പ്രണയവും സൗഹൃദവും നൊമ്പരവും നിറഞ്ഞ ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങള്‍ കവര്‍ന്ന പ്രിയ സംവിധായകൻ കമൽ ഒരിടവേളയ്‌ക്ക് ശേഷം ഒരുക്കുന്ന സിനിമയാണ് 'വിവേകാനന്ദൻ വൈറലാണ്'. ഷൈൻ ടോം ചാക്കോയാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത് (Kamal - Shine Tom Chacko movie Vivekanandan Viralanu). ഇപ്പോഴിതാ ചിത്രത്തിലെ ആദ്യഗാനം പുറത്ത് വന്നിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
ബിജിബാൽ സംഗീതം പകർന്ന 'ഒരു ചില്ലുപാത്രം...' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Oru Chillupaathram Song from Vivekanandan Viralanu movie out). ബി കെ ഹരിനാരായണനാണ് ഗാനത്തിന്‍റെ വരികൾക്ക് പിന്നിൽ. സിതാര കൃഷ്‌ണകുമാർ ആണ് ഈ മനോഹര മെലഡി ആലപിച്ചിരിക്കുന്നത്.
ഷൈൻ ടോം ചാക്കോയുടെ നൂറാമത് ചിത്രം കൂടിയാണ് 'വിവേകാനന്ദൻ വൈറലാണ്'. നെടിയത്ത് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ജനുവരി 19-ന് 'വിവേകാനന്ദൻ വൈറലാണ്' തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
സംവിധായകൻ കമൽ തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. നർമത്തിൽ പൊതിഞ്ഞ് എത്തുന്ന ഈ ചിത്രം കാലികപ്രസക്‌തമായ നിരവധി വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ടെന്ന് കമൽ നേരത്തെ വ്യക്തമാക്കിയിരുന്നു. മാജിക് ഫ്രെയിംസ് തിയേറ്ററുകളിൽ എത്തിക്കുന്ന 'വിവേകാനന്ദൻ വൈറലാണി'ൽ സ്വാസിക, ഗ്രേസ് ആന്‍റണി എന്നിവരും നിർണായക വേഷങ്ങളിൽ അണിനിരക്കുന്നു. നായികാപ്രധാന്യമുള്ള സിനിമ കൂടിയാണിതെന്നാണ് ചിത്രത്തിന്‍റെ പോസ്റ്ററുകളും ടീസറും ഉറപ്പ് തരുന്നത്.
മെറീന മൈക്കിൾ, ജോണി ആന്‍റണി, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്‌മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ട്രെയിലർ മികച്ച പ്രതികരണം നേടിയിരുന്നു.
READ MORE: 'വിവേകാനന്ദൻ വൈറലാണ്' ജനുവരി 19ന് തിയേറ്ററുകളിലേക്ക് ; കൗതുകമുണർത്തി ട്രെയിലർ
പ്രകാശ് വേലായുധനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് രഞ്ജൻ എബ്രഹാമും കൈകാര്യം ചെയ്യുന്നു. കമാലുദ്ധീൻ സലീം, സുരേഷ് എസ് എ കെ എന്നിവരാണ് ചിത്രത്തിന്‍റെ കോ-പ്രൊഡ്യൂസേഴ്‌സ്.
സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർ: ആര്‍ട്ട് ഡയറക്‌ടർ - ഇന്ദുലാല്‍, വസ്‌ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - പാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ - സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനർ - ഗോകുൽ ദാസ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - എസാന്‍ കെ എസ്‌തപ്പാന്‍, പ്രൊഡക്ഷൻ മാനേജർ - നികേഷ് നാരായണൻ, പി ആര്‍ ഒ - വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.
ALSO READ: മൂന്നര വർഷം വെറുതെ ഇരുന്നു, സംവിധാനം മറന്നുപോയി, പ്രമുഖ നടന്‍ വാക്കുപാലിച്ചില്ല : കമൽ