തൃശൂർ : സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്‌ണൻകുട്ടിക്ക് വിട. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ (26.06.2022) രാത്രിയായിരുന്നു അന്ത്യം. കവി, ഭക്തിഗാന രചയിതാവ്, സിനിമാഗാന രചയിതാവ്, തിരക്കഥാകൃത്ത്, ചലച്ചിത്ര നടൻ, മാധ്യമപ്രവര്‍ത്തകന്‍, തായമ്പക വിദഗ്‌ധന്‍ തുടങ്ങി നിരവധി മേഖലകളിൽ പ്രസിദ്ധനായിരുന്നു അദ്ദേഹം.
ഭക്തിഗാനരചയിതാവ് എന്ന നിലയിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധേയനായത്. 1936 സെപ്റ്റംബർ 10ന് ഗുരുവായൂരിനടുത്തുള്ള ചൊവ്വല്ലൂരിൽ കൊടുങ്ങല്ലൂർ വാരിയത്ത് ശങ്കുണ്ണി വാരിയരുടെയും ചൊവ്വല്ലൂർ പാറുക്കുട്ടി വാരസ്യാരുടെയും മകനായി ജനിച്ചു. പഠനം പൂർത്തിയാക്കിയശേഷം 1959-ൽ ജോസഫ് മുണ്ടശ്ശേരി നടത്തിയിരുന്ന നവജീവൻ പത്രത്തിലൂടെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 1963-ൽ ഗുരുവായൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സ്വതന്ത്രമണ്ഡപം എന്ന പത്രത്തിന്‍റെ എഡിറ്ററുമായി.
1966-ൽ മലയാള മനോരമയുടെ കോഴിക്കോട് യൂണിറ്റിൽ സബ് എഡിറ്ററായി ചേർന്ന അദ്ദേഹം 2004-ൽ അസിസ്റ്റന്‍റ് എഡിറ്ററായി വിരമിച്ചു. തുലാവർഷം എന്ന സിനിമയിലെ "സ്വപ്‌നാടനം ഞാൻ തുടരുന്നു" എന്ന ഗാനത്തിലൂടെ ഗാനരചയിതാവായി. 'മരം' എന്ന സിനിമയിലുടെ അഭിനയരംഗത്തേക്കും ചുവട് വെച്ചു.
പ്രഭാതസന്ധ്യ, ശ്രീരാഗം എന്നീ സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി. കർപ്പൂരദീപം, ശശിനാസ് എന്നിവയുടെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചു. കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം, നര്‍മ ലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പതിനെട്ട് പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം...', ഗുരുവായൂരോമനക്കണ്ണനാമുണ്ണിക്ക്....', 'ഒരുവട്ടം തൊഴുതുമടങ്ങുമ്പോള്‍ തോന്നും ....', 'ഉദിച്ചുയര്‍ന്നൂ മാമല മേലേ ഉത്രം നക്ഷത്രം...', 'കാനനവാസാ കലിയുഗ വരദാ കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍...' തുടങ്ങിയ ഭക്തിഗാനങ്ങള്‍ മലയാളിയുടെ നാവില്‍ തത്തിക്കളിക്കുന്നവയാണ്.
കേരള സംഗീത നാടക അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം കേരള കലാമണ്ഡലം വൈസ് ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചു. സംസ്‌കാരം ഇന്ന് (27.06.2022) വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.