മമ്മൂട്ടിയുടെ ഭീഷ്‌മപര്‍വ്വം കണ്ട് മെഗാസ്‌റ്റാറിനെയും ടീമിനെയും പ്രശംസിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. മഹത്തരമായ ഒരു കലാസൃഷ്‌ടിയാണ് ഭീഷ്‌മപര്‍വ്വമെന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. 'ഭീഷ്‌മപര്‍വ്വത്തിലെ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ബഹുമാനവും സ്നേഹവും.
അമല്‍ നീരദും ഛായാഗ്രാഹകന്‍ ആനന്ദ് സി ചന്ദ്രനും സൃഷ്‌ടിച്ച ലുക്കും ഫീലും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു', സിനിമയെ അഭിനന്ദിച്ച് സംവിധായകന്‍ കുറിച്ചു. അല്‍ഫോണ്‍സ് പുത്രന്‍റെ പോസ്‌റ്റിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. കൂട്ടത്തില്‍ ഒരു ആരാധകന്‍ കുറിച്ച കമന്‍റും അതിന് സംവിധായകന്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായി.
മമ്മൂട്ടിയെ കുറിച്ച് രാജേഷ് ബാബു രാമലിംഗം എന്ന തമിഴ് ആരാധകന്‍ കുറിച്ച കമന്‍റിനാണ് അല്‍ഫോണ്‍സ് മറുപടി നല്‍കിയത്. 'സര്‍, ലോക സിനിമയിലെ തന്നെ എറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി സര്‍. ഓരോ സിനിമകളിലും അതിലെ കഥാപാത്രത്തിന് ജീവനും ആത്‌മാവും നല്‍കുന്ന അപൂര്‍വം നടന്മാരില്‍ ഒരാള്‍.
സ്‌റ്റാര്‍ഡം ഇല്ലാത്ത അത്‌ഭുത മനുഷ്യന്‍. മഹാനായ മമ്മൂട്ടി സാറിനോട് ഒരുപാട് ബഹുമാനവും സ്നേഹവും എന്നാണ് ആരാധകന്‍ അല്‍ഫോണ്‍സിന്‍റെ പോസ്റ്റിന് താഴെ കമന്‍റിട്ടത്. പിന്നാലെ ആരാധകന്‍ പറഞ്ഞതിനോട് യോജിച്ച് അല്‍ഫോണ്‍സ് പുത്രനും എത്തി.
സംവിധായകന്‍റെ വാക്കുകള്‍; 'രാജേഷ് ബാബു രാമലിംഗം ശരിയായ വാക്കുകളാണ് നിങ്ങള്‍ പറഞ്ഞത്. ഹോളിവുഡ് താരങ്ങളായ ക്ലിന്‍റ് ഈസ്‌റ്റ്‌വുഡ്, റോബര്‍ട്ട് ഡീ നിറോ, ആല്‍പച്ചീനോ എന്നിവരെക്കാള്‍ വലിയ റേഞ്ചുളള നടനാണ് മമ്മൂക്കയെന്ന് ഞാന്‍ കരുതുന്നു.
എന്‍റെ അഭിപ്രായത്തില്‍ കേരളത്തിന്‍റെയും തമിഴ്‌നാടിന്‍റെയും ഇന്ത്യയുടെയും മാത്രമല്ല, ലോകത്തിന്‍റെ തന്നെ എറ്റവും വിലയേറിയ രത്‌നങ്ങളില്‍ ഒരാളാണ് അദ്ദേഹം. മമ്മൂക്ക ശരിക്കും ഒരു രാജമാണിക്യം തന്നെയാണ്', അല്‍ഫോണ്‍സ് പുത്രന്‍ ആരാധകന് മറുപടിയായി കുറിച്ചു.
പ്രേമം സിനിമ ഇറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ ചിത്രമായ ഗോള്‍ഡുമായി അല്‍ഫോണ്‍സ് പുത്രന്‍ എത്തുന്നത്. പൃഥ്വിരാജും നയന്‍താരയും മുഖ്യ വേഷങ്ങളിലെത്തുന്ന സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക്ക് ഫ്രെയിംസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. സംവിധാനത്തിന് പുറമെ ചിത്രത്തിന്‍റെ എഡിറ്റിംഗും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍, വിശ്വജിത്ത് എന്നിവരാണ് ഛായാഗ്രഹണം. രാജേഷ് മുരുകേശന്‍ പാട്ടുകള്‍ ഒരുക്കുന്നു.
2013ലാണ് അല്‍ഫോണ്‍സ് പുത്രന്‍റെ ആദ്യ ചിത്രമായ നേരം പുറത്തിറങ്ങിയത്. മലയാളത്തിലും തമിഴിലുമായി ഒരുക്കിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് 2015ല്‍ ഇറങ്ങിയ പ്രേമം സംവിധായകന്‍റേതായി തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറി.
സെന്‍സര്‍ കോപ്പി ഇറങ്ങിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ക്ലബ് ചിത്രമായി പ്രേമം മാറുമായിരുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും സിനിമ വലിയ രീതിയില്‍ തരംഗമായി മാറി. 200ലധികം ദിവസമാണ് തമിഴ്‌നാട്ടിലെ ഒരു തിയേറ്ററില്‍ പ്രേമം പ്രദര്‍ശിപ്പിച്ചത്.