മലയാളത്തിൽ മറ്റൊരു ഹിറ്റ് സമ്മാനിക്കാൻ വീണ്ടും കൈകോർത്ത് മനു അശോകനും ബോബി- സഞ്ജയും. 'ഉയരെ, കാണെ കാണെ' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് സംവിധായകൻ മനു അശോകൻ, ബോബി- സഞ്ജയ്‌യുമായി വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
- " class="align-text-top noRightClick twitterSection" data="
">
'ഹാ യൗവനമേ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. 'നഷ്‌ടപ്പെടുന്നതിലെ സന്തോഷം' എന്ന ടാഗ് ലൈനും ടൈറ്റിലിനോടൊപ്പം പോസ്റ്ററിൽ നൽകിയിട്ടുണ്ട്. മത്സര പരീക്ഷകളുടെ റിസൾട്ട് പേജിൽ ഫെയിൽഡ് എന്ന് സ്റ്റാമ്പ് ചെയ്‌ത രീതിയിലുള്ള വേറിട്ട പോസ്റ്റർ പുതുമ നിറഞ്ഞതായി. മനു അശോകൻ ഉൾപ്പടെയുള്ള അണിയറ പ്രവർത്തകർ അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.
ആവനാഴിയിലെ മൂന്നാമത്തെ ശരം എന്ന് കുറിച്ചുകൊണ്ടാണ് മനു അശോകൻ തൻ്റെ ഇൻസ്‌റ്റഗ്രാം ഹാൻഡിലിൽ പോസ്റ്റർ പങ്കുവെച്ചത്. അതേസമയം ചിത്രത്തിൻ്റെ മറ്റ് വിവരങ്ങൾ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
'കാണേ കാണേ' എന്ന ചിത്രത്തിന് ശേഷം ഡ്രീം ക്യാച്ചറിനൊപ്പം ഷാമ്സ് ഫിലിംസും ചേർന്നാണ് 'ഹാ യൗവനമേ' ചിത്രത്തിന്റെ നിർമ്മാണം. '1983, ക്വീൻ, കാണെ കാണെ' എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ടി. ആർ ഷംസുദ്ദീൻ പുതിയ ചിത്രം നിർമ്മിക്കുന്നത്. മനു അശോകൻ- ബോബി- സഞ്ജയ് കൂട്ടുകെട്ടിൽ തന്നെയാകും പ്രേക്ഷകർ പ്രതീക്ഷ അർപ്പിക്കുക.
ഹിറ്റ് കോംബോ ഒരിക്കൽ കൂടി പുതുമയാർന്ന ചിത്രം സമ്മാനിക്കുമെന്ന പ്രതീക്ഷയ്‌ക്ക് അടിവരയിടുന്നതാണ് ഇപ്പോൾ പുറത്തുവന്ന പോസ്റ്റർ. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രമാകും 'ഹാ യൗവനമേ' എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. നേരത്തെ ബോബി- സഞ്ജയുടെ തിരക്കഥയിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമായിരുന്നു 2006-ൽ പുറത്തിറങ്ങിയ 'നോട്ട്ബുക്ക്'.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌ത ചിത്രത്തിൽ മരിയ റോയ്, റോമ, പാർവതി തിരുവോത്ത്, സ്‌കന്ദ അശോക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. കൗമാരകാലത്തെ സൗഹൃദവും പ്രണയവുമെല്ലാം ആസ്‌പദമാക്കി ഒരുക്കിയ ചിത്രം ബോക്‌സോഫിസിൽ വിജയം കൊയ്‌തിരുന്നു.
അതേസമയം മനു അശോകനുമായി കൈകോർത്ത 'ഉയരെ'യും 'കാണെകാണെ'യും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച ചിത്രങ്ങളാണ്. പാർവതി തിരുവോത്ത്, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ഉയരെ' ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതിയുടെ കഥയാണ് പറയുന്നത്. ബോക്‌സോഫിസ് വിജയത്തിന് പുറമെ നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്‍മി സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് 'കാണെകാണെ'യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.