എറണാകുളം : മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫൻ നിർമിച്ച് മിഥുൻ മാനുവൽ തോമസിന്‍റെ തിരക്കഥയിൽ നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗരുഡൻ' (Garudan). സൂപ്പർ താരം സുരേഷ് ഗോപി (Suresh Gopi), ബിജു മേനോൻ (Biju Menon) എന്നിവരാണ് 'ഗരുഡനി'ല്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സിദ്ദിഖ് (Siddique), അഭിരാമി, ദിവ്യ പിള്ള എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
'ഗരുഡന്‍' റിലീസിനോടടുക്കുമ്പോള്‍ (Garudan Release) സിനിമയുടെ പ്രൊമോഷന്‍ പരിപാടികളും പൊടിപൊടിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന 'ഗരുഡന്‍റെ' പ്രൊമോഷന്‍ പരിപാടിക്കിടെയുള്ള സിദ്ദിഖിന്‍റെ കുസൃതി ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് (Garudan Promotional event).
'ഗരുഡന്‍റെ' ക്ലൈമാക്‌സിൽ ഞാനാണ് വില്ലനായി എത്തുന്നതെന്ന് തുറന്നു പറയട്ടെ എന്ന് സുരേഷ് ഗോപിയോട് ചോദിക്കുകയാണ് സിദ്ദിഖ്. 'വില്ലൻ നിങ്ങൾ ആയിക്കോ, പക്ഷേ നിങ്ങളേക്കാള്‍ മികച്ച വില്ലൻ ഞാനാണെന്ന് ഗരുഡന്‍റെ ട്രെയിലറിൽ തന്നെ വെളിവാക്കുന്നുണ്ട്' - എന്ന് സുരേഷ് ഗോപിയും.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു സുരേഷ് ഗോപി ചിത്രത്തിൽ സിദ്ദിഖ് വേഷമിടുന്നത്. സിദ്ദിഖ് തന്നെ നിർമാതാവായ വിജി തമ്പി ചിത്രം 'ബഡാ ദോസ്‌തി'ലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. മലയാള സിനിമയിലേക്ക് സിദ്ദിഖും സുരേഷ് ഗോപിയും ഏകദേശം ഒരേ സമയത്താണ് കടന്നുവരുന്നത്. സുരേഷ് ഗോപി ഒന്നോ രണ്ടോ വർഷം സീനിയർ ആയിരിക്കുമെന്ന് സിദ്ദിഖ് സംശയവും പ്രകടിപ്പിച്ചു.
സിനിമയിൽ നിന്ന് സുരേഷ് ഗോപി ഇടവേള എടുക്കുന്നത് തന്നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്ന് സിദ്ദിഖ് വെളിപ്പെടുത്തി. 'അത് സുരേഷ് ഗോപി സിനിമയിൽ അഭിനയിക്കാതെ ഇരിക്കുന്നത് കൊണ്ടാണ് എന്ന് അർഥമാക്കേണ്ട. സുരേഷ് ഗോപി ചിത്രങ്ങളിലാണ് തനിക്ക് മികച്ച കഥാപാത്രങ്ങളെ ലഭിച്ചിട്ടുള്ളത്. സുരേഷ് ഗോപി അഭിനയിക്കാതിരുന്നാൽ തനിക്ക് അത്തരം കഥാപാത്രങ്ങൾ നഷ്‌ടപ്പെടുന്നു. അതാണ് തന്‍റെ സങ്കടം. ഗരുഡൻ മലയാള സിനിമയിലെ മികച്ച ത്രില്ലർ സിനിമകളിൽ ഒന്നായിരിക്കും. സിനിമയുടെ അവതരണ രീതി വല്ലാതെ മോഹിപ്പിക്കുന്നതാണ്'- സിദ്ദിഖ് പറഞ്ഞു.
അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗരുഡനിലൂടെ അഭിരാമിയും മലയാള സിനിമയിലേയ്‌ക്ക് തിരികെ എത്തുന്നത്. ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അഭിരാമി അവതരിപ്പിക്കുന്നത്. പ്രൊമോഷന്‍ പരിപാടിയില്‍ അഭിരാമിയും സംസാരിച്ചിരുന്നു.
തന്നെ മലയാള സിനിമയിലേക്ക് പിടിച്ചുകയറ്റിയത് സുരേഷ് ഗോപിയാണെന്ന് അഭിരാമി പറഞ്ഞു. അതേസമയം വേദിയിൽ തന്നോടൊപ്പം നിൽക്കുന്ന ബിജുമേനോൻ ആണ് തന്‍റെ ആദ്യ നായകൻ. ഒപ്പം നിൽക്കുന്ന സിദ്ദിഖുമായി സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ ബന്ധമുണ്ട്. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ഒരു ടെലിവിഷൻ റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു. അന്നത്തെ ആ പ്രോഗ്രാമിന്‍റെ മുഖ്യ അവതാരകനും ജഡ്‌ജും ആയിരുന്നു സിദ്ദിഖ്.
വേദിയിൽ തന്നോടൊപ്പം നിൽക്കുന്ന മലയാളത്തിന്‍റെ മൂന്ന് നടന്‍മാരും തനിക്ക് കടപ്പാടുള്ള വ്യക്തികളാണ്. പത്രം സിനിമയിൽ അഭിരാമിയുടെ നായകനായ ബിജു മേനോൻ കഥാപാത്രത്തിന്‍റെ പേര് ഓർമയുണ്ടോ എന്ന് സുരേഷ് ഗോപിയുടെ അപ്രതീക്ഷിത ചോദ്യം. ഫിറോസ് മുഹമ്മദ് എന്ന ബിജുമേനോൻ കഥാപാത്രത്തിന്‍റെ പേര് ഓർത്തെടുക്കാൻ ആകാതെ അഭിരാമി വിഷമിച്ചപ്പോൾ സുരേഷ് ഗോപി തന്നെയാണ് മറുപടി നൽകിയതും. പത്രം സിനിമയിലെ കഥാപാത്രത്തിന്‍റെ പേര് ഓർമയുണ്ടോ എന്ന് ബിജു മേനോനോടും തമാശ രൂപത്തിൽ സുരേഷ് ഗോപി ചോദിച്ചു. പേര് ഓർമയുണ്ടെന്ന് ബിജു മേനോൻ രസകരമായി മറുപടി നൽകുകയും ചെയ്‌തു.