തിരുവനന്തപുരം : അന്താരാഷ്‌ട്ര ഡോക്യുമെൻ്ററി ഹ്രസ്വചിത്ര മേളയ്‌ക്ക് തലസ്ഥാനത്ത് 26 ന് തിരിതെളിയും. കൈരളി, ശ്രീ, നിള തിയേറ്ററുകളിലായാണ് 14ാമത് മേള സംഘടിപ്പിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അക്കാദമി ഓഗസ്‌റ്റ് 31 വരെ സംഘടിപ്പിക്കുന്ന മേളയില്‍ 270 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. മേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം വ്യാഴാഴ്‌ച (25-08-2022) ആരംഭിക്കും.
മത്സരവിഭാഗത്തിലും, ഫോക്കസ് വിഭാഗത്തിലുമുള്ള ഡോക്യുമെൻ്ററി, ഹ്രസ്വചിത്രങ്ങള്‍, ക്യാമ്പസ് ഷോര്‍ട്ട് ഫിലിമുകള്‍, അനിമേഷന്‍ ചിത്രങ്ങള്‍, മ്യൂസിക് വീഡിയോകള്‍ എന്നിവയാണ് മേളയുടെ പ്രധാന ആകര്‍ഷണം. കാന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ഐ പുരസ്‌കാരം നേടിയ പായല്‍ കപാഡിയയുടെ 'എ നൈറ്റ് ഓഫ് നോയിംഗ് നതിംഗ്' ഉള്‍പ്പടെ വിവിധ അന്താരാഷ്ട്രമേളകളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ 19 സിനിമകളും പ്രദര്‍ശിപ്പിക്കും. ഐ ഫോണില്‍ ചിത്രീകരിച്ച ചിത്രങ്ങളുടെ പാക്കേജ് ആയ 'ഐ ടെയ്ല്‍സ്', യുദ്ധത്തിന്റെ മുറിവുകള്‍ തുറന്നുകാട്ടുന്ന ചിത്രങ്ങളുടെ പ്രത്യേക പാക്കേജ് ആയ 'സ്‌കാര്‍സ് ഓഫ് വാര്‍ : പോര്‍ട്രെയ്റ്റ്‌സ് ഫ്രം ദ ഫീല്‍ഡ്‌സ്'എന്നിവയാണ് മറ്റ് മുഖ്യ ആകര്‍ഷണങ്ങള്‍.
ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ഡോക്യുമെന്ററി സംവിധായികയും എഡിറ്ററുമായ റീന മോഹന്‍റെ തെരഞ്ഞെടുത്ത ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അന്തരിച്ച തമിഴ് ചലച്ചിത്ര പ്രവര്‍ത്തകനായ വെങ്കിടേഷ് ചക്രവര്‍ത്തിക്ക് ആദരമായി അദ്ദേഹത്തിന്റെ 'ദി സ്പ്ലിറ്റ് സിറ്റി' എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. ആഗോളവത്കരണം ചെന്നൈ നഗരത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.
അന്താരാഷ്ട്ര വിഭാഗത്തില്‍ 20 ദീര്‍ഘ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ പതിമൂന്നും ഫോക്കസ് വിഭാഗത്തില്‍ എട്ടും മലയാളം വിഭാഗത്തില്‍ രണ്ടും ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. സാമൂഹികവും, വംശീയവും ,രാഷ്ട്രീയവുമായ വിഷയങ്ങളാണ് മിക്ക ഡോക്യുമെന്‍ററികളുടെയും പ്രമേയം.
ട്രാന്‍സ് വ്യക്തിയുടെ വൈവിധ്യമാര്‍ന്ന ജീവിതം ചിത്രീകരിച്ച സംഘജിത് ബിശ്വാസ് ചിത്രം 'എ ഹോം ഫോര്‍ മൈ ഹാര്‍ട്ട്', ഇന്ത്യയിലെ ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ ജീവിതം ചിത്രീകരിച്ച 'യെറ്റ് ദേ ഹാവ് നോ സ്‌പേസ്' ഉള്‍പ്പടെയുള്ള ഡോക്യുമെന്‍ററികളാണ് ദീര്‍ഘചിത്രങ്ങളുടെ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികളെക്കുറിച്ചുള്ള മിറിയം ചാണ്ടി മേനാച്ചേരിയുടെ 'ഫ്രം ദ ഷാഡോസ് മിസിംഗ് ഗേള്‍സ്', രാഹുല്‍ റോയ് സംവിധാനം ചെയ്‌ത 'ദി സിറ്റി ബ്യൂട്ടിഫുള്‍' എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിക്കും. ആറ് മലയാളം ഡോക്യുമെന്‍ററികളാണ് നാല് വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്.
മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാളം ഡോക്യുമെന്‍ററികള്‍ : വയനാട്ടിലെ മുള്ളുക്കുറുമരുടെ ഭക്ഷ്യ സംസ്‌കാരത്തെ കുറിച്ചുള്ള ചിത്രം 'കെണി', അമല്‍ സംവിധാനം ചെയ്‌ത 'കറുത്ത കാലന്‍', 'പെശ്ശേ' അഭിലാഷ് ഓമന ശ്രീധരന്‍റെ 'കൗപീന ശാസ്ത്രം', വിനേഷ് ചന്ദ്രന്‍റെ 'പൊട്ടന്‍', 'ഒരു നൂല്‍ വിരല്‍ ചരിതം'
ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ : മേളയുടെ ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. കൈരളി തിയേറ്ററില്‍ സജ്ജീകരിച്ച ഡെലിഗേറ്റ് സെല്ലില്‍ ഓഫ്‌ലൈന്‍ രജിസ്‌ട്രേഷനായി ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. www.idsffk.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. പൊതുവിഭാഗത്തിന് 400 രൂപയും വിദ്യാര്‍ഥികള്‍ക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. രജിസ്‌ട്രേഷന്‍ സംബന്ധിച്ച് വിശദ വിവരങ്ങള്‍ 8304881172 എന്ന നമ്പറില്‍ ലഭ്യമാണ്.