രാഘവ ലോറൻസും ബോളിവുഡ് നടി കങ്കണ റണാവത്തും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ചന്ദ്രമുഖി 2'. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം സെപ്റ്റംബർ 19 വിനായക ചതുർഥി ദിനത്തിൽ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാലിപ്പോൾ 'ചന്ദ്രമുഖി 2' റിലീസ് തീയതിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് നിർമാതാക്കൾ. ചിത്രം സെപ്റ്റംബർ 28ന് ലോകമെമ്പാടും റിലീസിനെത്തും (Chandramukhi 2 hits theaters on September 28).
തമിഴിന് പുറമെ തെലുഗു, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക ('Chandramukhi 2' release). ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരൻ നിർമിക്കുന്ന ചിത്രം പി വാസു ആണ് സംവിധാനം ചെയ്യുന്നത്. തമിഴകത്ത് വൻ വിജയമായ 'ചന്ദ്രമുഖി' എന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് 'ചന്ദ്രമുഖി 2'.
ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്‍റെ വരവിനായി വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 18 വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം പ്രതികാര ദാഹിയായി 'ചന്ദ്രമുഖി' മടങ്ങിവരുമ്പോൾ പ്രേക്ഷകരുടെ ആവേശവും അതിരുകടക്കുകയാണ്. 18 വർഷം മുമ്പാണ് ബോക്സോഫിസിൽ ചരിത്രം സൃഷ്‌ടിച്ച് 'ചന്ദ്രമുഖി' പിറന്നത്.
രജനികാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചന്ദ്രമുഖി' 2005 ഏപ്രിൽ 14 നാണ് റിലീസിനെത്തിയത്. ഈ ചിത്രത്തിന്‍റെ തുടർച്ചയാണ് 'ചന്ദ്രമുഖി 2'. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നായ ഫാസില്‍ ചിത്രം 'മണിച്ചിത്രത്താഴി'ന്‍റെ റീമേക്കായിരുന്നു 'ചന്ദ്രമുഖി'.
അതേസമയം പി വാസുവിന്‍റെ സംവിധാനത്തിലെത്തുന്ന 65-ാമത്തെ ചിത്രമാണ് 'ചന്ദ്രമുഖി 2'. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലർ ആരാധകർ ഏറ്റെടുത്തിരുന്നു (Chandramukhi 2 Trailer).
വടിവേലു, ലക്ഷ്‌മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, രവിമരിയ, സൃഷ്‌ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാർത്തിക് എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ ഡി രാജശേഖറാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ചിത്രസംയോജനം ആന്‍റണിയും കൈകാര്യം ചെയ്യുന്നു.
യുഗ ഭാരതി, മദൻ കാർക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് ഓസ്‌കർ ജേതാവ് എംഎം കീരവാണിയാണ് എന്ന പ്രത്യേകതയുമുണ്ട് 'ചന്ദ്രമുഖി 2'വിന്. ദേശീയ അവാർഡ് ജേതാവ് തോട്ട തരണി പ്രൊഡക്ഷൻ ഡിസൈനറായി ചിത്രത്തിന്‍റെ ഭാഗമായുണ്ട്. വസ്‌ത്രാലങ്കാരം - പെരുമാൾ സെൽവം, നീത ലുല്ല, ദോരതി, മേക്കപ്പ് - ശബരി ഗിരി, സ്റ്റിൽസ് - ജയരാമൻ, ഇഫക്റ്റ്സ് - സേതു, ഓഡിയോഗ്രഫി - ഉദയ് കുമാർ, നാക് സ്റ്റുഡിയോസ്, ആക്ഷൻ - കമൽ കണ്ണൻ, രവിവർമ, സ്റ്റണ്ട് ശിവ, ഓം പ്രകാശ്, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.