ചെന്നൈ: ബോളിവുഡ് ചലച്ചിത്ര താരവും ദേശീയ അവാർഡ് ജേതാവുമായ ഭാനുരേഖ എന്ന രേഖയ്‌ക്ക് ഇന്ന് 65-ാം പിറന്നാള്‍. ചലച്ചിത്ര മേഖലയിൽ വളരെ ചെറിയ കാലയളവുകൊണ്ട് തന്നെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയാണ് രേഖ. അഭിനേതാക്കളായ രക്ഷിതാക്കളുടെ പാത പിന്തുടർന്ന് വന്ന രേഖയ്‌ക്ക് സിനിമ ലോകത്തിന്‍റെ ആദ്യാനുഭവങ്ങൾ കയ്‌പു നിറഞ്ഞതായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് തന്‍റെ കുടുംബത്തെ രക്ഷിക്കാനായിരുന്നു രേഖ ചലച്ചിത്ര രംഗത്തേക്ക് കാലെടുത്ത് വച്ചത്. അല്ല, കൗമാരക്കാരിയായ ഒരു ഒൻപതാം ക്ലാസുകാരി വലിച്ചിഴക്കപ്പെട്ടത് എന്ന് തന്നെ പറയാം. അവരുടെ ദുർബലതയെ മുതലെടുക്കുന്നതിൽ യാതോരു ദാക്ഷിണ്യവും ചുറ്റുമുള്ളവരും കാട്ടിയില്ല. പക്ഷെ ഒത്തിരി വൈകിയില്ല, സാവൻ ഭഡോണിലെ അരങ്ങേറ്റത്തിന് ശേഷം, സൗത്ത്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർ രേഖയുടെ ഒപ്പിന് വേണ്ടി ക്യൂ നിന്നു.
സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും അത്രയേറെ എളുപ്പത്തിൽ അവർ തന്‍റെ തൊഴിൽ മേഖലയിൽ തിളങ്ങി. സിനിമ ചിത്രീകരണത്തിന്‍റെ പല ഘട്ടങ്ങളിലും രേഖയ്‌ക്ക് തന്‍റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി അഭിനയിക്കേണ്ടി വന്നു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നേരിടേണ്ടി വന്നപ്പോൾ രേഖയെ താൻ ഇതിനകം ചെയ്‌തിരുന്ന തൊഴിലിനോട് വെറുപ്പുണ്ടാക്കി.
ഏകദേശം ഒൻപത് വർഷവും 60 ഓളം സിനിമകളും ചെയ്യേണ്ടി വന്നു രേഖയ്‌ക്ക് സിനിമയെ സ്‌നേഹിക്കാൻ. വളരെ വേഗത്തിൽ ഒരു സൂപ്പർ സ്‌റ്റാറായി മാറിയ രേഖ ഫൂൽ ബനേ അങ്കാരെ, റിവെഞ്ച് സാഗാ ഖൂൻ ഭാരി മാംഗ് തുടങ്ങിയ ചിത്രങ്ങളിൽ ശക്തമായ സ്‌ത്രീ കഥാപ്രത്രങ്ങളെ അവതരിപ്പിച്ചു. സിനിമയോടുള്ള രേഖയുടെ കാഴ്‌ചപ്പാട് മാറ്റിമറിച്ച ചിത്രം 1978ൽ പുറത്തിറങ്ങിയ ഘർ ആയിരുന്നു.
മണിക് ചാറ്റർജി സംവിധാനം ചെയ്‌ത ഘർ, ബലാത്സംഗത്തിന്‍റെ അനന്തരഫലങ്ങളെ നേരിടുന്ന ഒരു യുവ ദമ്പതികളെ ചുറ്റിപ്പറ്റിയാണ്. വിനോദ് മെഹ്‌റയാണ് ചിത്രത്തിൽ നായക കഥാപാത്രം അവതരിപ്പിച്ചത്. ഘർ എന്ന ചിത്രത്തിലെ ബലാൽസംഗത്തിനിരയായ ആരതി ചന്ദ്രയെ അവതരിപ്പിക്കുമ്പോൾ, രേഖ അഭിനയത്തെ ഗൗരവമായി എടുക്കാൻ തുടങ്ങി.
ഇതിനിടയിൽ ദേശീയ അവാർഡും തേടിയെത്തി. ഹിന്ദി ചലച്ചിത്രലോകം രൂപപ്പെടുത്തിയെടുത്ത ഏറ്റവും സുന്ദരിയായ അഭിനേതാക്കളിൽ ഒരാളാണ് രേഖ എന്നത് നിസംശയം പറയാം.