ചെന്നൈ : വിഖ്യാത സംവിധായകൻ മണിരത്‌നമൊരുക്കുന്ന 'പൊന്നിയിന്‍ സെൽവനി'ലെ നടി ഐശ്വര്യ ലക്ഷ്‌മിയുടെ ലുക്ക് പുറത്ത്. സമുദ്രകുമാരി പൂങ്കുഴലിയെന്ന കഥാപാത്രമായാണ് ഐശ്വര്യ എത്തുന്നത്. "കാറ്റ് പോലെ മൃദുവായ, സമുദ്രം പോലെ ശക്തയായ സമുദ്രകുമാരി പൂങ്കുഴലിയായി ഐശ്വര്യ ലക്ഷ്‌മി " എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം പുറത്തുവിട്ടുകൊണ്ട് കുറിച്ചത്.
പൊന്നിയിന്‍ സെല്‍വന്‍റെ ട്രെയ്‌ലര്‍ - ഓഡിയോ റിലീസുകള്‍ സെപ്‌റ്റംബർ ആറിന് നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചു. ശരത്‌കുമാർ, പാർഥിപൻ എന്നിവരുടെ ലുക്കുകളും പുറത്തുവന്നിട്ടുണ്ട്.
"ചോളരുടെ നിർഭയരായ സംരക്ഷകർ ഇതാ'' എന്ന കുറിപ്പോടെയാണ് പെരിയ പഴുവേട്ടരായരായെത്തുന്ന ശരത് കുമാറിനെയും ചിന്ന പഴുവേട്ടരായരാകുന്ന ആർ. പാർഥിപനെയും അവതരിപ്പിച്ചിരിക്കുന്നത്. വിഖ്യാത എഴുത്തുകാരൻ കല്‍ക്കിയുടെ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ക്ലാസിക് നോവലിനെ ആസ്‌പദമാക്കി ഒരുക്കുന്ന സിനിമയുടെ ആദ്യ ഭാഗം സെപ്‌റ്റംബർ 30 ന് തിയറ്ററുകളിൽ എത്തും. രാജരാജ ചോഴൻ എന്നറിയപ്പെട്ടിരുന്ന അരുൾമൊഴി വർമൻ രാജകുമാരന്‍റെ ആദ്യകാല ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഉജ്വലമായ കഥയാണ് 'പൊന്നിയിന്‍ സെല്‍വന്‍'.
പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സാമ്രാജ്യം നേരിട്ട പ്രതിസന്ധികളും തുടര്‍ന്നുള്ള പോരാട്ടങ്ങളുമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം തിയേറ്ററുകളിലെത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.
മണിരത്‌നം തന്‍റെ സ്വപ്‌ന പദ്ധതി എന്ന് വിളിച്ച ഈ ചിത്രത്തിൽ വിക്രം, ഐശ്വര്യ റായ്, തൃഷ, കാർത്തി, ജയം രവി, ജയറാം, പാർഥിപൻ, ലാൽ, വിക്രം പ്രഭു, ജയറാം, പ്രഭു, പ്രകാശ് രാജ് തുടങ്ങി നിരവധി മുൻനിര താരങ്ങൾ അണിനിരക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളിലായാണ് 'പൊന്നിയിന്‍ സെല്‍വന്‍' ഒരുങ്ങുന്നത്. 500 കോടി ബജറ്റിലാണ് 'പൊന്നിയിന്‍ സെല്‍വന്‍റെ' ആദ്യ ഭാഗ്യം എടുത്തത്. എ ആർ റഹ്‌മാൻ സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് രവി വർമനാണ്.
ദേശീയ അവാർഡ് ജേതാവായ കലാസംവിധായകൻ തോട്ട തരണി പ്രൊഡക്ഷൻ ഡിസൈനിങ്ങും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കുന്നു. സിനിമയുടെ ലിറിക്കല്‍ വീഡിയോ ഗാനമായ 'ചോള ചോള' എന്ന പാട്ടിന് സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
ഇളങ്കോ കൃഷ്‌ണന്‍റെ വരികള്‍ക്ക് നകുല്‍ അഭയാങ്കര്‍ സംഗീതം നല്‍കിയിരിക്കുന്നു. സത്യ പ്രകാശ്, വി.എം മഹാലിംഗം, നകുല്‍ അഭയാങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.