മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ട് ഇന്നസെന്‍റ് അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഇനി അദ്ദേഹത്തിന്‍റെ കല്ലറയിലും. മലയാള സിനിമയില്‍ മഹാനടന്‍ അവിസ്‌മരണീയമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടുമിക്കതും അദ്ദേഹത്തിന്‍റെ കല്ലറയില്‍ കൊത്തിയിട്ടുണ്ട്. പ്രിയ നടന്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ കിഴക്കേ സെമിത്തേരിയയിലെ കല്ലറയിലാണ് ഇന്നസെന്‍റിന്‍റെ അനശ്വര കഥാപാത്രങ്ങള്‍ പതിപ്പിച്ചിട്ടുള്ളത്. ഇന്നസെന്‍റ് അനശ്വരമാക്കിയ 30ല്‍ പരം കഥാപാത്രങ്ങളാണ് കല്ലറയില്‍ കൊത്തിയിട്ടുള്ളത്. ഇന്നസെന്‍റിന്‍റെ പ്രിയപ്പെട്ട പേരക്കുട്ടികളായ ജൂനിയര്‍ ഇന്നസെന്‍റും അന്നയുമാണ് ഇങ്ങനൊരു ആശയം മുന്നോട്ടുവച്ചത്.
മണിച്ചിത്രത്താഴ്, കാബൂളിവാല, മാന്നാര്‍ മത്തായി സ്‌പീക്കിങ്, റാംജിറാവു സ്‌പീക്കിങ്, വിയറ്റ്‌നാം കോളനി, സന്ദേശം, രാവണപ്രഭു, ദേവാസുരം, ആറാം തമ്പുരാന്‍, മിഥുനം, ഗോഡ്‌ഫാദര്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, മഴവില്‍ക്കാവടി, പാപ്പി അപ്പച്ച, ഇന്ത്യന്‍ പ്രണയകഥ, വെട്ടം, ഇഷ്‌ടം, കല്യാണരാമന്‍, പ്രാഞ്ചിയേട്ടന്‍, ഫാന്‍റം പൈലി, നമ്പര്‍ 20 മദ്രാസ് മെയില്‍ തുടങ്ങി 30ഓളം കഥാപാത്രങ്ങളാണ് ആലേഖനം ചെയ്‌തിരിക്കുന്നത്.
പഴയ ഫിലിം റീലിന്‍റെ മാതൃകയിലാണ് ഇത് കൊത്തിവച്ചിട്ടുള്ളത്. സിനിമ റീലിന് സമാനമായ മറ്റൊരു വെളുത്ത ഗ്രാനേറ്റില്‍ ഇന്നസെന്‍റിന്‍റെ ചിരിക്കുന്ന ചിത്രവും ചേര്‍ത്തു വച്ചിട്ടുണ്ട്. ഇന്നസെന്‍റിന്‍റെ വേര്‍പാടിന്‍റ ഏഴാം ഓര്‍മ ദിനമായ ഇന്നലെ (ഏപ്രില്‍ ഒന്ന്) കുടുംബാംഗങ്ങളും സുഹൃത്തുക്കളും അദ്ദേഹത്തിന്‍റെ കല്ലറയില്‍ എത്തി പ്രത്യേക പ്രാര്‍ഥനകളില്‍ പങ്കെടുത്തു.
മാര്‍ച്ച് 26ന് ഞായറാഴ്‌ച രാത്രി പത്തരയോടെ ലേക്‌ഷോര്‍ ആശുപത്രിയില്‍ വച്ചയാരുന്നു ഇന്നസെന്‍റിന്‍റെ അന്ത്യം. പ്രിയ നടന്‍റെ കല്ലറ കാണാനും പ്രണാമം അര്‍പ്പിക്കാനും നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. പൊതുമണ്ഡലത്തിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു മുൻ എംപി കൂടിയായിരുന്ന ഇന്നസെന്‍റ് . മരിക്കുമ്പോള്‍ അദ്ദേഹത്തിന് 75 വയസായിരുന്നു.
കഷ്‌ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ ജീവിത പശ്‌ചാത്തലത്തില്‍ നിന്ന് വളർന്നു വന്ന് മലയാള സിനിമ കീഴടക്കിയ നടനാണ് ഇന്നസെന്‍റ് . സിനിമ പ്രവർത്തകരുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്‍റ് എന്ന നിലയിലും കേരളത്തില്‍ നിർണായക വ്യക്തിത്വമായി. ഇന്ത്യയിലും വിദേശത്തുമായി നടത്തിയിട്ടുള്ള സ്‌റ്റേജ് ഷോകളിലും ടെലിവിഷൻ ഷോകളിലും സജീവമായിരുന്നു അദ്ദേഹം.
ഹാസ്യ നടനായും സ്വഭാവ നടനായും മലയാള സിനിമയില്‍ ഒരുപോലെ കഴിവ് തെളിയിച്ച നടന്‍ കൂടിയാണ് അദ്ദേഹം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വെള്ളിത്തിരയില്‍ തന്‍റേതായ ഒരിടം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തന്‍റേതായ ശരീര ഭാഷ കൊണ്ടും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണം കൊണ്ടും ഇന്നസെന്‍റ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നടന്‍ മാത്രമലായല്ല, നിര്‍മാതാവ് എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
1972ൽ പുറത്തിറങ്ങിയ 'നൃത്തശാല'യാണ് അദ്ദേഹത്തിന്‍റെ അരങ്ങേറ്റ ചിത്രം. 'മാന്നാര്‍ മത്തായി സ്‌പീക്കിങ്', 'റാംജിറാവു സ്‌പീക്കിങ്', 'ഡോക്‌ടര്‍ പശുപതി', 'ഗജകേസരി യോഗം' തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഫിലിം ക്രിട്ടിക്‌സ് അവാർഡ്, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2009ല്‍ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡും മികച്ച സഹ നടനുള്ള സംസ്ഥാന സർക്കാർ അവാർഡുമാണ് താരത്തിന് ലഭിച്ചത്.
നടനായി പ്രേക്ഷക ഹൃദയം കീഴടക്കിയ ഇന്നസെന്‍റ് രാഷ്‌ട്രീയത്തിലും ഒരു കൈ നോക്കിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ അദ്ദേഹം ചാലക്കുടി നിയോജക മണ്ഡലത്തിന്‍റെ പ്രതിനിധിയായി 2014 മെയില്‍ തെരഞ്ഞെടുക്കപ്പെട്ടു.