ചരിത്ര പശ്ചാത്തലത്തിലുളള കഥ പറഞ്ഞ് ഒരുക്കിയ അക്ഷയ് കുമാര്‍ ചിത്രം പൃഥ്വിരാജ് റിലീസിന് തയ്യാറെടുക്കുകയാണ്. ഡോ.ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്‌ത സിനിമയില്‍ സാമ്രാട്ട് പൃഥ്വിരാജ് ചൗഹാന്‍റെ സംഭവ ബഹുലമായ ജീവിത കഥയാണ് ഇതിവൃത്തം.
ബിഗ് ബജറ്റ് ചിത്രത്തിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും പാട്ടുമെല്ലാം സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും മൊഴിമാറ്റിയ സിനിമ ജൂണ്‍ മൂന്നിനാണ് പുറത്തിറങ്ങുന്നത്.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഘോര്‍ ഭരണാധികാരിയായിരുന്ന മുഹമ്മദ് ഘോറും പൃഥ്വിരാജ് ചൗഹാനുമായുളള യുദ്ധമാണ് സിനിമയുടെ പശ്ചാത്തലം. അക്ഷയ് കുമാര്‍ ചിത്രത്തിനായി 50,000 തരം വസ്‌ത്രങ്ങളും 500 തലപ്പാവുകളുമാണ് തയ്യാറാക്കിയതെന്ന് പറയുകയാണ് സംവിധായകന്‍ ചന്ദ്രപ്രകാശ് ദ്വിവേദി.
പൃഥ്വിരാജ് പോലൊരു ചരിത്ര സിനിമ എടുക്കുമ്പോള്‍ ഏറെ സൂക്ഷ്‌മത പുലര്‍ത്തേണ്ടിയിരുന്നു എന്നും സംവിധായകന്‍ പറയുന്നു. "ബിഗ് ബജറ്റ് ചിത്രത്തിനായി 50,000 കോസ്റ്റ്യൂമുകളും 500 തലപ്പാവുകളുമാണ് ഒരുക്കിയത്. അന്നത്തെ കാലത്തെ രാജാക്കന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ അണിഞ്ഞിരുന്ന വസ്‌ത്രങ്ങളുടെ അതേ മാതൃകയിലാണ് ഇതെല്ലാം തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
തലപ്പാവ് ഉണ്ടാക്കാന്‍ മാത്രം ഒരു വിദഗ്‌ധനെ നിര്‍ത്തി. ഈ വസ്‌ത്രങ്ങളെല്ലാം രാജസ്ഥാനില്‍ നിന്നുളള കോസ്റ്റ്യൂം ഡിസൈനര്‍ അദ്ദേഹത്തിന്‍റെ ടീമിനൊപ്പം കൈകൊണ്ട് നിര്‍മിച്ചതാണ്. രാജസ്ഥാനി രാജാവിന്‍റെ കഥയായതുകൊണ്ട് അവിടെ നിന്നുളള ഒരാളെ കൊണ്ട് കോസ്റ്റ്യൂം രൂപകല്‍പ്പന ചെയ്യുകയായിരുന്നു.
രാജസ്ഥാനില്‍ നിന്നുളള കോസ്റ്റ്യൂം ടീമിനെ മുംബൈയില്‍ താമസിപ്പിക്കുകയായിരുന്നു. ഈ സിനിമയെ കുറിച്ചുളള തന്‍റെ കാഴ്‌ചപ്പാട് മനസിലാക്കിയ ആദിത്യ ചോപ്രയെ പോലൊരു നിര്‍മാതാവിനെ കിട്ടിയതില്‍ അഭിമാനം കൊള്ളുന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ഇതുപോലൊരു ചരിത്ര കഥ പറഞ്ഞ് സിനിമ ഒരുക്കാന്‍ അദ്ദേഹം നന്നായി പിന്തുണച്ചുവെന്നും ചന്ദ്രപ്രകാശ് ദ്വിവേദി വ്യക്‌തമാക്കി. മുന്‍ ലോകസുന്ദരി മാനുഷി ചില്ലറാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ നായിക. മാനുഷിക്ക് പുറമെ സഞ്ജയ് ദത്ത്, സോനു സൂദ് എന്നീ ശ്രദ്ധേയ താരങ്ങളും പൃഥ്വിരാജ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.