Jayakrishnan about career: നാടകങ്ങളിലൂടെ തുടക്കം കുറിച്ച് സീരിയലുകളിലൂടെ സിനിമയിലെത്തിയ നടനാണ് ജയകൃഷ്‌ണന്‍. മമ്മൂട്ടിക്കൊപ്പം അടുത്തിടെ 'സിബിഐ ഫൈവിലും' ജയകൃഷ്‌ണന്‍ സുപ്രധാന വേഷത്തില്‍ അഭിനയിച്ചു. കൂടാതെ മെഗാസ്റ്റാറിന്‍റെ വണ്‍ എന്ന സിനിമയിലും ജയകൃഷ്‌ണന്‍ വേഷമിട്ടു. ഇപ്പോഴിതാ അഭിനയ ജീവിതത്തിന്‍റെ 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തന്‍റെ കരിയറിനെ കുറിച്ചും മറ്റും ജയകൃഷ്‌ണന്‍ മനസ് തുറക്കുകയാണ്.
അഭിനയ ജീവിതത്തില്‍ ഒട്ടേറെ പ്രതിസന്ധികള്‍ താന്‍ തരണം ചെയ്‌തിട്ടുണ്ട് എന്ന് ജയകൃഷ്‌ണന്‍ പറയുന്നു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം സിനിമ ചെയ്യുന്നത് ഊര്‍ജമാണ്. മമ്മൂട്ടി നല്‍കുന്ന മാനസിക പിന്തുണയെ കുറിച്ചും ജയകൃഷ്‌ണന്‍ തുറന്നുപറഞ്ഞു. അടുത്തിടെ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയകൃഷ്‌ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
'ഞാന്‍ എന്തെങ്കിലും ജീവിതത്തില്‍ നേടിയിട്ടുണ്ടെങ്കില്‍ അത് നാടകത്തിലൂടെയും, സിനിമയിലൂടെയും, സീരിയലിലൂടെയും ഉണ്ടായിട്ടുള്ളതാണ്. 25 വര്‍ഷത്തിനിടെ ഒരുപാട് തിക്താനുഭവത്തിലൂടെ കടന്നു പോയിട്ടുണ്ട്. ആര്‍ക്കും അറിയാന്‍ വയ്യാത്ത പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഈ പ്രതിസന്ധികളെ തരണം ചെയ്യാന്‍ എനിക്ക് ലഭിച്ചൊരു ഊര്‍ജമുണ്ട്. ഇതുവരെ നഷ്‌ടപ്പെട്ടു പോയിട്ടില്ലാത്ത ആത്മവിശ്വാസമാണ് ആ ഊര്‍ജം.
ചെറുപ്പം മുതലേ ബാലജനസഖ്യത്തില്‍ അംഗമായിരുന്നു. നാടകത്തിന്‍റെ തുടക്കം അവിടെ നിന്നാണ്. ഡിഗ്രി കഴിഞ്ഞ ഉടനെ ഞാന്‍ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. സിനിമ സ്വപ്‌നം കണ്ടായിരുന്നു ആ യാത്ര. ആ സമയത്താണ് ഡോക്യുമെന്‍ററികള്‍ക്ക് ശബ്‌ദം കൊടുക്കാന്‍ തുടങ്ങുന്നത്. പിന്നീട് മെഗാ സീരിയലുകള്‍ തുടങ്ങുന്ന സമയത്താണ് ഞാന്‍ ശ്രദ്ധ നേടുന്നത്. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ ഞാന്‍ ഒരേസമയം സീരിയല്‍ ചെയ്‌തിരുന്നു. ആ സമയങ്ങളില്‍ സിനിമയ്‌ക്ക് വിളിച്ചിരുന്നുവെങ്കിലും സീരിയലുകള്‍ കാരണം പോകാന്‍ പറ്റിയില്ല.
2006-2007ല്‍ സീരിയല്‍ പൂര്‍ണമായി വിട്ടു. അതിന് ശേഷം കൊവിഡിന് തൊട്ടുമുമ്പാണ് സിനിമയില്‍ ഒന്ന് സജീവമാകുന്നത്. സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ വ്യക്തിപരമായ ചില കാരണങ്ങളുണ്ട്. എന്‍റെ ഉപേക്ഷ കൊണ്ട് മാത്രമാണ് സിനിമയില്‍ ഞാന്‍ വരാതിരുന്നത്. മമ്മൂക്കയോടും ലാലേട്ടനോടും ഒപ്പം സിനിമ ചെയ്യുന്നത് ഊര്‍ജമാണ്. മാത്രമല്ല മമ്മൂക്ക തരുന്ന മാനസിക പിന്തുണ എടുത്തു പറയേണ്ട കാര്യമാണ്.
Jayakrishnan about Mammootty: അതിനൊരു ഉദാഹരണം പറയാം. വണ്‍ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയം, അതിലെ കഥാപാത്രത്തിന് വേണ്ടി മുന്നിലെ മുടി മുഴുവന്‍ വടിച്ചിരുന്നു. മമ്മൂക്ക ഇത് കണ്ടു, 'എന്താ മുടിയൊക്കെ വടിച്ചതെന്ന്' ചോദിച്ചു. ഗെറ്റപ്പ് ചെയ്‌ഞ്ച് ആകട്ടെ മമ്മൂക്ക എന്ന് മറുപടിയായി ഞാനും പറഞ്ഞു. അത് കഴിഞ്ഞ് സിനിമയുടെ ചിത്രീകരണത്തിന്‍റെ അവസാനത്തോട് അടുത്തപ്പോള്‍ എന്‍റെ കഥാപാത്രത്തിന്‍റെ നീളം കുറഞ്ഞു.
അവസാന ദിവസം മമ്മൂക്കയ്‌ക്ക് ഇക്കാര്യം മനസിലായി. എന്‍റെ അടുത്ത് വന്നിട്ട് പറഞ്ഞു. മുടി വടിച്ചെന്ന് ഓര്‍ത്ത് ടെന്‍ഷനൊന്നും അടിക്കേണ്ടാട്ടോ, നമുക്ക് വേറെ നല്ല സാധനങ്ങള്‍ ചെയ്യാം. ആ വാക്കുകള്‍ നമുക്ക് തരുന്നൊരു ആത്മവിശ്വാസമുണ്ട്. തകര്‍ന്നിരിക്കുമ്പോള്‍ എവിടെ നിന്നോ വരുന്നൊരു ശക്തി. അതൊക്കെയാണ് നമ്മെ നിലനിര്‍ത്തുന്നത്.