സിനിമ പ്രേമികള്‍ക്ക് സുവര്‍ണാവസരം ഒരുക്കി മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. സിനിമ ദിനത്തില്‍ പിവിആര്‍, ഐനോക്‌സ്, സിനിപോളിസ്, കാര്‍ണിവല്‍, ഡിലൈറ്റ് എന്നിവ ഉള്‍പ്പെടെയുള്ള മള്‍ട്ടിപ്ലക്‌സുകളിലെ 4,000 സ്‌ക്രീനുകളില്‍ 75 രൂപക്ക് സിനിമ ടിക്കറ്റുകള്‍ ലഭിക്കും. കൊവിഡ് സാഹചര്യത്തില്‍ നഷ്‌ടത്തിലായ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് വരുമാനം തിരികെ ലഭിച്ചതിന്‍റെ നന്ദി സൂചകമായാണ് പ്രേക്ഷകര്‍ക്ക് ഇത്തരമൊരു അവസരം ഒരുക്കുന്നത്.
സെപ്‌റ്റംബര്‍ 23നാണ് ദേശീയ സിനിമ ദിനം (National Cinema Day) ആചരിക്കാന്‍ മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. നേരത്തെ സെപ്‌റ്റംബര്‍ 16ന് രാജ്യത്തുടനീളം സിനിമ ദിനം ആചരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും 23ലേക്ക് മാറ്റുകയായിരുന്നു. ഓഹരി ഉടമകളുടെ അഭ്യര്‍ഥന പ്രകാരം പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സിനിമ ദിനം സെപ്‌റ്റംബര്‍ 23ലേക്ക് മാറ്റിയത്.
എന്നാല്‍ അടുത്തിടെ ഇറങ്ങിയ ബിഗ് ബജറ്റ് ചിത്രം ബ്രഹ്മാസ്‌ത്രയുടെ വിജയമാണ് സിനിമ ദിനാചരണം 23ലേക്ക് മാറ്റാന്‍ കാരണം എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സെപ്‌റ്റംബര്‍ ഒമ്പതിന് തിയറ്ററുകളില്‍ എത്തിയ ചിത്രം 200 കോടി കലക്ഷനാണ് ഇതിനോടകം നേടിയത്. 75 രൂപക്ക് ടിക്കറ്റ് വിറ്റാല്‍ ബ്രഹ്മാസ്‌ത്രയുടെ കലക്ഷനെ ബാധിക്കുമെന്നും അതിനാല്‍ സിനിമ ദിനത്തിന്‍റെ തീയതി മാറ്റണമെന്നും തിയറ്റര്‍ ഉടമകള്‍ അഭ്യര്‍ഥിക്കുകയായിരുന്നു എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സെപ്‌റ്റംബര്‍ മൂന്നിന് വളരെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കി കൊണ്ട് സിനിമ പ്രേമികള്‍ക്ക് സിനിമ കാണാനുള്ള അവസരം ഒരുക്കി അമേരിക്കയില്‍ ദേശീയ സിനിമ ദിനം ആചരിച്ചിരുന്നു. തുടര്‍ന്നാണ് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്. സിനിമ ദിനത്തിലെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തിയറ്ററുകളുടെ വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും ലഭ്യമാകും.
പുതിയ അപ്‌ഡേറ്റുകള്‍ക്കായി #NationalCinemaDay എന്ന ഹാഷ് ടാഗ് ഫോളോ ചെയ്യണമെന്ന് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.