അഭിജിത് അശോകൻ രചനയും സംവിധാനവും നിർവഹിച്ച 'ജനനം 1947, പ്രണയം തുടരുന്നു' സിനിമ റിലീസിനൊരുങ്ങുന്നു. ഇതിനകം നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചിത്രം 2024 ജനുവരിയിൽ കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും (Jananam 1947 Pranayam Thudarunnu movie hits theaters in January). ക്രയോൺസ് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ അഭിജിത് അശോകൻ തന്നെയാണ് ഈ ചിത്രം നിർമിച്ചതും.
ശിവൻ, ഗൗരി എന്നീ വയോധികരുടെ കഥയാണ് ചിത്രം പറയുന്നത്. വാർധക്യ കാലത്ത് ശിവനും ഗൗരിയും കണ്ടുമുട്ടുന്നതും ശേഷിച്ച ജീവിതത്തിൽ ഒരുമിച്ച് ജീവിക്കാൻ ഇവർ ആഗ്രഹം പ്രകടിപ്പിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഈ തീരുമാനം തുടർന്ന് അവരുടെ ജീവിതത്തിലും കുടുംബങ്ങളിലും സമൂഹത്തിലുമുണ്ടാക്കുന്ന സങ്കീർണമായ പ്രതിഫലനങ്ങളിലേക്കും 'ജനനം 1947 പ്രണയം തുടരുന്നു' എന്ന ചിത്രം വെളിച്ചം വീശുന്നു.
70 വയസുകാരനായ ശിവൻ ആയി കോഴിക്കോട് ജയരാജും ഗൗരി എന്ന ടീച്ചറുടെ വേഷത്തിൽ അഭിനേത്രിയും നർത്തകിയും മുൻ കലാക്ഷേത്ര ഡയറക്‌ടറുമായ പദ്‌മശ്രീ ലീല സാംസണുമാണ് വേഷമിടുന്നത്. മലയാള സിനിമയിൽ 40 വർഷത്തിലേറെയായി ജൂനിയർ ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുന്ന കോഴിക്കോട് ജയരാജ് ആദ്യമായി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് 'ജനനം 1947 പ്രണയം തുടരുന്നു'.
അനു സിതാര, ദീപക് പറമ്പോൽ, ഇർഷാദ് അലി, നന്ദൻ ഉണ്ണി, നോബി മാർക്കോസ്, പോളി വത്സൻ, അംബി നീനാശം, കൃഷ്‌ണ പ്രഭ, സജാദ് തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഇവർക്കൊപ്പം 60 വയസിന് മുകളിൽ പ്രായമുള്ള നാൽപ്പതോളം പുതുമുഖ താരങ്ങളും വേഷമിടുന്നുണ്ട്.
അതേസമയം വിവിധ മേളകളിൽ നിന്നായി ഒട്ടനവധി പുരസ്‌കാരങ്ങളാണ് ചിത്രം ഇതുവരെ വാരിക്കൂട്ടിയത്. ജാഗ്രൻ ഫിലിം ഫെസ്റ്റിവൽ 2023ൽ മികച്ച നടനുള്ള പുരസ്‌കാരം കോഴിക്കോട് ജയരാജ് നേടി. മികച്ച ഇന്ത്യൻ ഫീച്ചർ ഫിലിം : സീതനവാസൽ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മികച്ച ഇന്ത്യൻ ഫീച്ചർ ഫിലിം വിഭാഗം : റോഹിപ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2023, അറ്റ്ലാന്‍റ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ (AIFF 2023) - മികച്ച സംവിധായകൻ, ബെസ്റ്റ് സ്ക്രീൻ പ്ലേ, മികച്ച ഫീച്ചർ ഫിലിം എന്നീ പുരസ്‌കാരങ്ങളും ചിത്രം നേടി.
കൂടാതെ മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി അവാർഡ്, കലാഭവൻ മണി സ്‌മാരക അവാർഡ്, മികച്ച വനിത ഫീച്ചർ ഫിലിം - തമിഴകം അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം എന്നീ പുരസ്‌കാരങ്ങളും ഈ ചിത്രത്തെ തേടിയെത്തിയിരുന്നു. വിവിധ മേളകളിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.
ഡിസി സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ, മെറ്റ ഫിലിം ഫെസ്റ്റ്, ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓസ്‌ട്രേലിയ, ജാഗ്രൻ ഫിലിം ഫെസ്റ്റിവൽ 2023, മൈസൂർ ഇന്‍റർനാഷണൽ ഫിലിം മേള, ചെന്നൈ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ - ഇന്ത്യൻ പനോരമ, ന്യൂജേഴ്‌സി ഇന്ത്യൻ & ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഏഴാമത് അന്താരാഷ്‌ട്ര ഫോക്‌ലോർ ഫിലിം ഫെസ്റ്റിവൽ 2024 ഇന്ത്യ, കേരളം തുടങ്ങി നിരവധി ഫെസ്റ്റിവലുകളിലാണ് ചിത്രം ഇതിനോടകം പ്രദർശിപ്പിച്ചത്.
READ ALSO: 'യാർ സത്താലും ഇന്ത സണ്ട സാവാത്'; തീപാറും ടീസറുമായി 'ഫൈറ്റ് ക്ലബ്ബ്'
ഗോവിന്ദ് വസന്തയാണ് 'ജനനം 1947 പ്രണയം തുടരുന്നു' സിനിമയ്‌ക്കായി സംഗീതം ഒരുക്കിയത്. സന്തോഷ് അണിമ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റർ കിരൺ ദാസ് ആണ്. സൗണ്ട് : സിങ്ക് സിനിമ, ആർട്ട് ഡയറക്ടർ : ദുന്ദു രഞ്ജീവ് , കോസ്റ്റ്യൂംസ് : ആദിത്യ നാണു, മേക്കപ്പ് നേഹ.