ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്‌ത പാച്ചുവും അത്ഭുതവിളക്കും ഒടിടിയിലേക്ക്. ചിത്രം മെയ് 26ന് ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും. സിനിമ ഈ വർഷം ഏപ്രില്‍ 28നാണ് തിയേറ്ററുകളില്‍ എത്തിയത്.
ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരുന്നത്. തമിഴ്, തെലുഗു ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്. കോമഡി-ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയത്.
തന്‍റെ കഥാപാത്രമായ പാച്ചു സാധാരണ ജീവിതം നയിക്കുന്ന ഒരു സാധാരണ മനുഷ്യനാണ്. എന്നാൽ ഒരു അസാധാരണ യാത്രക്കിടെ പെട്ടെന്ന് അയാൾ സ്വയം കണ്ടെത്തുന്നു. അത് അയാളുടെ ജീവിത വീക്ഷണത്തെ മാറ്റിമറിക്കുന്നു. ഒരു വൈകാരിക യാത്രയുടെ മനോഹരമായ കഥയാണ് ചിത്രം പറയുന്നതെന്ന് ഫഹദ് ഫാസിൽ പറഞ്ഞു.
പ്രഖ്യാപനം മുതല്‍ തന്നെ സിനിമ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും ട്രെയിലറുമൊക്കെ ആളുകളെ ആകർഷിച്ചിരുന്നു. പെട്ടിയും ബാഗുകളുമായി പുതിയൊരു നഗരത്തിലേക്ക് എത്തിച്ചേരുന്ന ഫഹദ് ഫാസിലിന്‍റെ കഥാപാത്രമായിരുന്നു ഫസ്‌റ്റ് ലുക്ക് പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടത്.
മുംബൈയില്‍ നിന്നുള്ള യുവാവായാണ് സിനിമയില്‍ ഫഹദിന്‍റെ വേഷം. ഫഹദിന്‍റെ കഥാപാത്രത്തിലൂടെ പരസ്‌പരം കണ്ടുമുട്ടുന്ന രണ്ട് സ്‌ത്രീകളെ ചുറ്റിപറ്റിയാണ് സിനിമയുടെ കഥ പോകുന്നത്. അന്തരിച്ച മലയാളികളുടെ പ്രിയ താരം ഇന്നസെന്‍റിന്‍റെ സാന്നിധ്യവും ചിത്രത്തിലുണ്ട്. സിദ്ദിഖ്, വിനീത്, വിജയരാഘവന്‍ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഛായാഗ്രഹണം - ശരണ്‍ വേലായുധന്‍, സംഗീതം - ജസ്‌റ്റിന്‍ പ്രഭാകരന്‍. സത്യൻ അന്തിക്കാടിന്‍റെ മകനും ചിത്രത്തിന്‍റെ സംവിധായകനുമായ അഖിൽ സത്യൻ തന്നെയാണ് ഇതിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. 'ഞാന്‍ പ്രകാശന്‍', 'ജോമോന്‍റെ സുവിശേഷങ്ങള്‍' എന്നീ സിനിമകളുടെ അസോസിയേറ്റായി അഖില്‍ പ്രവർത്തിച്ചിട്ടുണ്ട്. 'ദാറ്റ്‌സ് മൈ ബോയ്' എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്‌തതും അഖിൽ സത്യനാണ്.
2023ലെ ഫഹദ് ഫാസിലിന്‍റെ ആദ്യ റിലീസ് ചിത്രമാണ് 'പാച്ചുവും അത്ഭുത വിളക്കും'. കൊവിഡ് മഹാമാരിക്ക് മുമ്പ് സിനിമയുടെ പ്രഖ്യാപനം നടത്തിയെങ്കിലും ചിത്രീകരണം പൂർത്തിയായത് വൈകിയായിരുന്നു. പുഷ്‌പ 2, ജിത്തു മാധവന്‍ ചിത്രം, ധൂമം, മാമനന്‍, തുടങ്ങിയവയാണ് ഫഹദ് ഫാസിലിന്‍റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങൾ.
പുഷ്‌പ 2വില്‍ ബന്‍വര്‍ സിങ് ശെഖാവത്ത് ആയി തന്നെയാണ് ഫഹദ് എത്തുന്നത്. അതേസമയം 'കെജിഎഫ്' നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം 'ധൂമ'ത്തില്‍ അപര്‍ണ ബാലമുരളി നായിക വേഷത്തിലെത്തും. 'കെജിഎഫ്' നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ആദ്യമായി മലയാളത്തിലേയ്‌ക്ക് എത്തുന്ന ചിത്രമാണ് ധൂമം. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'മാമനൻ' എന്ന ചിത്രത്തില്‍ ഫഹദിനൊപ്പം ഉദയാനിധി സ്‌റ്റാലിന്‍, കീര്‍ത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തും.
അതേസമയം, 'മലയൻകുഞ്ഞ്' എന്ന ചിത്രമാണ് ഫഹദിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‌തത്. രജിഷ വിജയൻ നായികയായി എത്തിയ ചിത്രത്തില്‍ ഇന്ദ്രൻസ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. സജിമോൻ പ്രഭാകര്‍ സംവിധാനം ചെയ്‌ത സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് മഹേഷ് നാരായണനായിരുന്നു. സിനിമയുടെ തിരക്കഥയും മഹേഷ് നാരായണനായിരുന്നു.