ആമിര്‍ ഖാന്‍ ചിത്രം 'ലാല്‍ സിങ് ഛദ്ദ'യെ പ്രശംസിച്ച് ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍. ഓഗസ്‌റ്റ് 11ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ബഹിഷ്‌കരണാഹ്വാനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് സിനിമയെ പ്രശംസിച്ച് ഹൃത്വിക് റോഷന്‍ രംഗത്തെത്തിയിരിക്കുന്നത്. എല്ലാവരും സിനിമ കാണണമെന്നും അവസരം നഷ്‌ടപ്പെടുത്തരുതെന്നുമാണ് താരം പറയുന്നത്. ട്വീറ്റിലൂടെയായിരുന്നു ഹൃത്വിക്കിന്‍റെ അഭ്യര്‍ഥന.
Hrithik Roshan tweet: 'ലാല്‍ സിങ് ഛദ്ദ കണ്ടു. സിനിമയുടെ ഹൃദയം എനിക്ക് മനസിലായി. നല്ലതും മോശവുമായ കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഈ സിനിമ ഗംഭീരമാണ്. ഇത് നഷ്‌ടപ്പെടുത്തരുത്. ഇപ്പോള്‍ തന്നെ പോകുക. സിനിമ കാണുക. ഇത് മനോഹരമാണ്. വളരെ മനോഹരം', ഹൃത്വിക് ട്വീറ്റ് ചെയ്‌തു.
Aamir about Lal Singh Chaddha: സിനിമയുടെ റിലീസിന് മുമ്പ് താന്‍ അനുഭവിച്ച സമ്മര്‍ദത്തെ കുറിച്ച് ആമിര്‍ ആശങ്ക പങ്കുവച്ചിരുന്നു. ലാല്‍ സിങ് ഛദ്ദയ്‌ക്കെതിരായ ബഹിഷ്‌കരണാഹ്വാനങ്ങളെ കുറിച്ചും താരം പ്രതികരിച്ചു. 'എന്‍റെ ഏതെങ്കിലും പ്രവര്‍ത്തി കൊണ്ട് ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്കതില്‍ ദു:ഖമുണ്ട്. എനിക്ക് ആരെയും വേദനിപ്പിക്കണമെന്നില്ല.
ആര്‍ക്കെങ്കിലും എന്‍റെ ചിത്രം കാണണമെന്നില്ലെങ്കില്‍, ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ കൂടുതല്‍ പേര്‍ ചിത്രം കാണണമെന്നാണ് എനിക്ക്. ഞങ്ങളുടെ കഠിനാധ്വാനമാണ് ഈ ചിത്രം. സിനിമ നിര്‍മാണം ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. ഒരുപാട് മനുഷ്യരാണ് ഒരു ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ഞാന്‍ മാത്രമല്ല', ലാല്‍ സിങ് ഛദ്ദയെ കുറിച്ചുള്ള ബഹിഷ്‌കരണ ആഹ്വാനത്തെ കുറിച്ചുള്ള ആമിറിന്‍റെ പ്രതികരണം.
ടോം ഹാങ്ക്‌സിന്‍റെ 1994ല്‍ പുറത്തിറങ്ങിയ പ്രശസ്‌ത ഹോളിവുഡ് ചിത്രം 'ഫോറസ്‌റ്റ് ഗംപി'ന്‍റെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിങ് ഛദ്ദ'. അദ്വൈത് ചന്ദന്‍ ആണ് 'ലാല്‍ സിങ് ഛദ്ദ'യുടെ സംവിധാനം. ആമിര്‍ ഖാന്‍ തന്നെയാണ് സിനിമയുടെ നിര്‍മാതാവും. ആമിര്‍ ഖാനെ കൂടാതെ കരീന കപൂര്‍, മോന സിങ്, നാഗചൈതന്യ എന്നിവരും സുപ്രധാന വേഷത്തിലുണ്ട്. 'ത്രീ ഇഡിയറ്റ്‌സി'ന് ശേഷം ആമിറും കരീനയും ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ലാല്‍ സിങ് ഛദ്ദ.
പ്രദര്‍ശനത്തിനെത്തി മൂന്ന് ദിനങ്ങള്‍ പിന്നിടുമ്പോഴും സിനിമയ്‌ക്ക് ബോക്‌സോഫിസില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ ആയില്ല. മൂന്ന് ദിനങ്ങള്‍ പിന്നിടുമ്പോള്‍ 27.71 കോടിയാണ് ചിത്രത്തിന്‍റെ കലക്ഷന്‍. എട്ട് കോടിയാണ് കഴിഞ്ഞ ദിവസം സിനിമ കലക്‌ട് ചെയ്‌തത്. 12 കോടി മാത്രമാണ് ആദ്യ ദിനം 'ലാല്‍സിങ് ഛദ്ദ' സ്വന്തമാക്കിയത്.