ധ്യാൻ ശ്രീനിവാസൻ എന്ന അഭിനേതാവിനെക്കാൾ മലയാളികൾക്ക് ഒരു പൊടിക്ക് ഇഷ്‌ടക്കൂടുതൽ ധ്യാൻ ശ്രീനിവാസൻ നൽകുന്ന ഇന്‍റർവ്യൂകൾ ആയിരിക്കും. രസിപ്പിച്ചും പൊലിപ്പിച്ചും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാറുണ്ട് ഇന്‍റർവ്യൂകളിൽ ധ്യാൻ. ഇപ്പോഴിതാ തന്‍റെ പുതിയ സിനിമ 'ചീനാ ട്രോഫി'യുടെ ഭാഗമായുള്ള പ്രസ് മീറ്റിനിടെയുള്ള ധ്യാനിന്‍റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസമാണ് നവാഗതനായ അനിൽ ലാൽ സംവിധാനം ചെയ്‌ത 'ചീനാ ട്രോഫി' തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ചിത്രത്തിന്‍റെ ആദ്യ ഷോ കഴിഞ്ഞശേഷം അണിയറ പ്രവർത്തകർ മാധ്യമങ്ങളെ കാണാൻ എത്തി. ആദ്യം മാധ്യമ പ്രവർത്തകരെ കൊണ്ട് തന്നെ സിനിമയുടെ റിവ്യൂ ധ്യാൻ പറയിപ്പിച്ചു.
തിയേറ്ററിൽ നിന്ന് ലഭിക്കുന്ന പ്രതികരണം എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് മറുചോദ്യത്തിലൂടെ മാധ്യമ പ്രവർത്തകനെ കൊണ്ടുതന്നെ രസകരമായി ഉത്തരം പറയിപ്പിക്കുകയായിരുന്നു ധ്യാൻ. നിങ്ങൾ ചിത്രം കണ്ടോ എന്ന ചോദ്യത്തിന് കണ്ടു എന്നായിരുന്നു ഉത്തരം. പിന്നാലെ ചിത്രം എങ്ങനെയുണ്ടെന്ന് ധ്യാൻ. ആദ്യം നന്നായെന്ന് പറഞ്ഞ മാധ്യമ പ്രവർത്തകൻ വീണ്ടും ചോദിച്ചതോടെ രണ്ടാം പകുതിയിൽ ചില കല്ലുകടി ഉണ്ടായതായി തുറന്ന് പറഞ്ഞു.
ആദ്യപകുതി ഗംഭീരം, രണ്ടാം പകുതിയിൽ ആസ്വാദന തലത്തിന് ചെറിയ കോട്ടം സംഭവിച്ചിട്ടുണ്ടെന്നും മാധ്യമ പ്രവർത്തകൻ പറഞ്ഞു. അപ്പോൾ ക്ലൈമാക്‌സ് എങ്ങനെയുണ്ട് എന്ന അടുത്ത ചോദ്യവുമായി ധ്യാൻ എത്തി. ക്ലൈമാക്‌സ് ഇഷ്‌ടപ്പെട്ടു എന്നായിരുന്നു ഉത്തരം. കുടുംബ പ്രേക്ഷകർക്ക് ചിത്രം ഇഷ്‌ടമാവുമെന്നും അദ്ദേഹം പറഞ്ഞു. ഒടുക്കം ഇതുതന്നെയാണ് ചിത്രത്തെക്കുറിച്ച് തനിക്കും പറയാനുള്ളതെന്ന് ധ്യാനും വ്യക്തമാക്കി.
ഒരു ഗ്രാമത്തിലെ ചെറുപ്പക്കാരന്‍റെ കഥ പറയുന്ന ഒരു കുഞ്ഞു ചിത്രമാണിതെന്ന് ധ്യാൻ കൂട്ടിച്ചേർത്തു. അവകാശവാദങ്ങളൊന്നും തന്നെ ഉന്നയിക്കുന്നില്ല. സിനിമ കണ്ടവരുടെ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് വേണം തിയേറ്ററിലേക്ക് ചിത്രം കാണാൻ കൂടുതൽ ആൾക്കാർ എത്താൻ. നിങ്ങളുടെ റിവ്യൂകൾ ഒരുപാട് ആളുകൾ കാണുമെന്നും കുടുംബപ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിൽ ഒരുക്കിയ ചിത്രമാണിതെന്നും ധ്യാൻ വ്യക്തമാക്കി.
ഒരുപാട് പ്രതിസന്ധികളിൽ നിന്നാണ് ചിത്രം പൂർത്തിയാക്കിയതെന്ന് സംവിധായകൻ അനിൽ ലാലും പറഞ്ഞു. ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത് മുതൽ കേരളത്തിൽ കനത്ത മഴയായിരുന്നു. എല്ലാ ചിത്രങ്ങളും ഷെഡ്യൂൾ ബ്രേക്ക് ചെയ്‌തപ്പോഴാണ് ചീനാ ട്രോഫിയുടെ ചിത്രീകരണം ആരംഭിക്കുന്നത് തന്നെ.
മഴ സൃഷ്‌ടിച്ച പ്രതിസന്ധികളിലൂടെ ചിത്രം പൂർത്തിയാക്കി. ഫൈനൽ മിക്‌സിങ് നടക്കുമ്പോൾ ചെന്നൈയിൽ കനത്ത മഴയായിരുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോകൾ എല്ലാം അടച്ചുപൂട്ടി. റിലീസിങ് വരെ മുടങ്ങി പോകുമോ എന്ന് ഭയന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ധ്യാൻ ശ്രീനിവാസനോടൊപ്പം സംസാരിച്ചിരിക്കുന്നത് നിങ്ങളെപ്പോലെ തന്നെ തനിക്കും ഏറെ രസകരമായ അനുഭവമായിരുന്നു എന്ന് ചിത്രത്തിൽ നായികയായി എത്തിയകെന്‍റി സിർദോ പറഞ്ഞു. ചീനാ ട്രോഫിയുടെ ലൊക്കേഷൻ മികച്ച ഒരു അനുഭവമാണ് തനിക്ക് നൽകിയതെന്നും ലോക സിനിമയ്‌ക്ക് മുന്നിൽ മലയാള സിനിമ എക്കാലവും ഒരു മാതൃകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ചീനാ ട്രോഫി ജനങ്ങൾ ഏറ്റെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കെന്‍റി സിർദോ കൂട്ടിച്ചേർത്തു.
ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാണ് കെന്‍റി സിർദോ. ജോണി ആന്‍റണി, വരദ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചീനാ ട്രോഫിയിൽ മറ്റു പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. പ്രസിഡൻഷ്യൽ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവർ ചേർന്നാണ് ചീനാ ട്രോഫിയുടെ നിർമാണം.
READ MORE: 'ചൂടാറുംനേരം' മേക്കിംഗ് വീഡിയോ പുറത്ത്; ധ്യാനിന്‍റെ 'ചീനാ ട്രോഫി' ഡിസംബർ 8ന്