ഇടുക്കി: വാഗമണ്‍ ഓഫ് റോഡ് റേസ് കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയ 5000 രൂപ പിഴയടച്ച് നടന്‍ ജോജു ജോര്‍ജ്. അനുമതിയില്ലാത്ത റേസില്‍ പങ്കെടുത്തതിനും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനുമാണ് എംവിഡി നടനെതിരെ കേസെടുത്തത്. ഇത്തരത്തില്‍ വാഹനം ഓടിച്ചത് ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണെങ്കിലും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ജോജുവിന് മോട്ടോര്‍ വാഹന വകുപ്പ് ഇളവ് നല്‍കിയത്.
ഓഫ് റോഡ് റേസില്‍ പങ്കെടുത്തത് നിയമവിരുദ്ധം ആണെന്ന് അറിയില്ലായിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് ജോജുവിന്‍റെ ലൈസന്‍സ് റദ്ദാക്കാതിരുന്നതെന്ന് ഇടുക്കി ആര്‍ടിഒ ആര്‍.രമണന്‍ അറിയിച്ചു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ആര്‍ടിഒ നേരത്തെ ജോജുവിന് നോട്ടീസ് അയച്ചിരുന്നു.
തുടര്‍ന്നാണ് നടന്‍ ആര്‍ടിഒയ്‌ക്ക് വിശദീകരണം നല്‍കിയത്. ഇതിനിടെ പരിപാടിയില്‍ പങ്കെടുത്ത 12 പേര്‍ക്ക് വാഗമണ്‍ പൊലീസ് നോട്ടീസ് അയച്ചു. കേസില്‍ നാല് പേര്‍ നേരത്തെ ഹാജരായി ജാമ്യമെടുത്തിരുന്നു. കെഎസ്‌യു ഇടുക്കി ജില്ല പ്രസിഡന്‍റ് ടോണി തോമസിന്‍റെ പരാതിയിലാണ് ജോജു അടക്കമുളളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനും വാഗമണ്‍ പൊലീസിലും കെഎസ്‌യു പരാതി നല്‍കി.
സംഭവത്തില്‍ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതിനാല്‍ ജോജു, സ്ഥലം ഉടമ, സംഘാടകര്‍ എന്നിവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കുകയും നോട്ടീസ് അയക്കുകയുമായിരുന്നു. ജോജു ജോര്‍ജ് തേയില തോട്ടത്തിലൂടെ വാഹനം ഓടിക്കുന്നതിന്‍റെ വീഡിയോ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇടുക്കി ജില്ലയില്‍ ഓഫ് റോഡ് മത്സരത്തിനിടെ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടായതിനാല്‍ ഇത്തരം വിനോദങ്ങള്‍ക്ക് കലക്‌ടര്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഇത് മറികടന്നുകൊണ്ടാണ് വാഗമണില്‍ റേസ് നടത്തിയത്. ജില്ലയില്‍ പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ ഓഫ് റോഡ് റേസ് നടത്താന്‍ അനുമതിയുളളു. ഇത് ലംഘിച്ചതിന് നടനും സംഘാടകര്‍ക്കുമെതിരെ എംവിഡി കേസെടുക്കുകയായിരുന്നു. വാഗമണ്‍ എംഎംജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനില്‍ മെയ് എട്ടിനാണ് ഓഫ് റോഡ് ഡ്രൈവ് നടത്തിയത്.
കൃഷിക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ കൈവശം നല്‍കിയ ഭൂമിയിലാണ് നിയമ വിരുദ്ധമായി റേസ് നടത്തിയത്. പ്ലാന്‍റേഷന്‍ ലാന്‍ഡ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് റേസ് എന്ന് കെഎസ്‌യു പരാതിയില്‍ പറഞ്ഞിരുന്നു.