കൊച്ചി: വില്ലൻ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ ചലച്ചിത്ര നടൻ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം. ബാദുഷയാണ് ഫേസ്ബുക്കിലൂടെ കസാന്‍ ഖാന്‍റെ മരണ വിവരം പുറത്തുവിട്ടത്.
- " class="align-text-top noRightClick twitterSection" data="">
തെന്നിന്ത്യന്‍ സിനിമാലോകത്ത് നിരവധി പ്രതിനായക വേഷങ്ങളിലൂടെ തിളങ്ങിയ നടനാണ് കസാന്‍ ഖാന്‍. 'സിഐഡി മൂസ' എന്ന ഒരൊറ്റ സിനിമ മതി മലയാളി പ്രേക്ഷകർക്ക് കസാന്‍ ഖാന്‍ എന്ന നടനെ എക്കാലവും ഓർക്കാൻ. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച 'സിഐഡി മൂസ'യിലെ കസാന്‍ ഖാന്‍ അവതരിപ്പിച്ച വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
1992 ല്‍ പുറത്തിറങ്ങിയ 'സെന്തമിഴ് പാട്ട്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് കസാന്‍ ഖാന്‍ അഭിനയ ലോകത്ത് എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും കന്നഡയിലുമായി അന്‍പതോളം സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. തമിഴ് ചിത്രങ്ങളിലാണ് കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. ഭൂരിഭാഗവും വില്ലൻ വേഷങ്ങളായിരുന്നു അദ്ദേഹം വെള്ളിത്തിരയില്‍ പകർന്നാടിയത്.
അതേസമയം മോഹൻലാല്‍ നായകനായെത്തിയ 'ഗാന്ധര്‍വ്വം' എന്ന ചിത്രത്തിലൂടെയാണ് കസാന്‍ ഖാന്‍ മലയാളി പ്രേക്ഷകർക്ക് മുന്നില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 'സിഐഡി മൂസ, ദി കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദി ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ' തുടങ്ങി നിരവധി ചിത്രങ്ങളിലും അദ്ദേഹം മലയാളത്തില്‍ വേഷമിട്ടു.
'ഉള്ളത്തൈ അള്ളിത്താ, ബദ്രി, ധര്‍മ്മ' തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. 'ഹബ്ബ, നാഗദേവതെ' എന്നിവയാണ് വേഷമിട്ട കന്നഡ ചിത്രങ്ങൾ. കൂടാതെ 'ആര്‍ട്ട് ഓഫ് ഫൈറ്റിംഗ് 2' എന്ന ഇംഗ്ലീഷ് ചിത്രത്തിലും കസാന്‍ ഖാന്‍ അഭിനയിച്ചിട്ടുണ്ട്.
ചിരി ബാക്കിയാക്കി മടങ്ങി സുധി: വാഹനാപകടത്തിൽ നടനും മിമിക്രി താരവുമായ കൊല്ലം സുധി മരണപ്പെട്ട വാർത്ത വന്നതിന് പിന്നാലെയാണ് ഇപ്പോൾ കസാന്‍ ഖാന്‍റെ വിയോഗവും ഉണ്ടായിരിക്കുന്നത്. കയ്‌പമംഗലം പനമ്പിക്കുന്നിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ആണ് കൊല്ലം സുധി മരണപ്പെട്ടത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്‌വൈഎസ്, സാന്ത്വനം, ആക്‌ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറില്‍ സുധിക്ക് ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കേറ്റിരുന്നു.
ചികിത്സയിലായിരുന്ന നടന്‍ ബിനു അടിമാലി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. തനിക്ക് ഇപ്പോൾ യാതൊരു കുഴപ്പവുമില്ലെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്‍റെ ആദ്യ പ്രതികരണം. എല്ലാവരും നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്‌തുവെന്ന് പറഞ്ഞ ബിനു അടിമാലി തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പറഞ്ഞിരുന്നു.
READ MORE: Actor Kollam Sudhi Death | ബിനു അടിമാലി ആശുപത്രി വിട്ടു; കുഴപ്പമൊന്നുമില്ലെന്ന് പ്രതികരണം