ഹൈദരാബാദ്: ജൂനിയർ എൻടിആർ ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന ചിത്രമാണ് 'ദേവര'. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന 'ദേവര'യുടെ ഗ്ലിംപ്‌സ് വീഡിയോ നാളെ പുറത്തുവിടും. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് (Jr NTR starrer Devara first glimpse to be out Tomorrow).
3 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ഗ്ലിംപ്‌സ് നാളെ വൈകീട്ട് 4:05 ന് റിലീസ് ചെയ്യുമെന്ന് പ്രൊഡക്ഷൻ ഹൗസായ യുവസുധ ആർട്‌സ് അറിയിച്ചത്. 'ബ്ലഡ് ബാത്തി'നായി ('blood bath' glimpse) ധൈര്യപൂർവം കാത്തിരിക്കൂ എന്നാണ് നിർമാതാക്കൾ വീഡിയോയ്‌ക്ക് താഴെ കുറിച്ചത്. മുമ്പെങ്ങുമില്ലാത്ത ഭയം ഈ വീഡിയോ അഴിച്ചുവിടുമെന്നും അടിക്കുറിപ്പിൽ പറയുന്നു.
രണ്ട് ഭാഗങ്ങളിലായി അണിയിച്ചൊരുക്കിയ 'ദേവര'യുടെ ആദ്യ ഭാഗം ഈ വർഷം ഏപ്രിൽ 5 ന് തിയേറ്ററുകളിലെത്തും. രണ്ടാം ഭാഗം എപ്പോൾ എത്തുമെന്ന് അണിയറക്കാർ വ്യക്തമാക്കിയിട്ടില്ല. ജൂനിയർ എൻടിആറിന്‍റെ 30-ാമത് ചിത്രം കൂടിയാണ് 'ദേവര'.
'ജനത ഗാരേജി'ന് ശേഷം കൊരട്ടാല ശിവയും ജൂനിയർ എൻടിആറും വീണ്ടും കൈകോർക്കുന്ന ചിത്രം എന്ന നിലയിലും ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് 'ദേവര'യ്‌ക്കായി കാത്തിരിക്കുന്നത്. തീരദേശമാണ് 'ദേവര' പശ്‌ചാത്തലമാക്കുന്നത് എന്നാണ് വിവരം.
നന്ദമുരി കല്യാൺ റാം അവതരിപ്പിക്കുന്ന ഈ ചിത്രം യുവസുധ ആർട്‌സും എൻ.ടി.ആർ ആർട്‌സും ചേർന്നാണ് നിർമിക്കുന്നത്. ബോളിവുഡ് നടി ജാൻവി കപൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജാൻവിയുടെ തെലുഗു അരങ്ങേറ്റ ചിത്രം കൂടിയാണ് 'ദേവര'.
ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാനാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്. 'ഭൈര' എന്ന കഥാപാത്രത്തെയാണ് താരം 'ദേവര'യിൽ അവതരിപ്പിക്കുന്നത്. മലയാള താരങ്ങളായ നരേന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
അതേസമയം കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് 'ദേവര'യെ ഒരു ഡ്യുയോളജി (duology - രണ്ട് ഭാഗങ്ങള്‍) ആയി അവതരിപ്പിക്കുമെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചത്. 'ദേവര'യുടെ ലോകം വലുതാണെന്നും വളരെയധികം കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ബിഗ് ബജറ്റ് ചിത്രമാണിതെന്നും സംവിധായകൻ കൊരട്ടാല ശിവ വ്യക്തമാക്കിയിരുന്നു. സിനിമ വലിയ ക്യാൻവാസാണ് ആവശ്യപ്പെടുന്നതെന്ന് പറഞ്ഞ അദ്ദേഹം എഡിറ്റ് ടേബിളിൽ എത്തിയപ്പോള്‍ എന്ത് വെട്ടിക്കളയണം എന്ന കാര്യത്തിൽ ടീമിന് വളരെ ബുദ്ധിമുട്ടേണ്ടി വന്നെന്നും അങ്ങനെ ചിത്രത്തെ ഒരു ഡ്യുവോളജി ആയി വികസിപ്പിക്കാന്‍ ഏകകണ്‌ഠമായി തീരുമാനിക്കുകയായിരുന്നു എന്നും വ്യക്തമാക്കിയിരുന്നു.
അനിരുദ്ധ് രവിചന്ദർ ആണ് 'ദേവര'യ്‌ക്ക് സംഗീതം പകരുന്നത്. ആർ രത്നവേലു ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
READ MORE: ദേവര ടീസറില്‍ ആവേശഭരിതനായി അനിരുദ്ധ്; പോസ്‌റ്റ് വൈറല്‍