തെലുഗു സിനിമാലോകത്തെ മെഗാസ്റ്റാർ ചിരഞ്ജീവി (Chiranjeevi) നായകനായി പുതിയ ചിത്രം വരുന്നു. ഇത്തവണ ഒരു ഫാന്‍റസി ചിത്രവുമായാണ് താരം എത്തുന്നത്. വസിഷ്‌ഠ (Mallidi Vassishta) സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പ്രഖ്യാപനം ആഘോഷപൂർവം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ചിരഞ്ജീവിയുടെ പിറന്നാൾ ദിനമായ ഇന്ന് (ഓഗസ്റ്റ് 22) തന്നെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനവും എത്തിയതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി.
'മെഗ 157' (Chiranjeevi fantasy film Mega 157) എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം യുവി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി, പ്രമോദ്, വിക്രം എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ഒരു ഫാന്‍റസി ചിത്രത്തിൽ ചിരഞ്ജീവി പ്രത്യക്ഷപ്പെടുന്നത് എന്നതും ഈ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തുന്നു. 'ജഗദേക വീരുഡു അതിലോക സുന്ദരി' (Jagadeka Veerudu Athiloka Sundari) പോലെ മറ്റൊരു ഫാന്‍റസി എന്‍റർടെയ്‌നർ തന്നെയാകും ചിരഞ്ജീവിയുടെ പുതിയ ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പിറന്നാളിനോട് (Chiranjeevi birthday) അനുബന്ധിച്ച് പുറത്തെത്തിയ പോസ്റ്റർ മികച്ച പ്രതികരണമാണ് നേടുന്നത്. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, ആകാശം, അഗ്നി, വായു എന്നിവയെ സന്നിവേശിപ്പിക്കുന്ന അനൗൺസ്‌മെന്‍റ് പോസ്റ്റർ ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്നു. (Mega 157 Announcement poster). പ്രേക്ഷകർ ചിന്തിക്കുന്നതിലും അപ്പുറം പല കാര്യങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന സൂചനയും അനൗൺസ്‌മെന്‍റ് പോസ്റ്റർ നൽകുന്നുണ്ട്.
വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. 'ബിംബിസാര' എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ വസിഷ്‌ഠയുമായി മെഗാസ്റ്റാർ ചിരഞ്ജീവി കൈകോർക്കുമ്പോൾ മികച്ച ഒരു സിനിമാനുഭവമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. പി ആർ ഒ - ശബരി.
അതേസമയം അജിത്ത് (Ajith) നായകനായ, തമിഴിലെ ഹിറ്റ് ചിത്രം 'വേതാള'ത്തിന്‍റെ (Vedalam) തെലുഗു റീമേക്കായ 'ഭോലാ ശങ്കര്‍' (Bholaa Shankar) ആണ് ചിരഞ്‍ജീവി നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ സിനിമ. ചിരഞ്‍ജീവി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രത്തിന് എന്നാൽ തിയേറ്ററുകളില്‍ കാര്യമായ ഓളം സൃഷ്‌ടിക്കാൻ സാധിച്ചിരുന്നില്ല. റിലീസ് ചെയ്‌ത് 11 ദിവസങ്ങൾ പിന്നിട്ടിട്ടും 30 കോടി ക്ലബ്ബില്‍ എത്താൻ പാടുപെടുകയാണ് ഈ ചിത്രം.
റിലീസ് ചെയ്‌ത് ആദ്യ ആഴ്‌ചയിൽ 29 കോടി രൂപയാണ് ഭോലാ ശങ്കറിന് നേടാനായത്. മെഹര്‍ രമേശ് (Meher Ramesh) സംവിധാനം ചെയ്‌ത ഈ ചിത്രം എ കെ എന്‍റര്‍ടെയ്ന്‍മെൻസിന്‍റെ ബാനറില്‍ രാമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചത്. കീര്‍ത്തി സുരേഷും (Keerthy Suresh) തമന്നയും (Tamannaah Bhatia) ആയിരുന്നു ചിത്രത്തിലെ നായികമാർ. ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തിലാണ് കീർത്തി എത്തിയത്. ചിത്രത്തിൽ വക്കീൽ ആയാണ് തമന്ന വേഷമിട്ടത്. വെണ്ണല കിഷോർ (Vennela Kishore), രശ്‌മി ഗൗതം (Rashmi Gautam), മുരളി ശർമ്മ (Murali Sharma) എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.