മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന് ഡൽഹി കോടതിയുടെ സമൻസ്. തട്ടിപ്പുകാരനായ ബിസിനസ്സുകാരന്‍ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ജാക്വിലിന് ഡൽഹി കോടതി സമൻസ് അയച്ചിരിക്കുന്നത്. ജാക്വിലിൻ ഫെർണാണ്ടസിനെതിരായ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ (ഇഡി) കുറ്റപത്രം പരിഗണിച്ചാണ് ഡൽഹി പട്യാല കോടതി നടപടി. സെപ്റ്റംബര്‍ 26 ന് ഹാജരാകാനാണ് നിര്‍ദേശം.
200 കോടി രൂപ തട്ടിയെടുത്ത കേസിൽ താരത്തിനെതിരെ ഈ മാസം ആദ്യം തന്നെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. തട്ടിയെടുത്ത പണത്തിന്റെ ഗുണഭോക്താവ് ജാക്വിലിനാണെന്ന് ഇഡി കണ്ടെത്തിയതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മാത്രമല്ല, സുകേഷ് ചന്ദ്രശേഖർ തട്ടിപ്പുകാരനാണെന്ന് താരത്തിന് അറിയാമായിരുന്നുവെന്ന് ഇഡി വിശ്വസിക്കുന്നു. ജാക്വിലിൻ ഫെർണാണ്ടസ് സുകേഷുമായി വീഡിയോ കോളിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നതായും പ്രധാന സാക്ഷികളുടെയും പ്രതികളുടെയും മൊഴികളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മാത്രമല്ല ശ്രീലങ്കയിൽ ജനിച്ച താരത്തിന്, സമ്മാനങ്ങൾ നൽകിയതായി സുകേഷും സമ്മതിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഏറ്റവുമൊടുവില്‍ ജൂണിലുള്‍പ്പടെ ഇതിനോടകം ഒന്നിലധികം തവണ ഇഡി ജാക്വിലിനെ ചോദ്യം ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമായ പിഎംഎല്‍എക്ക് കീഴില്‍ താരത്തിന്‍റെ പക്കല്‍ നിന്നും 15 ലക്ഷം രൂപ ഉള്‍പ്പടെ 7.27 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. സുകേഷ് ചന്ദ്രശേഖർ താരത്തിന് പത്ത് കോടി രൂപയുടെ സമ്മാനങ്ങൾ അയച്ചതായും ഇഡിയുടെ കണ്ടെത്തലിലുണ്ട്.
സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, ആദായനികുതി വിഭാഗം, സംസ്ഥാന പൊലീസ് എന്നിവര്‍ ചേര്‍ന്ന് 32 ലധികം ക്രിമിനൽ കേസുകള്‍ സുകേഷ് ചന്ദ്രശേഖറിനെതിരെ നിലവില്‍ അന്വേഷിക്കുന്നുണ്ട്.