2022ൽ ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ വിൽ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്‍റെ മുഖത്തടിച്ചത് ഏറെ വിവാദമായിരുന്നു. ഭാര്യ ജെയ്ഡപിങ്കെറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇനി ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാൻ ശക്തമായ തയ്യാറെടുപ്പുകളോടെ സംഘാടകര്‍.
അക്കാദമി പുരസ്കാരദാന ചടങ്ങിന്‍റെ ചരിത്രത്തില്‍ ആദ്യമായി സംഘാടകര്‍ 'ക്രൈസിസ് ടീമിനെ' നിയോഗിച്ചു. ഒരു അഭിമുഖത്തിലാണ് അക്കാദമി പ്രസിഡൻ്റ് ജാനറ്റ് യാങ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ തവണത്തെ സംഭവത്തിൽ തങ്ങളുടെ പ്രതികരണം വേണ്ടത്ര വേഗത്തിലല്ലായിരുന്നു, എന്നാൽ ഇത്തവണ എന്ത് പ്രതിസന്ധി വന്നാലും നേരിടാൻ തക്ക ഒരു ടീം ഉണ്ട്.
കൂടാതെ ഒന്നിലധികം സാഹചര്യം നേരിടാനായി നിരവധി പദ്ധതികളും അനാവരണം ചെയ്‌തിട്ടുണ്ട്. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് മേധാവി ക്രാമർ പറയുന്നതനുസരിച്ച് പ്രതീക്ഷിക്കാത്ത എന്തിനെയും നേരിടാൻ തയ്യാറാവുമെന്നും. അങ്ങനെ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിനെ എതിർക്കാൻ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷത്തെ സംഭവം കാരണം, ഓസ്‌കറിൽ സംഭവിക്കാവുന്ന പല കാര്യങ്ങളെക്കുറിച്ചും അക്കാദമി ചർച്ചചെയ്‌തിട്ടുണ്ട്. ഈ പ്രതിസന്ധി പദ്ധതികളും ക്രൈസിസ് ടീമുകളും, അടിയന്തര സാഹചര്യങ്ങളിൽ ഒരു പ്രസ്താവന നൽകാൻ വളരെ വേഗത്തിൽ ഒത്തുചേരുന്നതായിരിക്കും. ഒന്നും സംഭവിക്കില്ലെന്ന് അക്കാദമി പ്രതീക്ഷിക്കുന്നു സംഭവിക്കുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ അവർ തയ്യാറാണ് ക്രാമർ വെളിപ്പെടുത്തി.
മികച്ച ഡോക്യുമെൻ്ററി ഫീച്ചർ വിഭാഗത്തിനുള്ള അവാർഡ് റോക്ക് പ്രഖ്യാപിക്കുന്നതിനിടെ 2022ലെ ഓസ്‌കറിൽ ക്രിസ് റോക്കിനെ വിൽ സ്മിത്ത് അടിച്ചിരുന്നു. അലോപ്പീസിയ രോഗം മൂലം മൊട്ടയടിച്ച ജാഡ പിങ്കറ്റ് സ്‌മിത്തിൻ്റെ തലയെക്കുറിച്ച് റോക്ക് ഒരു വിവാദ തമാശ പറഞ്ഞു. റോക്കിനെ തല്ലിയ ശേഷം, സ്‌മിത്ത് തൻ്റെ ഇരിപ്പിടത്തിലേക്ക് മടങ്ങുകയും റോക്കിനുനെരെ ഒച്ചയെടുത്ത് സംസാരിക്കുകയും ചെയ്‌തു. ഉടനടി നടപടിയെടുക്കാതിരുന്ന അക്കാദമി അന്ന് രാത്രി തന്നെ 'ഒരു തരത്തിലും അക്രമത്തെ അംഗീകരിക്കില്ല' എന്ന് പ്രസ്താവനയിറക്കുകയും ചെയ്‌തു. അടുത്ത ദിവസം അക്കാദമിയോട് ക്ഷമാപണം നടത്തിയ വിൽ സ്‌മിത്ത് കുറച്ച് ദിവസങ്ങൾക്ക് ശേഷം അക്കാദമിയിൽ നിന്ന് രാജിവച്ചു. 2023 മാർച്ച് 12നാണ് ഓസ്‌കർ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.