ഈ വർഷം ഇറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും പരാജയത്തിന്‍റെ കയ്‌പ്പുനീര് കുടിച്ചത് ബോളിവുഡിന് ഏൽപ്പിച്ച നാണക്കേടും ആഘാതവും ചെറുതല്ല. കൊവിഡിന് ശേഷം ബോയ്‌കോട്ട് ക്യാമ്പെയ്‌ൻ ഉൾപ്പെടെ പലവിധ കാരണങ്ങൾ കൊണ്ട് പല ബിഗ് ബജറ്റ് ചിത്രങ്ങളും ബോക്‌സ്ഓഫിസിൽ തകർന്നപ്പോൾ സിനിമ മേഖലയെ രക്ഷപ്പെടുത്താൻ ഹിന്ദി സിനിമ താരങ്ങൾ കിണഞ്ഞ് പരിശ്രമിക്കുകയാണ്.
അക്ഷയ് കുമാറിന്‍റെ അടുത്തിടെയിറങ്ങിയ മിക്ക ചിത്രങ്ങളും പരാജയപ്പെട്ടത് താരത്തിന് കടുത്ത വെല്ലുവിളിയായിരുന്നു. ഇന്ത്യ വിടാമെന്ന് കരുതിയ സമയമുണ്ടായിരുന്നു എന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ സെപ്‌റ്റംബർ 2ന് ഒടിടിയിലൂടെ പുറത്തിറങ്ങിയ കട്‌പുത്‌ലി എന്ന ചിത്രം വിജയപ്രതീക്ഷ താണ്ടിയെന്ന് ന്യൂസ്‌വോയർ റിപ്പോർട്ട് ചെയ്യുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തിയ ത്രില്ലർ ചിത്രമായ കട്‌പുത്‌ലി വാരാന്ത്യത്തിൽ നിരവധി പേർ കണ്ടുവെന്നാണ് റിപ്പോർട്ടുകൾ. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ചിത്രം പ്രശംസ നേടിയെന്നും ന്യൂസ്‌വോയറിനെ ഉദ്ദരിച്ച് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ തമിഴ് മർഡർ മിസ്റ്ററിയായ രാച്ചസന്‍റെ റീമേക്കായി പുറത്തുവന്നിട്ടും സിനിമ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ല എന്നും അഭിപ്രായങ്ങളുണ്ട്. കട്‌പുത്‌ലിയിലെ തമാശകൾ മുതൽ ഡയലോഗ് ഡെലിവറി വരെ മോശം എന്നാണ് ചിലരുടെ പക്ഷം. ചിത്രത്തിൽ നായികയായെത്തുന്ന രാകുൽ പ്രീത് സിങ്ങും അക്ഷയ് കുമാറുമൊത്തുള്ള പാട്ടും ഡാൻസ് രംഗങ്ങളുമെല്ലാം വിമർശന വിധേയമാകുകയാണ്.
രഞ്ജിത് തിവാരി സംവിധാനം ചെയ്‌ത ചിത്രം പൂജ എന്‍റർടെയ്‌ൻമെന്‍റ് ആണ് നിർമിച്ചിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. അർജുൻ സേത്തി എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തിൽ അക്ഷയ് കുമാർ അവതരിപ്പിക്കുന്നത്.