റാഞ്ചി : ചെക്ക് മടങ്ങിയ കേസില്‍ ബോളിവുഡ് താരം അമീഷ പട്ടേലിന് പിഴ ചുമത്തി റാഞ്ചി കോടതി. പ്രോസിക്യൂഷന്‍ സാക്ഷിയെ വിസ്‌തരിക്കാന്‍ അമീഷയുടെ അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി 500 രൂപ പിഴ ചുമത്തിയത്. 2018 ലാണ് അമീഷ പട്ടേലിനെതിരെ ജാര്‍ഖണ്ഡ് സ്വദേശിയായ ചലച്ചിത്ര നിര്‍മാതാവ് അജയ് കുമാര്‍ സിങ് കേസ് ഫയല്‍ ചെയ്‌തത്.
നടിയുടെ ചെക്ക് മടങ്ങിയതിനെ തുടര്‍ന്നായിരുന്നു അജയ് കുമാര്‍ സിങ് കേസ് കൊടുത്തത്. അജയ് കുമാർ സിങ്ങിന് വേണ്ടി അദ്ദേഹത്തിന്‍റെ കമ്പനി മാനേജർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഡിഎൻ ശുക്ലയുടെ കോടതിയിൽ ആദ്യ മൊഴി നൽകി. ഹർമു മൈതാനത്ത്, അജയ് കുമാർ സിങ്ങിന്‍റെ സിനിമയിൽ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് നടിയുടെ അടുത്ത സുഹൃത്തുമായി നേരത്തെ ചർച്ച നടന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സംഭാഷണ ശേഷം താരം അജയ് കുമാര്‍ സിങ്ങിനെ റാഞ്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലേക്ക് ചര്‍ച്ചയ്‌ക്കായി വിളിച്ചു. ആ സമയത്ത് ദേസി മാജിക് എന്ന ചിത്രത്തെക്കുറിച്ചുള്ള ചർച്ചയും നടന്നിരുന്നു. ഈ ചിത്രത്തില്‍ അജയ് സിങ് പണം നിക്ഷേപിച്ചാൽ ലാഭത്തിന്‍റെ ഓഹരി നല്‍കാമെന്നും അമീഷ ഉറപ്പുനല്‍കി.
പിന്നീട് അമീഷയുടെ അക്കൗണ്ടിലേക്ക് അജയ് കുമാര്‍ സിങ് 2.5 കോടി രൂപ ട്രാൻസ്‌ഫർ ചെയ്‌തതായി ഇടിവി ഭാരതിനോട് സംസാരിക്കവെ അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ആറുമാസം കഴിഞ്ഞിട്ടും സിനിമയുടെ കാര്യത്തില്‍ പുരോഗതിയുണ്ടാകാതെ വന്നതോടെ പണം തിരികെ നൽകണമെന്ന് അജയ് ആവശ്യപ്പെട്ടു. തുടര്‍ന്ന് അമീഷ അജയ്‌യെ മുംബൈയിലേക്ക് വിളിച്ചുവരുത്തി രണ്ടരക്കോടിയുടെയും 50 ലക്ഷത്തിന്‍റെയും രണ്ട് ചെക്കുകൾ നൽകിയെങ്കിലും ഇത് മടങ്ങുകയായിരുന്നു. പിന്നാലെയാണ് അജയ് നിയമസഹായം തേടിയത്.
ഈ കേസിൽ നീണ്ട വാദം കേള്‍ക്കലിന് ശേഷം അടുത്തിടെ നടിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നതായി അഡ്വക്കേറ്റ് വിജയ് ലക്ഷ്‌മി ശ്രീവാസ്‌തവ പറഞ്ഞു. അമീഷ കോടതിയിൽ ഹാജരായി ജാമ്യമെടുക്കുകയായിരുന്നു. ആ സമയത്ത് കോടതി, പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പിനുള്ള അവസരം നല്‍കിയെങ്കിലും അജയ് നിയമ വഴിക്ക് പോകാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജൂലൈ 26ന് സാക്ഷി വിസ്‌താരം നടത്താമെന്ന് കോടതി അറിയിച്ചത്.
അമീഷയുടെ അഭിഭാഷകൻ ജയപ്രകാശ്, ചില സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ആവശ്യമാണെന്ന് കോടതിയെ അറിയിച്ചിരുന്നു. പക്ഷേ ഇയാള്‍ ബുധനാഴ്‌ച ഹാജരായില്ല. അജയ് സിങ്ങിന് വേണ്ടി സാക്ഷികൾ എത്തിയതിനാൽ അമീഷയ്ക്ക് 500 രൂപ പിഴ ചുമത്തിയ കോടതി, ഓഗസ്റ്റ് ഏഴിന് വിസ്‌താരം നടത്താമെന്ന് നിര്‍ദേശിച്ചു. പണം ആവശ്യപ്പെട്ട് അമീഷ പട്ടേലും പങ്കാളിയും അജയ് കുമാര്‍ സിങ്ങിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.