മുംബൈ : സിനിമയില്‍ 30 വര്‍ഷം തികച്ച അവസരത്തില്‍ ഉപാധികളില്ലാതെ തന്നെ സ്നേഹിക്കുന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞ് അക്ഷയ് കുമാര്‍. ഈ അവസരത്തില്‍ അക്ഷയ്‌യുടെ ബിഗ് ബജറ്റ് ചിത്രം 'പൃഥ്വിരാജി'ന്‍റെ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടാണ് സിനിമയുടെ നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിയത്. യഷ് രാജ് ഫിലിംസിന്‍റെ ട്വിറ്റര്‍ വീഡിയോയില്‍ 'പൃഥ്വിരാജ്' സിനിമയുടെ സ്പെഷ്യല്‍ പോസ്റ്റര്‍ അക്ഷയ് ലോഞ്ച് ചെയ്യുന്നത് കാണാം.
നടന്‍റെ ആദ്യ ചിത്രമായ 'സൗഗന്ധ്' മുതല്‍ 'പൃഥ്വിരാജ്' വരെയുളള സിനിമകളിലെ നിമിഷങ്ങള്‍ കൂട്ടിച്ചേര്‍ത്തുളളതാണ് ഈ പോസ്‌റ്റര്‍. 'പൃഥ്വിരാജ്' സിനിമയുടെ സംവിധായകന്‍ ചന്ദ്രപ്രകാശ് ദ്വിവേദിയും അക്ഷയ്‌ക്കൊപ്പം ഈ വീഡിയോയിലുണ്ട്. 30 വര്‍ഷം സിനിമയില്‍ തികച്ചെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് അക്ഷയ് വീഡിയോയില്‍ പറയുന്നു. കൂടാതെ ഈ പോസ്റ്റര്‍ തനിക്ക് സമ്മാനിച്ച നിര്‍മ്മാതാവ് ആദിത്യ ചോപ്രയ്ക്ക് നന്ദി പറയുന്നുമുണ്ട് 54 കാരനായ താരം.
'ഊട്ടിയില്‍വച്ചുളള എന്‍റെ ആദ്യത്തെ ഷോട്ട് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ബോബ് ക്രിസ്റ്റോയ്ക്ക് ഒപ്പമുളള ഒരു ആക്ഷന്‍ ഷോട്ട് ആയിരുന്നു അത്' - നൂറോളം സിനിമയില്‍ അഭിനയിച്ചിട്ടുളള അക്ഷയ് പറയുന്നു. ഇത് നിങ്ങളുടെ യാത്രയാണ്, സൗഗന്ധ് മുതല്‍ പൃഥ്വിരാജ് വരെ - സംവിധായകന്‍ ദ്വിവേദി നടനോട് പറയുന്നു.
യഷ് രാജ് ഫിലിംസിന്‍റെ വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലും പങ്കുവെച്ചിട്ടുണ്ട് അക്ഷയ്. 'സിനിമയിലെ മുപ്പത് വര്‍ഷം, നിങ്ങളുടെ സ്നേഹത്താൽ നിറഞ്ഞ ഒരു ജീവിതകാലം, ഈ അതിശയകരമായ യാത്രയ്ക്ക് നന്ദി, വളരെ മനോഹരമായി എന്റെ സിനിമായാത്രയിലെ നിമിഷങ്ങള്‍ പോസ്റ്ററില്‍ കൂട്ടിച്ചേര്‍ത്ത യഷ് രാജ് ഫിലിംസിന് വീണ്ടും നന്ദി. പൃഥ്വിരാജ് ജൂണ്‍ മൂന്നിന് റിലീസ് ചെയ്യുന്നു' - നടന്‍ കുറിച്ചു.
അതേസമയം ചരിത്ര പശ്ചാത്തലത്തിലുളള അക്ഷയ് കുമാര്‍ ചിത്രം പൃഥിരാജ് ചൗഹാന്‍റെ ജീവിതം ആസ്‌പദമാക്കിയാണ് ഒരുക്കിയത്. രാജീവ് ഭാട്ടിയ എന്നാണ് അക്ഷയ് കുമാറിന്‍റെ യഥാര്‍ഥ് പേര്. രാജ് സിപ്പിയുടെ റൊമാന്‍റിക്ക് ആക്ഷന്‍ ചിത്രം 'സൗഗന്ധി'ലൂടെയാണ് നടന്റെ തുടക്കം. 1991 ജനുവരി 25നാണ് സിനിമ റിലീസ് ചെയ്തത്.
കില്ലാഡി സീരീസ് പോലുളള സിനിമകളിലൂടെ 1990കളിലെ ഏറ്റവും വലിയ ആക്ഷൻ താരങ്ങളിൽ ഒരാളായി അക്ഷയ് മാറി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹേരാ ഫേരിയിലൂടെ കോമഡി സിനിമകളിലും തുടക്കമിട്ടു. കോമഡി വിഭാഗത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ അക്ഷയ് കുമാര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. മുജ്സേ ശാദി കരോഗി, ഗരം മസാല, വെല്‍ക്കം, സിംഗ് ഈസ് കിംഗ് തുടങ്ങിയവയെല്ലാം സൂപ്പര്‍ താരത്തിന്‍റെതായി ഹിറ്റായ കോമഡി ചിത്രങ്ങളാണ്.
കൂടാതെ ടോയ്‌ലറ്റ് ഏക് പ്രേംകഥ, പാഡ്‌മാന്‍, മിഷന്‍ മംഗള്‍ എന്നീ സിനിമകളിലൂടെ സാമൂഹിക പ്രസക്‌തിയുള്ളവയുടെയും ഭാഗമായി. ദേശീയതയെ അംഗീകരിക്കുന്ന സിനിമകളിലും അക്ഷയ് വേഷമിട്ടു. 'പൃഥ്വിരാജി'ല്‍ അക്ഷയ് കുമാറിനൊപ്പം സഞ്ജയ് ദത്ത്, സോനു സൂദ് തുടങ്ങിയ താരങ്ങളുമുണ്ട്. കൂടാതെ 2017 മിസ് വേള്‍ഡ് കീരിടം നേടിയ മാനുഷി ചില്ലാറിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. സന്യേഗീത എന്ന പ്രധാന്യമുളള കഥാപാത്രമായി സിനിമയില്‍ മാനുഷി എത്തുന്നു.