വാഷിങ്ടണ്‍: ഹോളിവുഡ് സൂപ്പർ താരം ആഞ്ജലീന ജോളിക്കെതിരെ ആരോപണവുമായി മുൻ ഭർത്താവും ബോളിവുഡ് താരവുമായ ബ്രാഡ് പിറ്റ് രംഗത്ത്. താരങ്ങളുടെ സംയുക്‌ത സംരംഭമായ മിറാവൽ വൈനിൽ ആഞ്ജലീനക്കുണ്ടായിരുന്ന ഓഹരിയുടെ ഒരു ഭാഗം തന്‍റെ അനുവാദമില്ലാതെ മറ്റൊരു കമ്പനിക്ക് വിറ്റതിലൂടെ മിറാവൽ വൈൻ ബിസിനസിന്‍റെ പ്രശസ്‌തി നശിപ്പിച്ചുവെന്നാണ് ബ്രാഡ് പിറ്റ് ആരോപണം ഉന്നയിച്ചത്.
മിറാവൽ ബിസിനസിന്‍റെ വിജയത്തിന് ആഞ്ജലീന ഒന്നും സംഭാവന ചെയ്തിട്ടില്ലെന്നും ഓഹരികൾ വിറ്റുകൊണ്ട് തന്നെ ബോധപൂർവം ദ്രോഹിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ബ്രാഡ് ആരോപിച്ചു. ഓഹരികൾ പങ്കാളിയുടെ സമ്മതമില്ലാതെ വ്യക്‌തിഗത താൽപര്യങ്ങൾക്കായി വിൽക്കില്ലെന്നായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്ന കരാർ.
ഓഹരികൾ വാങ്ങിയ ഫ്രഞ്ച് ഗ്രൂപ്പായ ടെനുട്ട് ഡെൽ മോണ്ടോയ്ക്ക് ആഞ്ജലീന തന്‍റെ ഓഹരികൾ വിൽക്കാൻ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നുവെന്ന് ബ്രാഡ് പിറ്റിന്‍റെ അഭിഭാഷകർ പറഞ്ഞു. കൂടാതെ ടെനുട്ട് ഡെൽ മോണ്ടോയെ നിയന്ത്രിക്കുന്ന റഷ്യൻ ശതകോടീശ്വരൻ യൂറി ഷെഫ്‌ലർ തന്‍റെ ബിസ്‌നസ് നേട്ടങ്ങൾക്കായി മിറാവലിന്‍റെ പല വിവരങ്ങളും കൈവശം വെയ്‌ക്കുന്നതായും ബ്രാഡ് പിറ്റിന്‍റെ അഭിഭാഷകർ അവകാശപ്പെട്ടു.
മിറാവലിന്‍റെ ഓഹരി വിറ്റതിന് ആഞ്ജലീനയ്‌ക്കെതിരെ നേരത്തെ തന്നെ ബ്രാഡ് കേസ് ഫയൽ ചെയ്തിരുന്നുവെന്ന് പീപ്പിൾ മാഗസിൻ റിപ്പോർട്ട് ചെയ്തു. നിലവിൽ സംഭവത്തിൽ ബ്രാഡ് പിറ്റ് നഷ്‌ടപരിഹാരം തേടിയിട്ടുണ്ട്. കൂടാതെ സംഭവത്തിൽ വിചാരണ നടത്തണമെന്നും ആഞ്ജലീനയുടെ വിൽപ്പന അസാധുവായി പ്രഖ്യാപിക്കണമെന്നും ബ്രാഡ് പിറ്റ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.