്കാർ പുറത്തുവിട്ടത്.
ദുൽഖർ സൽമാന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ മലയാള ചിത്രമായ 'കിംഗ് ഓഫ് കൊത്ത'യിലെ ആദ്യ ഗാനത്തിന് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. ഗാനം പുറത്തിറങ്ങി ഒരു ദിവസം പിന്നിടുമ്പോഴും യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടം പിടിക്കാൻ ഈ ഗാനത്തിനായി. 30 ലക്ഷത്തിലേറെ ആളുകളാണ് 'കലാപക്കാരാ' യൂട്യൂബിൽ കണ്ടത്.
- " class="align-text-top noRightClick twitterSection" data="">
ജേക്‌സ് ബിജോയ് ആണ് ഈ മനോഹര ഗാനം അണിയിച്ചൊരുക്കിയത്. ജോപോൾ ആണ് ഗാനത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ബെന്നി ദയാലും ശ്രേയ ഘോഷാലും ജേക്‌സ് ബിജോയിയും ചേർന്നാണ് ഗാനാലാപനം. ഏതായാലും ദുൽഖറിന്‍റെ പിറന്നാൾ ദിനത്തിന് കൂടുതൽ പകിട്ടേകുന്നതായി ഈ പുതിയ ഗാനം.
തെന്നിന്ത്യൻ താരം റിതിക സിങാണ് ഈ തകർപ്പൻ ഗാനരംഗത്തിൽ ദുൽഖർ സൽമാനൊപ്പം പ്രത്യക്ഷപ്പെടുന്നത്. കൂടാതെ ആയിരത്തിൽപരം നർത്തകരും ഇവർക്കൊപ്പം അണിചേർന്നിരുന്നു. നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷെരിഫ് മാസ്റ്ററാണ്.
അഭിലാഷ് ജോഷിയാണ് വലിയ കാൻവാസില്‍ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനോടകം തന്നെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ എന്ന പദവി നേടിയെടുത്ത ദുൽഖർ സൽമാന്‍റെ വേറിട്ട പ്രകടനമാകും 'കൊത്ത'യിൽ കാണാനാവുക എന്നുറപ്പ്. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്‍റെ വേഫെറെർ ഫിലിംസും ചേർന്നാണ് 'കിംഗ് ഓഫ് കൊത്ത'യുടെ നിർമാണം.
ഐശ്വര്യ ലക്ഷ്‌മിയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തിന് ജീവൻ പകരുന്നത്. ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഷബീർ കല്ലറക്കൽ, പ്രസന്ന, നൈല ഉഷ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ശാന്തി കൃഷ്‌ണ, അനിഖ സുരേന്ദ്രൻ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അഭിലാഷ് എൻ ചന്ദ്രൻ ആണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രാഹകൻ. ജേക്‌സ് ബിജോയ്‌ക്ക് പുറമെ ഷാൻ റഹ്മാനും ചിത്രത്തിന് സംഗീതമൊരുക്കുന്നു. ആക്ഷനും പ്രാധാന്യമുള്ള ചിത്രത്തിനായി സംഘട്ടനം നിർവഹിച്ചത് രാജശേഖർ ആണ്.
പ്രൊഡക്ഷൻ ഡിസൈനർ - നിമേഷ് താനൂർ, എഡിറ്റർ - ശ്യാം ശശിധരൻ, കൊറിയോഗ്രാഫി - ഷെറീഫ്, മേക്കപ്പ് - റോണെക്‌സ് സേവിയർ, വസ്‌ത്രാലങ്കാരം - പ്രവീൺ വർമ്മ, സ്റ്റിൽ - ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, മ്യൂസിക് - സോണി മ്യൂസിക്, എന്നിവർ മറ്റ് അണിയറ പ്രവർത്തകർ.