വാഷിങ്ടണ്‍ : 'ഫ്രഷ് ഓഫ് ദി ബോട്ട്' എന്ന അമേരിക്കന്‍ ടെലിവിഷന്‍ സീരീസില്‍ അഭിനയിച്ചിരുന്ന കാലത്ത് തനിക്ക് ഒരു നിര്‍മാതാവില്‍ നിന്ന് ലൈംഗികാതിക്രമവും ഭീഷണിയും നേരിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഹോളിവുഡ് താരം കോൺസ്റ്റൻസ് വു. വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന അറ്റ്ലാന്‍റിക് ഫെസ്‌റ്റിവല്‍ വേദിയിലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍.
'ഷോയുടെ ആദ്യ രണ്ട് സീസണില്‍ നേരിട്ട ലൈംഗികാതിക്രമവും ഭീഷണിയും എനിക്ക് മൂടിവയ്‌ക്കേണ്ടി വന്നു. എന്നാല്‍ രണ്ടാം സീസണിന് ശേഷം ഷോ മികച്ച വിജയം കൈവരിച്ചിരുന്നതിനാല്‍ ജോലി പോകുമെന്ന ഭയം എനിക്കില്ലായിരുന്നു. ലൈംഗികാതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്ന നിര്‍മാതാവിനോട് ഞാന്‍ സധൈര്യം നോ പറയാന്‍ തുടങ്ങി.
'ഞാന്‍ ചിന്തിച്ചത് - ഈ പ്രശ്‌നം ഞാന്‍ കൈകാര്യം ചെയ്‌തു. അത് മറ്റാരും അറിയേണ്ട കാര്യമില്ല. ഷോയുടെയും ഏഷ്യന്‍ അമേരിക്കന്‍ നിര്‍മാതാവിന്‍റെയും പ്രശസ്‌തി കളങ്കപ്പെടുത്തേണ്ട എന്നുമാണ്' - കോൺസ്റ്റൻസ് വു പറഞ്ഞു. ഓര്‍മക്കുറിപ്പായ 'മേക്കിങ് എ സീന്‍' പുറത്തിറങ്ങുന്നതിന് മുന്നോടിയായുള്ള അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍.
കോൺസ്റ്റൻസ് വുവിന്‍റെ രചനയില്‍ പ്രമുഖ പ്രസാധകരായ സൈമണ്‍ ആന്‍ഡ് ഷസ്‌റ്റർ പ്രസിദ്ധീകരിക്കുന്ന പുസ്‌തകം ഒക്‌ടോബര്‍ നാലിനാണ് പുറത്തിറങ്ങുന്നത്. സിറ്റ്‌കോമില്‍ അഭിനയിക്കുന്ന വേളയിലുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് ഓര്‍മക്കുറിപ്പില്‍ ഉള്‍പ്പെടുത്താന്‍ പ്രസാധകർ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ആളുകള്‍ അതിനെ എങ്ങനെ സ്വീകരിക്കുമെന്ന് ഓര്‍ത്ത് താന്‍ വിമുഖത പ്രകടിപ്പിച്ചെന്ന് കോൺസ്റ്റൻസ് വു പറഞ്ഞു.
'പതിയെ ഇതിനെ കുറിച്ച് സംസാരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് ഞാന്‍ മനസിലാക്കി. എന്നാല്‍ ഈ ഷോ ഏഷ്യന്‍ അമേരിക്കന്‍ വിഭാഗത്തെ സംബന്ധിച്ചിടത്തോളം ചരിത്രമായിരുന്നു. 20 വര്‍ഷത്തിനിടയില്‍ നെറ്റ്‌വര്‍ക്ക് ടെലിവിഷനില്‍ സംപ്രേഷണം ചെയ്‌ത, ഏഷ്യന്‍ അമേരിക്കന്‍ ആളുകള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏക സീരീസ് ആയതിനാല്‍ ഷോയുടെ പ്രശസ്‌തി കളങ്കപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല' - താരം പറഞ്ഞു.
പുതിയ തുടക്കം : ഷോ റിന്യൂ ചെയ്യുന്നതിനെതിരെയുള്ള തന്‍റെ ട്വീറ്റുകളുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചും താരം മനസ് തുറന്നു. 'എനിക്ക് പുതിയൊരു തുടക്കമായിരുന്നു ആവശ്യം. ചൂഷണത്തിനിരയായ ഓര്‍മകളുമായി എനിയ്ക്ക് ഒരു ഷോ ചെയ്യേണ്ടിയിരുന്നില്ല. കുറച്ച് പേര്‍ക്കെങ്കിലും ഞാന്‍ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് അറിയാമായിരുന്നു.
ലൈംഗിക ചൂഷണത്തിന് ശേഷം എല്ലാ ദിവസവും ജോലിക്ക് പോവേണ്ടിവരികയും ഇക്കാര്യം (ലൈംഗികാതിക്രമം) അറിയാവുന്നവർ എന്നെ ഉപദ്രവിച്ചിരുന്ന വ്യക്തിയോട് സൗഹൃദപരമായി പെരുമാറുകയും ചെയ്യുന്നത് ഓരോ തവണയും വഞ്ചനയായിട്ടാണ് അനുഭവപ്പെട്ടത്.
'ഷോയില്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാവരെയും ഇഷ്‌ടമാണ്. ഷോയില്‍ പ്രവര്‍ത്തിക്കാനായതിലും എനിയ്ക്ക് സന്തോഷമുണ്ട്. എന്നാല്‍ ഷോയുടെ തുടക്കത്തില്‍ നേരിടേണ്ടി വന്ന ലൈംഗിക ചൂഷണം. രണ്ട് വര്‍ഷത്തിന് ശേഷം ഞാന്‍ അതിനെ കൈകാര്യം ചെയ്‌തെങ്കിലും ഒരു ക്ലീന്‍ സ്ലേറ്റായിരുന്നു എനിയ്ക്ക് ആവശ്യം' - കോൺസ്റ്റൻസ് വു കൂട്ടിച്ചേര്‍ത്തു.
2015 മുതല്‍ 2020 വരെ എബിസി നെറ്റ്‌വര്‍ക്കില്‍ സംപ്രേഷണം ചെയ്‌ത 'ഫ്രഷ് ഓഫ് ദി ബോട്ടി'ലൂടെയാണ് താരത്തിന് ബ്രേക്ക് ത്രൂ ലഭിച്ചത്. ഇതിലെ അഭിനയത്തിന് ക്രിട്ടിക്‌സ് ചോയ്‌സ് ടെലിവിഷന്‍ അവാര്‍ഡ് ഇന്‍ എ കോമഡി സീരീസ് മികച്ച അഭിനേത്രിക്കുള്ള നോമിനേഷന്‍ താരത്തിന് ലഭിച്ചിരുന്നു. 2018ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക് കോമഡി ഡ്രാമ ഗണത്തില്‍പ്പെടുന്ന 'ക്രേസി റിച്ച് ഏഷ്യന്‍സ്' ആണ് കോൺസ്റ്റൻസ് വുവിന് ആഗോളതലത്തില്‍ പ്രശസ്‌തി നേടിക്കൊടുത്ത ചിത്രം.