വനിത ചലച്ചിത്ര മേളയിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്നത് എന്ത് മാനദണ്ഡത്തിലാണെന്ന് സംവിധായകന്‍ ഡോ.ബിജു. മേളയില്‍ 'അസംഘടിതര്‍' എന്ന തന്‍റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തഴഞ്ഞതില്‍ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലാമണിയെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ഡോ.ബിജു രംഗത്തെത്തുകയായിരുന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
Dr Biju Facebook post: 'ചലച്ചിത്ര അക്കാദമി സുതാര്യവും ജനാധിപത്യപരവുമായി പ്രവർത്തിക്കുന്ന ഒരു ഇടമല്ല എന്നും മറിച്ച് സ്വജനപക്ഷപാതം ആവോളം നടക്കുന്ന ഒരിടം ആണെന്നും കഴിഞ്ഞ 17 വർഷമായി കാര്യ കാരണങ്ങൾ സഹിതം ദീർഘ ലേഖനങ്ങൾ എഴുതിയിട്ടുള്ള ആളാണ് ഞാൻ. മലയാള സിനിമയുടെ അക്കാദമിക് നിലവാരത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രോത്സാഹനം നൽകാൻ പ്രാപ്‌തമായ കാഴ്‌ചപ്പാട് അക്കാദമി ഒരു കാലത്തും പ്രകടിപ്പിച്ചിട്ടില്ല എന്നതും, വിമർശിക്കുന്നവരെയും അഭിപ്രായങ്ങൾ പറയുന്നവരെയും നിരന്തരം ഒഴിവാക്കുക എന്നതും അക്കാദമിയുടെ ശീലമാണ്.
ചലച്ചിത്ര മേളകളിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പിലും, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾക്കുള്ള ജൂറിയിലും അംഗങ്ങളെ നിശ്ചയിക്കുന്നതിൽ യോഗ്യതകൾ പോലുമില്ലാത്ത ആളുകൾ ഉൾപ്പെടുന്നതും സ്ഥിരം ജൂറി വേഷക്കാർ മാറി മാറി തുടരുന്നതും ഒക്കെ സാധാരണ നടപടിക്രമം ആണ്.
വിയോജിക്കാനും വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യപരമായ അവകാശം ആണ്. ഒരു ചലച്ചിത്ര മേളയിൽ ഒരു പെൺകുട്ടി വെറും ഒരു ഫോൺ ക്യാമറ മാത്രം ആയുധമാക്കി നടത്തിയ പ്രതിഷേധം പൊലീസിനെ ഉപയോഗിച്ച് അറസ്‌റ്റ് ചെയ്‌തു നീക്കിയ രീതി അത്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതും ആണ്. ചലച്ചിത്ര മേളയുടെ വേദികളിൽ തിരുവനന്തപുരത്തും ഗോവയിലും ഉൾപ്പെടെ എത്രയോ വിഷയങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്. അന്ന് ഒന്നും ആ പ്രതിഷേധങ്ങളെ നേരിട്ടത് പോലീസിനെ ഉപയോഗിച്ച് അറസ്‌റ്റ് ചെയ്‌തു നീക്കിയിട്ടല്ല.
എന്‍റെ ഓർമയിൽ കേരള ചലച്ചിത്ര മേളയിൽ പ്രതിഷേധക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്യുന്ന ഒരു സംഭവം ഉണ്ടാകുന്നത് ഏതാണ്ട് നാല് വർഷങ്ങൾക്ക് മുൻപാണ്. തിയേറ്ററിൽ ദേശീയ ഗാനം കാണിക്കുമ്പോൾ എഴുന്നേറ്റു നിൽക്കാതെ പ്രതിഷേധിച്ചു എന്ന പേരിൽ ഫെസ്‌റ്റിവല്‍ സ്ഥലത്ത് തിയേറ്ററിനുള്ളിൽ പൊലീസ് കയറി ഏതാനും പേരെ അറസ്‌റ്റ് ചെയ്‌ത സംഭവം ഉണ്ടായി. അതേ വർഷം തന്നെ ഗോവയിലും പൂനയിലും കൊൽക്കത്തയിലും ഒക്കെ ചലച്ചിത്ര മേളയിൽ ദേശീയ ഗാനം പ്രദർശിപ്പിച്ചപ്പോൾ ഒട്ടേറെ ആളുകൾ എഴുന്നേറ്റ് നിൽക്കാതെ പ്രതിഷേധിക്കുന്ന കാഴ്‌ച കണ്ടിട്ടുണ്ട് പക്ഷേ തിയേറ്ററിൽ പൊലീസിനെ കയറ്റി അറസ്‌റ്റ് ചെയ്യിച്ചത് കേരള ചലച്ചിത്ര മേളയിൽ ആണ്, നാല് വർഷം മുൻപ്.
വനിത ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് കുഞ്ഞില എന്ന സംവിധായിക ഉയർത്തിയ പ്രതിഷേധത്തിൽ ന്യായമായ ഒരു ചോദ്യം ഉണ്ട്. ഈ മേളയിലേക്ക് സിനിമകൾ തിരഞ്ഞെടുത്തത് എന്ത് പ്രോസസ്സിലൂടെ ആണ്. ആരാണ് സിനിമകൾ തിരഞ്ഞെടുത്ത കമ്മിറ്റി അംഗങ്ങൾ, സിനിമകൾ തിരഞ്ഞെടുത്തതിൽ മാനദണ്ഡങ്ങൾ എന്താണ്. നികുതി കൊടുക്കുന്ന ഏതൊരു പൗരനും ഇത് അറിയാനുള്ള അവകാശം ഉണ്ട്.
ഞാൻ മനസ്സിലാക്കിയിടത്തോളം വനിത ചലച്ചിത്ര മേളയിലേക്ക് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിന് കൃത്യമായ എന്തെങ്കിലും മാനദണ്ഡങ്ങളോ നിയമാവലിയോ അക്കാദമി ഇതുവരെ രൂപീകരിച്ചിട്ടില്ല. അവിടുത്തെ ചില ആളുകൾക്ക് അവർക്ക് ഇഷ്‌ടമുള്ള ചില ആളുകളുടെ സിനിമ പ്രദർശിപ്പിക്കുക എന്നതാണ് നിലവിലെ രീതി. ഈ ലാഘവത്വം ഗുരുതരമായ അലംഭാവം ആണ്. കുഞ്ഞിലയുടെ ചോദ്യം ഇവിടെ പ്രസക്തമാണ്... വനിത ചലച്ചിത്ര മേളയിൽ സിനിമകൾ തിരഞ്ഞെടുക്കുന്നതിന് ഒരു നിയമാവലിയും, മാനദണ്ഡവും സെലക്ഷൻ കമ്മിറ്റിയും എന്തുകൊണ്ട് ഇല്ല.
- " class="align-text-top noRightClick twitterSection" data="">
കുഞ്ഞിലയുടെ പ്രതിഷേധവും തുടർന്നുള്ള അറസ്‌റ്റും അതിന്‍റെ രീതിയും കൂടുതൽ ഗുരുതരമായ ഒരു ചോദ്യം കൂടി ജനാധിപത്യ കേരളത്തിന് മുന്നിൽ ഉയർത്തുന്നുണ്ട്. ആശയപരമായ പ്രതിഷേധങ്ങൾ ചലച്ചിത്ര മേള പോലെയുള്ള ഒരു സാംസ്‌കാരിക വേദിയിൽ ഉയരുമ്പോൾ അതിനെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന ഫാസിസ്‌റ്റ് രീതി എന്ന് മുതലാണ് കേരളത്തിൽ തുടങ്ങിയത്?.
പ്രതിഷേധങ്ങളെയും വിമർശനങ്ങളെയും സഹിഷ്‌ണുതയോടെ നേരിടാൻ പറ്റാത്ത ഒരു അക്കാദമി എന്ത് മാനവികതയെയും രാഷ്‌ട്രീയത്തെയും പറ്റിയാണ് സംസാരിക്കുന്നത്?. ഫാസിസത്തിന് എതിരായ സിനിമകൾ മേളയിൽ പ്രദർശിപ്പിക്കുകയും അതേസമയം ഒറ്റയ്‌ക്ക് നിരായുധയായി പ്രതിഷേധിക്കുന്ന ഒരു സ്‌ത്രീയെ പൊലീസിനെ ഉപയോഗിച്ച് വലിച്ചിഴച്ചു അറസ്‌റ്റ് തീരുമാനിക്കുകയും ചെയ്യുന്ന നിലപാടിലെ വൈരുധ്യവും കപടതയും തിരിച്ചറിയേണ്ടതുണ്ട്. പ്രതിഷേധങ്ങളെയും ചോദ്യങ്ങളേയും ഭയപ്പെടുന്നതും അടിച്ചമർത്തുന്നതും ഫാസിസം തന്നെയാണ്.
നിലപാടുകൾ തിരുത്തുകയും സുതാര്യമായ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുകയുമാണ് അക്കാദമി ചെയ്യേണ്ടത്. ഒരു കുഞ്ഞിലയെ അറസ്‌റ്റ് ചെയ്‌തത് കൊണ്ടൊന്നും ചോദ്യങ്ങൾ ഇല്ലാതാവില്ല എന്നത് ഓർക്കണം..', ഡോ.ബിജു കുറിച്ചു.